മുംബൈ : ബലാത്സംഗം കൊലപാതകത്തേക്കാള്‍ ഗൗരവകരമായ കുറ്റമാണെന്ന് ബോംബെ ഹൈക്കോടതിയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍. സംഭവത്തിന് ശേഷവും ഇരയുടെ യാതന തുടരുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാരിന്റെ പ്രസ്താവന. കുറ്റകൃത്യത്തിന് ശേഷം ഇരയ്ക്ക് ജീവനുണ്ടായിരിക്കാമെങ്കിലും അതുണ്ടാക്കുന്ന കോട്ടം വലുതാണെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ എജി അശുതോഷ് കുംഭകോണി പറഞ്ഞു.
കുപ്രസിദ്ധമായ ശക്തി മില്‍ കൂട്ട ബലാത്സംഗക്കേസ് പരിഗണിക്കവെയാണ് സര്‍ക്കാര്‍ ബലാത്സംഗത്തിന് ഇരകളാകുന്നവരുടെ ഭീതിദമായ അവസ്ഥ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. അതേസമയം കേസിലെ പ്രതികള്‍ക്കായി ഹാജരായ അഭിഭാഷകന്‍ ബലാത്സംഗകുറ്റത്തിന് വധശിക്ഷ നല്‍കുന്നത് ശരിയല്ലെന്നും കൊലപാതകത്തിനുള്ള പരമാവധി ശിക്ഷയാണ് അതെന്നും വാദിച്ചു. ബലാത്സംഗം നരഹത്യക്ക് തുല്യമായ കുറ്റമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ഇത്തരത്തിലുള്ള വാദം അനുവദിക്കരുതെന്നും രണ്ട് കുറ്റങ്ങള്‍ തമ്മില്‍ ഒരിക്കലും താരതമ്യപ്പെടുത്താന്‍ സാധ്യമല്ലെന്നും കുംഭകോണി ചൂണ്ടിക്കാട്ടി.
കെഇഎം ആശുപത്രിയില്‍ ബലാത്സംഗത്തിന് ഇരയായി ചേതനയറ്റ് 40 വര്‍ഷം അബോധാവസ്ഥയില്‍ കഴിയേണ്ടി വന്ന നഴ്‌സ് അരുണ ഷാന്‍ബാഗിന്റെ അവസ്ഥ ഓര്‍മ്മിപ്പിച്ചായിരുന്നു എജിയുടെ വാദം. ബലാത്സംഗം ശാരീരികമായ ഒരു ആക്രമണം മാത്രമല്ലെന്നും അത് ജീവിതകാലം മുഴുവന്‍ മുറിപ്പെടുത്തുന്നതും ഇരയുടെ വ്യക്തിത്വത്തെ ബാധിക്കുന്നതുമാണെന്നും എജി വാദിച്ചു. ചില കേസുകളില്‍ പീഡനത്തിന് ഇരയാകുന്നവര്‍ ആത്മഹത്യ ചെയ്യുന്ന സംഭവവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 2014 ഏപ്രിലിലായിരുന്നു ജോലിയുടെ ഭാഗമായി ശക്തി മില്ലിന്റെ കോംപൗണ്ടില്‍ പ്രവേശിച്ച ഫോട്ടോ ജേണലിസ്റ്റിനെ അഞ്ച് പേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തിയത്.
Post Your Comments