Latest NewsInternational

രണ്ടാം യു.എസ്.-ഉത്തരകൊറിയ ഉച്ചകോടി : കിം ജോങ് ഉന്നിന്റെ യാത്ര ട്രെയിനില്‍

ഹാനോയ്: ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വിയറ്റ്‌നാമില്‍ നടക്കുന്ന രണ്ടാമത് യു.എസ്.-ഉത്തരകൊറിയ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഉത്തരകൊറിയന്‍ ഭരണത്തലവന്‍ കിം ജോങ് ഉന്‍ യാത്ര തിരിച്ചു. ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്‌യാങ്ങില്‍നിന്ന് ശനിയാഴ്ച വൈകീട്ട് 5.30-ന് കിം തീവണ്ടിയില്‍ യാത്ര പുറപ്പെട്ടതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ്സ് ആണ് റിപ്പോര്‍ട്ടുചെയ്തത്. എന്നാല്‍, യാത്രയെക്കുറിച്ചോ ഉച്ചകോടിയെക്കുറിച്ചോ ഉത്തരകൊറിയ ഇതുവരെ ഔദ്യോഗികപ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. അതേസമയം, കിം ജോങ് ഉന്‍ വരുംദിവസങ്ങളില്‍ വിയറ്റ്‌നാം സന്ദര്‍ശിക്കുമെന്ന് വിദേശകാര്യമന്ത്രാലയം ഫെയ്‌സ്ബുക്ക് പേജില്‍ അറിയിച്ചിട്ടുണ്ട്.

പ്യോയാങ്ങില്‍നിന്ന് ചൈന-വിയറ്റ്‌നാം അതിര്‍ത്തിയായ ദോങ് ദാങ് വരെ തീവണ്ടിയില്‍ സഞ്ചരിക്കുന്ന കിം, പിന്നീടുള്ള 170 കിലോമീറ്റര്‍ കാറിലാണ് യാത്രതുടരുക. രണ്ടരദിവസത്തെ യാത്രയ്ക്കുശേഷമാണ് കിം ഉച്ചകോടി വേദിയിലെത്തുക.

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കിം ജോങ് ഉന്നും ജൂണില്‍ സിങ്കപ്പൂരില്‍ നടത്തിയ ആദ്യ ഉച്ചകോടിയെ ചരിത്രപരം എന്നാണ് വിലയിരുത്തിയിരുന്നത്. കൊറിയന്‍ ഉപദ്വീപിനെ ആണവവിമുക്തമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്ന് ഉച്ചകോടിയില്‍ കിം ഉറപ്പുനല്‍കിയിരുന്നു. പകരം, ഉത്തരകൊറിയയ്‌ക്കെതിരേ പ്രഖ്യാപിച്ച ഉപരോധം പിന്‍വലിക്കണമെന്നായിരുന്നു കിമ്മിന്റെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button