അബുദാബി: കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സി.ആര്‍.പി.എഫ്. ജവാന്മാര്‍ക്ക് ആദരവര്‍പ്പിച്ച് യു.എ.ഇ.യിലെ ഇന്ത്യന്‍ പ്രവാസികള്‍. അബുദാബി ഇന്ത്യന്‍ എംബസിയിലും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലുംനടന്ന ചടങ്ങില്‍ നൂറുകണക്കിനാളുകള്‍ ജവാന്മാരുടെ ഓര്‍മയില്‍ മെഴുകുതിരികള്‍ തെളിയിച്ചു.
രാജ്യം മുഴുവനും ഒറ്റ മനസ്സോടെ സര്‍ക്കാരിനും സുരക്ഷാസേനയ്ക്കും പിറകില്‍ അണിനിരന്നിരിക്കുകയാണെന്ന് യു.എ.ഇ. ഇന്ത്യന്‍സ്ഥാനപതി നവദീപ് സിങ് സൂരി പറഞ്ഞു. യു.എ.ഇ. അടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സമയത്ത് പ്രത്യേക ലക്ഷ്യത്തോടെ വാട്ട്‌സാപ്പ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന തെറ്റായ കാര്യങ്ങളെക്കുറിച്ച് നാം ബോധവാന്മാരായിരിക്കുകയും വേണം. ജനതയെ തമ്മിലടിപ്പിക്കുന്ന പ്രചാരണങ്ങളില്‍നിന്ന് ആളുകള്‍ വിട്ടുനില്‍ക്കണമെന്നും സൂരി ആവശ്യപ്പെട്ടു.
ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍നടന്ന ചടങ്ങില്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ അധ്യക്ഷത വഹിച്ചു. നൂറുകണക്കിന് ആളുകള്‍ മൗനപ്രാര്‍ഥനയില്‍ പങ്കെടുത്തു. കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തില്‍ ജവാന്മാരുടെ ചിത്രത്തിന് മുന്നില്‍ മെഴുകുതിരികള്‍ തെളിയിക്കുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.
യു.എ.ഇ.യിലെ ഇന്ത്യന്‍സമൂഹം കടുത്ത വേദനയോടെയാണ് ഭീകരാക്രമണത്തെ നോക്കിക്കാണുന്നതെന്ന് വിപുല്‍ പറഞ്ഞു. നിരവധി ആളുകളാണ് കോണ്‍സുലേറ്റില്‍ വിളിക്കുകയും രക്തസാക്ഷികളുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നതായി അറിയിക്കുകയും ചെയ്തിട്ടുള്ളത്. ഈയവസരത്തില്‍ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി തീവ്രവാദത്തെ ഭൂമുഖത്തുനിന്ന് എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്നാണ് പ്രത്യാശിക്കുന്നതെന്നും വിപുല്‍ പറഞ്ഞു.
Post Your Comments