ArticleLatest News

ഉടനെത്തും ആര്‍ത്തവ ഇമോജി: ഇത് എഴുത്തും വായനയും അപ്രസക്തമാകുന്ന ഇമോജി യുഗം

ശാന്തി എസ് കൃഷ്ണ

ആര്‍ത്തവം അശുദ്ധമല്ലെന്നും അതൊരു ശാരീരിക പ്രക്രിയ മാത്രമായി അംഗീകരിക്കപ്പെടണമെന്നും ആവശ്യമുയരുന്നതിനിടയ്ക്ക് ദാ എത്തുന്നു ആര്‍ത്തവ ഇമോജികള്‍. മനുഷ്യന്‍ എത്ര സാമൂഹിക ജീവിയായാലും സ്വകാര്യമായി കാക്കേണ്ട ചിലവയില്ലോ എന്നൊക്കെ ചര്‍ച്ച നടക്കുന്നതിനിടെയാണ് ആര്‍ത്തവ ഇമോജികള്‍ എത്തുന്നത്. സ്മാര്‍ട്ട് ഫോണ്‍ വ്യക്തിജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്കിടയില്‍ നിന്നാണ് ആര്‍ത്തവ ഇമോജികള്‍ വായിക്കപ്പെടേണ്ടത്. അടുത്തമാസം മുതല്‍ ഇമോജികള്‍ക്കിടയില്‍ ആര്‍ത്തവ ഇമോജികളും പ്രത്യക്ഷപ്പെടും. യുകെ ആസ്ഥാനമാക്കിയുള്ള പ്ലാന്‍ ഇന്റര്‍നാഷണല്‍ എന്ന ഏജന്‍സിയുടെ ക്യാംപെയിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു ആര്‍ത്തവ ഇമോജി സ്മാര്‍ട്ട്‌ഫോണുകളില്‍ വരുന്നത്.

2017 മുതല്‍ ആര്‍ത്തവ ഇമോജികള്‍ യുണികോഡില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളിലായിരുന്നു യു കെ പ്ലാന്‍ ഇന്റര്‍നാഷണല്‍ . പല ഡിസൈനുകളും തള്ളിക്കളഞ്ഞിട്ടും, പലയിടത്തുനിന്നും ആക്ഷേപങ്ങള്‍ വന്നിട്ടും തളരാതെ ഒടുവില്‍ അവര്‍ തങ്ങളുടെ ലക്ഷ്യത്തില്‍ എത്തുക തന്നെ ചെയ്തു. ആര്‍ത്തവ രക്തം പറ്റിയ ഒരു അടിവസ്ത്രം, ആര്‍ത്തവം സൂചിപ്പിക്കുന്ന ഒരു കലണ്ടര്‍ താള്, പുഞ്ചിരിക്കുന്ന ഒരു രക്തത്തുള്ളി, ഗര്‍ഭപാത്രം മുതലായവയുടെയൊക്കെ മാതൃകയിലാണ് ഇമോജികള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇമോജികള്‍ക്ക് തള്ളിക്കളയാനാകാത്ത സ്ഥാനമാണ് ഡിജിറ്റല്‍ ലോകം നല്‍കുന്നത്. സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും അയക്കുന്ന സന്ദേശങ്ങള്‍ക്കൊപ്പമുള്ള ഇമോജികള്‍ വേറും തമാശക്കാരാണെന്ന് കരുതരുതെന്നാണ് അടുത്തിടെയുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നതും. വ്യത്യസ്ത ഭാവങ്ങളിലുള്ള ഈ മുഖങ്ങള്‍ നാം അയക്കുന്ന ടെകസ്റ്റ് മെസേജിന്റെ വ്യാഖ്യാനം തന്നെ മാറ്റിക്കളയുമെന്നാണ് ചില പഠന സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നത്.

മിക്കവരും ഓണ്‍ലൈനില്‍ ഇമോജികളെ ഉപയോഗിച്ചാണ് സന്ദേശങ്ങളയക്കുന്നത്. ഇമോജികളെ മറ്റൊരു തരത്തില്‍ ഒരു ബഹുസ്വര ആശയവിനിമയമായി കണക്കാക്കാം, പദങ്ങളും ആംഗ്യങ്ങളും അല്ലെങ്കില്‍ പദങ്ങളും മുഖഭാവങ്ങളും ഇവിടെ ഉള്‍പ്പെടുന്നതുകൊണ്ടാണിതെന്നും ഗവേകര്‍ പറയുന്നു. ടൈപ്പ് ചെയ്ത് സമയം കളയാനിപ്പോള്‍ ആര്‍ക്കും ഇഷ്ടമില്ല, എല്ലാവര്‍ക്കും എളുപ്പം ഇമോജികള്‍ അയക്കുന്നതാണ്. അതുകൊണ്ടുതന്നെ ഓട്ടോറിക്ഷയും ഹിന്ദുക്ഷേത്രവുമടക്കം 230ഓളം പുതിയ ഇമോജികളാണ് ഇമോജി ലോകത്തേക്ക് യൂണീകോഡ് കണ്‍സോര്‍ഷ്യം കൂട്ടിചേര്‍ത്തിരിക്കുന്നത്. 2014ന് ശേഷം ഉണ്ടായിട്ടുള്ള ഏറ്റവും വലിയ അപ്ഡേഷനുകളില്‍ ഒന്നാണ് ഈ വര്‍ഷം നടന്നിരിക്കുന്നത്. ഇമോജികള്‍ക്ക് രൂപം നല്‍കുകയും, അംഗീകാരം നല്‍കുകയും ചെയ്യുന്ന 501ല്‍പ്പരം സംഘങ്ങളുടെ കൂട്ടായ്മയായ യൂണികോഡ് കണ്‍സോര്‍ഷ്യം ആണ് പുതിയ ഇമോജികള്‍ അവതരിപ്പിച്ചത്.

Menstrual Emoji

ഇങ്ങനെ ഇമോജി വിശേഷം പുരോഗമിക്കുന്നതിനിടെയാണ് ആര്‍ത്തവ ഇമോജികളും ആവിഷ്‌കരിക്കപ്പെടുന്നത്. പക്ഷേ ആദ്യം ചൂണ്ടിക്കാണിച്ച സംശയത്തിലേക്ക് തന്നെ വീണ്ടും പോകാം. തിരക്കേറിയ ജീവിതപ്പാച്ചിലിനിടയില്‍ പരസ്പരം സംസാരിക്കാന്‍ സമയമില്ലാതെ സിംബോളിക് ചിത്രങ്ങളിലൂടെ ആശയവിനിമയം നടത്തുന്നത്. ആ ആശയവിനിമയങ്ങള്‍ക്കിടെ ഒരു സ്ത്രീ താന്‍ ആര്‍ച്ചവചക്രത്തിലാണെന്ന് എത്ര പേരോട് പറയാന്‍ ആഗ്രഹിക്കുന്നുണ്ട് എന്നതു കൂടി കണക്കിലെടുക്കണം. ഏറ്റവും അടുത്ത സുഹൃത്തുക്കളോടോ അല്ലെങ്കില്‍ കുടുംബാംഗങ്ങളോടോ മാത്രമാകാം ഇത്തരത്തിലൊരു ആശയവിനിമയം നടത്തേണ്ടി വരിക. അവരെ ഇക്കാര്യം അറിയാക്കാനായി ആര്‍ത്തവ ഇമോജികള്‍ ഉപയോഗിക്കേണ്ട ആവശ്യമുണ്ടോ. അത്രയും അടുപ്പമുള്ളവരോട് തുറന്നു പറയാനുള്ളതേയുള്ളു ഇക്കാര്യം.

ആര്‍ത്തവത്തെക്കുറിച്ചുള്ള തുറന്നു ചര്‍ച്ചകളും വെളിപ്പെടുത്തലുകളും ആരോഗ്യകരമായി വളരെ ഗുണം ചെയ്യുന്നുണ്ട് എന്നത് നിഷേധിക്കാനാകില്ല. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് പലപ്പോഴും ശാരിരിക അവശതകള്‍ കാരണം പാതി ജോലിക്കിടയില്‍ ഓഫീസ് വിട്ടിറങ്ങേണ്ടി വരാറുണ്ട്. സുഖമില്ലായ്മയുടെ കാരണം ആര്‍ത്തവമാണെന്ന് പക്ഷേ തുറന്നു പറയാന്‍ ഇപ്പോഴും അവര്‍ക്ക് മടി തന്നെയാണ്. ഡ്യൂട്ടിയിലുള്ള ബോസ് വനിതയാണെങ്കില്‍ മാത്രമേ ആര്‍ത്തവവാവസ്ഥ വിവരിക്കാനാകൂ. അല്ലെങ്കില്‍ തലവേദന, വയറുവേദന എന്നിങ്ങനെ സ്ഥിരം കാരണങ്ങളുമായി വേണം ഓഫീസ് വിട്ടിറങ്ങുന്നതും ലീവ് ചോദിക്കുന്നതും. ആ അവസ്ഥയില്‍ മാറ്റമുണ്ടാക്കാന്‍ നമ്മുടെ ആര്‍ത്തവ ഇമോജികള്‍ക്ക് കഴിയും. ഒരു ഇമോജിയില്‍ ചോദ്യം ചെയ്യപ്പെടാത്തവിധം കാരണം വ്യക്തമാക്കി ഓഫീസില്‍ നിന്നിറങ്ങാനാകുമെന്ന് ചുരുക്കം.

എന്തായാലും ഇമോജികള്‍ നമ്മുടെ ജീവിതം കീഴടക്കുകയാണ്. തുറന്നു പറയേണ്ടതും അല്ലാത്തതുമായ കാര്യങ്ങളെല്ലാം പ്രതീകാത്മകമായ ഒരു ചിത്രത്തിലൂടെ വ്യക്തമാക്കപ്പെടുന്നു. ആര്‍ത്തവ ഇമോജികള്‍ പോലെ കൂടുതല്‍ സ്ത്രീ പ്രാതിനിധ്യമുള്ള ഇമോജികളാണ് പുതിയതായി വരുന്നത്. ഭിന്ന ശേഷിക്കാരെ പരിഗണിച്ചുള്ളതും, ലിംഗ വൈവിധ്യങ്ങളെ ഉള്‍പ്പെടുത്തിയുള്ളതുമായ ഇമോജികളുമുണ്ട്. ഭാഷയ്ക്ക് പ്രസക്തിയില്ലാതെ ഏത് ഭാഷ സംസാരിക്കുന്നവനോടും തുറന്നു സംവദിക്കാനുള്ള ഉപാധിയായിപ്പോലും ഇമോജികള്‍ മാറിയിരിക്കുന്നു. എല്ലാ തരം ഭാഷാ വൈവിധ്യങ്ങളെയും അംഗീകരിക്കുന്നതിന്റെ ഭാഗമായി സഹകരിക്കുന്ന സംഘങ്ങളുടെ കൂട്ടായ്മയാണ് ഇമോജികള്‍ക്ക് പിന്നിലുള്ള യൂണികോഡ് കണ്‍സോര്‍ഷ്യം.

ശിലായുഗം മുതല്‍ ആരംഭിച്ച ആശയവിനിമയോപാധി ഇപ്പോഴും തുടരുന്നതിന്റെ പ്രത്യക്ഷ സൂചകമാണ് ഇമോജികള്‍. വ്യാഖ്യാനമോ പരിഹാസമോ ലിഖിത ഭാഷയില്‍ ഉപയോഗിക്കുന്നതുപോലെ തന്നെയാണ് ഇമോജികളും സന്ദേശങ്ങളില്‍പ്പെടുന്നത്. ചിലപ്പോള്‍ ഇമോജികള്‍ ഭാഷാപരമായ അര്‍ത്ഥത്തോട് തികച്ചും പൊരുത്തപ്പെടുന്നതാണ്. മറ്റ് ചിലപ്പോള്‍ അത് വ്യാഖ്യാനപരമായിമാറും. ഇമോജികളും വാക്കുകളുമാണെങ്കില്‍ അവ ആശയത്തിന്റെ അര്‍ത്ഥസാധ്യത വര്‍ദ്ധിപ്പിക്കും. വാക്കോ ഇമോജിയോ സ്വയം നില്‍ക്കന്നതിനപ്പുറം അവ രണ്ടും ഒന്നിച്ചുനിന്നാല്‍ വലിയ തരത്തിലുള്ള ആശയവിനിമയാണ് നടക്കുന്നത്. എന്തായാലും പുതിയ തരത്തിലുള്ള ആശയവിനിമയോപാധികളെ മസ്തിഷ്‌കവും സ്വീകരിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് പുതിയതായി ആവിഷ്‌കരിക്കപ്പെടുന്ന ഇമോജികള്‍.

shortlink

Post Your Comments


Back to top button