ചെന്നൈ: : കോടനാട് എസ്റ്റേറ്റില്‍ സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയത് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് വേണ്ടിയാണെന്ന് വെളിപ്പെടുത്തിയ മലയാളികളായ വി.കെ. സയന്റെയും വാളയാര്‍ മനോജിന്റെയും ജാമ്യം റദ്ദാക്കി. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ളതാണ് എസ്റ്റേറ്റ്.
ചെന്നൈ എഗ്മൂറിലുള്ള മജിസ്ട്രേറ്റ് കോടതി അനുവദിച്ച ജാമ്യം നീലഗിരി ജില്ലാ കോടതിയാണ് റദ്ദാക്കിയത്. വെളിപ്പെടുത്തലിന്റെപേരില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണ് നടപടി. . കോടതിനിര്‍ദേശമുണ്ടായിട്ടും ഹാജരാകാന്‍ തയ്യാറാകാതിരുന്ന സയനും മനോജും ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് നിരീക്ഷിച്ചാണ് ജാമ്യം റദ്ദാക്കിയത്.
ഇവരെ അറസ്റ്റുചെയ്യാന്‍ വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. പളനിസ്വാമിയ്‌ക്കെതിരെയുള്ള വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് ആദ്യം ഇരുവരുടെയും പേരില്‍ കേസെടുത്തത്. ഇവരെ ഡല്‍ഹിയില്‍നിന്ന് അറസ്റ്റ് ചെയ്‌തെങ്കിലും എഗ്മൂര്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.കോടനാട് എസ്റ്റേറ്റില്‍ കൊലപാതകവും കവര്‍ച്ചയും നടത്തിയതിനുപിന്നില്‍ എടപ്പാടിയാണെന്ന് ഈ കേസിലെ പ്രതികളായ സയനും മനോജും വെളിപ്പെടുത്തിയ വീഡിയോ ദൃശ്യങ്ങള്‍ മലയാളിയായ മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവലാണ് ഡല്‍ഹിയില്‍ പുറത്തുവിട്ടത്.
Post Your Comments