KeralaLatest News

കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നിശ്ചയിച്ചാണ് സംസ്ഥാന ബജറ്റ് തയ്യാറാക്കിയത് -എ.കെ ബാലന്‍

പാലക്കാട് : പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നിശ്ചയിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചതെന്ന് മന്ത്രി എ കെ ബാലന്‍. വരും വര്‍ഷത്തെ വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ബദല്‍ നയങ്ങള്‍ രൂപീകരിച്ചുള്ള സമഗ്രമായ ഒന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങളെ മുന്‍ഗണനാക്രമത്തില്‍ പരിശോധിച്ച് പരിഗണിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്.

വ്യാവസായിക മേഖലയിലേക്ക് നിരവധി അന്താരാഷ്ട്ര കമ്പനികള്‍ കടന്നുവന്നിട്ടുണ്ട്. ഇത് ഭാവിയില്‍ സംസ്ഥാനത്തിന്റെ ഗ്രാഫുയര്‍ത്തും. ഐടി, ടൂറിസം മേഖലയിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. എന്നാല്‍ അതോടൊപ്പം പരമ്പരാഗത മേഖലയെയും സംരക്ഷിക്കും. സാമൂഹ്യസുരക്ഷാ പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. റീബില്‍ഡ് കേരളയ്ക്കായി എല്ലാ ഏജന്‍സികളെയും ഉപയോഗിക്കും.

കേരളാബാങ്ക് യാഥാര്‍ഥ്യമാവുന്നതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തിനു മുതല്‍ക്കൂട്ടാകും. വര്‍ഷാവര്‍ഷം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പ്രോഗ്രസ് റിപ്പോര്‍ട്ട് ഇറക്കാറുണ്ട്. ഇഴകീറിയുള്ള വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഓരോ റിപ്പോര്‍ട്ടും പുറത്തിറങ്ങുന്നത്. ഇത്തവണത്തെ റിപ്പോര്‍ട്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാമേഖലകളിലും മികവുപുലര്‍ത്തുന്ന കേരളത്തെ തകര്‍ക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൈകടത്തുന്ന പ്രവണത കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്നു. ഇത് ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞിരാമന്‍ മാസ്റ്റര്‍ പഠനകേന്ദ്രം സംഘടിപ്പിച്ച ‘നവകേരള നിര്‍മിതിയും കേരള ബജറ്റും’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

shortlink

Related Articles

Post Your Comments

Related Articles


Back to top button