ടെഹ്‌റാന്‍ : നാവിക അഭ്യാസങ്ങള്‍ക്ക് തുടക്കമിട്ട് ഇറാന്‍. ഒമാന്‍ കടലിലാണ് നാവികാഭ്യാസങ്ങള്‍ക്ക് ഇറാന്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഈ പ്രദേശത്ത് അമേരിക്കയുമായി അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് വലിയ നാവിക അഭ്യാസങ്ങളുമായി ഇറാന്‍ രംഗത്തെത്തുന്നത്. അഭ്യാസപ്രകടനങ്ങള്‍ ഒരാഴ്ച നീണ്ടു നില്‍ക്കും.
മുങ്ങികപ്പലില്‍ നിന്ന് മിസൈല്‍ വിക്ഷേപിക്കുന്നതുള്‍പ്പെടെയുള്ള നൂതനമായ അഭ്യാസങ്ങളാണ് ഇറാന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇറാന്‍ സൈനിക ശക്തി വിളിച്ചോതുന്നതാണ് നാവിക അഭ്യാസങ്ങള്‍. ഈ ആഴ്ച ആദ്യമാണ് ക്രൂയിസ് മിസൈലുകളെ വിക്ഷേപിക്കാന്‍ കഴിയുന്ന മുങ്ങിക്കപ്പല്‍ ഫാതെയുടെ ഉദ്ഘാടനം പ്രസിഡന്റ് ഹസന്‍ റുഹാനി നിര്‍വഹിച്ചത്.
അത്യാധുനിക ഫയറിങ് സംവിധാനമുള്ള ഫാതെക്ക് അഞ്ചാഴ്ചയോളം വെള്ളത്തിനടിയില്‍ തുടരാനാവുമെന്നാണ് ഇറാന്റെ നാവിക വിഭാഗം അവകാശപ്പെടുന്നത്. ഇറാന്റെ നാവിക പരീക്ഷണങ്ങളില്‍ അമേരിക്കയും സഖ്യത്തിലെ ഗള്‍ഫ് രാജ്യങ്ങളും ആശങ്ക രേഖപ്പെടുത്തി. എന്നാല്‍ സൈന്യം പ്രതിരോധ ആവശ്യത്തിന് വേണ്ടി മാത്രമാണെന്നാണ് ഇറാന്‍ നല്‍കുന്ന വിശദീകരണം.
ബാഹ്യ ആക്രമണങ്ങളെ എങ്ങനെ നേരിടാമെന്നും അഭ്യാസപ്രകടനത്തില്‍ വിശദീകരിക്കും. ഉപകരണങ്ങള്‍ പരിശോധിക്കുക, ഒപ്പം നാവിക സേന എത്രത്തോളം തയ്യാറാണെന്ന് വിലയിരുത്തുക എന്നിവയും ഈ പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നു.
Post Your Comments