ഒരു വാതില്‍ മുട്ടിയിട്ട് തുറന്നില്ല എങ്കില്‍ നിങ്ങള്‍ സ്വയം ഒരു വാതില്‍ പണിയുക. അവസരമില്ലെന്നു പറഞ്ഞു മാറിനില്‍ക്കുന്നവര്‍ക്കുള്ള ഉത്തരമാണിത്. ഇത് തന്നെയാണ് ജോഗേശ്വരിയില്‍ നിന്നുള്ള 26 കാരിയായ റോഷന്‍ ജഹാന്‍ ചെയ്തത്.
ഇരു കാലുകളും നഷ്ടപ്പെട്ടിട്ടും പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം അവളുടെ പേരിനൊപ്പം ചേരുന്നത് ഡോക്ടര്‍ പദവിയാണ്. പരേലിലെ കെ ഇ എം ആശുപത്രിയില്‍ ഗോകടറായി ജോലി നോക്കുന്ന ജഹാന്‍ ഒരു പച്ചക്കറി വില്പനക്കാരന്റെ മകളാണ്. 11 ആം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ട്രെയിനില്‍ നിന്നും വീണ് റോഷന്റെ ഇരുകാലുകളും മുറിച്ചുമാറ്റപ്പെട്ടതു. തളര്‍ന്നിരിക്കാന്‍ അവള്‍ ഒരുക്കമായിരുന്നില്ല. ഒരുവര്‍ഷത്തിനു ശേഷം വീല്‍ ചെയറില്‍ എത്തി മെഡിക്കല്‍ പരീക്ഷയെഴുതി പാസ്സായി .
എന്നാല്‍ യഥാര്‍ത്ഥ പോരാട്ടം തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. ഭിന്നശേഷി പറഞ്ഞു നഷ്ടപ്പെടേണ്ട സീറ്റ് കോടതി വിധിയിലൂടെയാണ് റോഷന്‍ സ്വന്തമാക്കിയത്. കിരിത് സോമയ്യ എം പി യുടെ സഹായത്തോടെ തന്റെ ഉന്നത പഠനത്തിനുള്ള അവസരവും റോഷന്‍ ഉറപ്പാക്കി. 70 ശതമാനത്തിനു മുകളില്‍ അംഗവൈകല്യം ഉള്ളവരുടെ അപേക്ഷ നിരസിക്കുന്ന നിയമം റോഷന്‍ മാറ്റിയെഴുതിച്ചു. തന്നെപോലെ സാധാരണ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പ്രചോദനമാകുവാനാണ് റോഷന്‍ ആഗ്രഹിക്കുന്നത്.
അടുത്ത ലക്ഷ്യം ഐ എ എസ് ആണ്. മറ്റുള്ളവരുടെ കണ്ണുകളിലെ 90 ശതമാനം പോരായ്മകള്‍ക്കിടയിലും ഈ പെണ്‍കുട്ടിയുടെ വാക്കുകളില്‍ 100 ശതമാനം ആത്മവിശ്വാസമുണ്ട്. റോഷന്‍ ജഹാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു, നിങ്ങളുടെ സേവനം ലഭിച്ചില്ലെങ്കില്‍ നഷ്ടം സമൂഹത്തിനാണ്.
Post Your Comments