മുംബൈ : കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നു മഹാരാഷ്ട്ര സര്‍ക്കാര്‍ എഴുതി നല്‍കിയതോടെ, അഖിലേന്ത്യ കിസാന്‍ സഭയുടെ രണ്ടാം ലോങ് മാര്‍ച്ച് ആദ്യം ദിവസം തന്നെ പിന്‍വലിച്ചു. മാര്‍ച്ചിന് അനുമതി നിഷേധിച്ചതു വകവയ്ക്കാതെ നാസിക്കില്‍ നിന്നു യാത്ര തുടങ്ങിയ കര്‍ഷക സംഘം 15 കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണു സര്‍ക്കാര്‍ ഇടപെടല്‍.
അനുനയവുമായി എത്തിയ മന്ത്രി ഗിരീഷ് മഹാജന്‍ നേതാക്കളുമായി നടത്തിയ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ രാത്രി 11.30നാണു സമരം നിര്‍ത്തിയത്.
ബുധനാഴ്ച തുടങ്ങേണ്ടിയിരുന്ന മാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് ഇന്നലത്തേക്കു മാറ്റിയത്. വാഗ്ദാനങ്ങള്‍ കേട്ടു മടുത്തെന്നും ആവശ്യങ്ങള്‍ അംഗീകരിച്ച് രേഖാമൂലം ഉറപ്പു നല്‍കിയാല്‍ മാത്രമേ പിന്‍വാങ്ങുകയുള്ളൂവെന്നും കിസാന്‍ സഭ അറിയിച്ചതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി.
കര്‍ഷകരെ കൂട്ടമായി കസ്റ്റഡിയിലെടുത്തും മാര്‍ച്ചിന് അനുമതി നിഷേധിച്ചും പൊലീസിനെ രംഗത്തിറക്കിയെങ്കിലും കൂസാതെ കര്‍ഷകര്‍ മുന്നോട്ടു പോയതോടെയാണ് അനുനയ പാത സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലുള്ള കര്‍ഷക സമരം ഒഴിവാക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ വിജയിക്കുകയും ചെയ്തു.
കടം എഴുതിത്തള്ളുന്നതുള്‍പ്പെടെ എല്ലാ ആവശ്യങ്ങളും പരിഗണിക്കാമെന്നു കഴിഞ്ഞ വര്‍ഷം ലോങ്മാര്‍ച്ചിനിടെ സര്‍ക്കാര്‍ അറിയിച്ചെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണു വീണ്ടും സമരവുമായി കര്‍ഷകര്‍ രംഗത്തെത്തിയത്.
Post Your Comments