കണ്ണൂര്‍: തെക്കിബസാര്‍ മക്കാനിയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയതിനെത്തുടര്‍ന്ന് സംഘര്‍ഷം. ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ബസ് ഡിവൈഡറില്‍ ഇടിച്ചുകയറിയ ഉടനെ സ്ഥലത്തെത്തിയ ഒരുസംഘം ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു. മര്‍ദനം തടയാന്‍ ശ്രമിച്ച ബസ്സിലെ യാത്രക്കാരനായ ആലക്കോട് സ്വദേശിയെ ഇവര്‍ കൈയേറ്റം ചെയ്തതായും പരാതിയുണ്ട്. ബസ്സിന്റെ ചില്ല് ഇതിനിടെ ചിലര്‍ എറിഞ്ഞുതകര്‍ത്തു.
കാസര്‍കോട്ടുനിന്ന് കണ്ണൂരിലേക്കുള്ള പയ്യന്നൂര്‍ ഡിപ്പോയുടെ ടൗണ്‍ ടു ടൗണ്‍ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മക്കാനിയിലെ ഡിവൈഡറില്‍ ഇടിച്ചുകയറിയ ബസ് 50 മീറ്ററോളം മുന്നോട്ടുനീങ്ങിയാണ് നിന്നത്. ബസ്സിന്റെ അടിഭാഗം ഡിവൈഡറില്‍ ഉരഞ്ഞ് മുന്നോട്ടെടുക്കാനാകാത്ത നിലയിലായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ഡിപ്പോയില്‍നിന്ന് മെക്കാനിക്കല്‍ ജീവനക്കാരെത്തി. ഏറെനേരം പണിപ്പെട്ട് പത്തരയോടെയാണ് ബസ് ഇവിടെനിന്ന് മാറ്റിയത്.
ഈ ഭാഗത്ത് ഡിവൈഡറില്‍ വാഹനങ്ങള്‍ ഇടിച്ചുകയറി അപകടങ്ങള്‍ പതിവാണ്. ഇവിടെ റോഡിന് വീതിയും കുറവാണ്. റിഫ്‌ലക്ടര്‍ ഘടിപ്പിക്കാത്തതിനാല്‍ രാത്രികാലങ്ങളില്‍ ഡിവൈഡര്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടില്ല. വാഹനങ്ങളുടെ അമിതവേഗവും ഡ്രൈവര്‍മാരുടെ ശ്രദ്ധക്കുറവും അപകടത്തിനിടയാക്കാറുണ്ട്. റിഫ്‌ലക്ടര്‍ ഘടിപ്പിക്കുമെന്ന് ജില്ലാ വികസനസമിതിയിലടക്കം അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍, നടപടി നീളുകയാണ്.
Post Your Comments