മറയൂര്‍: വട്ടവട കാന്തല്ലൂര്‍ മേഖലയില്‍ വിളയുന്ന ഔഷധഗുണമേന്മയുള്ള വെളുത്തുള്ളിയുടെ പെരുമ കാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. വിപണിയില്‍ ഉപഭോക്താക്കള്‍ക്ക് വട്ടവട വെളുത്തുള്ളി ലഭ്യമാക്കി ഭൗമസൂചിക പദവി നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ അഞ്ചുലക്ഷം രൂപയാണ് അനുവദിച്ചത്.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍കൊണ്ട് വട്ടവട, കാന്തല്ലൂര്‍, മൂന്നാര്‍, ചിന്നക്കനാല്‍ എന്നിവടങ്ങളില്‍ വിളയുന്ന വെളുത്തുള്ളിക്ക് തൈലത്തിന്റെ അളവിലും ഗന്ധത്തിലും മറ്റു പ്രദേശങ്ങളില്‍ വിളയുന്നതിനേക്കാള്‍ ഗുണമേന്മയേറിയതാണ്. അന്താരാഷ്ട്ര വിപണിയില്‍പോലും സവിശേഷമായ സ്ഥാനമാണിതിനുള്ളത്.
ഭൂമിയുടെ ഘടനയുടെയും മറയൂര്‍ മലനിരകളിലെ മാത്രം പ്രത്യേകതയായ നൂല്‍ മഴയിലും വിളയുന്ന വെളുത്തുള്ളിക്കുള്ള പ്രത്യേകതകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം കാന്തല്ലൂരില്‍ ശില്‍പ്പശാല നടത്തിയിരുന്നു. കേരള കാര്‍ഷിക സര്‍വകലാശാല നടത്തിയ പഠനങ്ങളില്‍ 400 വര്‍ഷത്തിലധികമായി കാന്തല്ലൂര്‍, വട്ടവട മേഖലകളില്‍ വെളുത്തുള്ളി കൃഷി നടന്നുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അഞ്ചുനാടന്‍ ഗ്രാമങ്ങളില്‍ വെളുത്തുള്ളിയില്‍നിന്നും ഔഷധ നിര്‍മാണം നടന്നിരുന്നതിനും വ്യക്തമായ രേഖകളുമുണ്ട്. വെളുത്തുള്ളി കര്‍ഷകര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വിലയും മറ്റും ലഭിക്കുന്നതിനായി ജിയോഗ്രഫിക്കല്‍ ഇന്റിക്കേഷന്‍ പേന്റന്റിന്റെ ശ്രമം ആരംഭിച്ചത്. മറയൂര്‍ മലനിരകളില്‍ വിളയുന്ന മറയൂര്‍ ശര്‍ക്കരയുടെ ജിഐ പേന്റന്റ് നടപടികള്‍ അന്തിമഘട്ടത്തിലാണ്. ശര്‍ക്കരയ്ക്ക് പുറമേ വെളുത്തുള്ളിയുടെയും പേന്റന്റ് നടപടി ആരംഭിച്ചതിന്റെ സന്തോഷത്തിലാണ് കര്‍ഷകര്‍.
Post Your Comments