
പോത്തൻകോട് : അപ്രതീക്ഷിതമായി കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിന്റെ ബ്രേക്ക് പൊട്ടി. ഡ്രൈവറുടെ മനസ്സാന്നിധ്യത്തിൽ രക്ഷപ്പെട്ടത് നിരവധിപേരാണ്. ബ്രേക്ക് പൊട്ടിയതോടെ ഡ്രൈവർ വശത്തുള്ള തിട്ടപ്പുറത്തേക്ക് ഇടിച്ചുകയറ്റി നിർത്തി ബസിലുണ്ടായിരുന്ന 65 യാത്രക്കാരെയും പരിക്കേൽക്കാതെ രക്ഷപ്പെടുത്തി.
കൊല്ലം പള്ളിക്കൽ ചാലക്കര ഇടയിൽത്തുണ്ടിൽ വീട്ടിൽ എസ് മനോഹരന്റെ മനസ്സാന്നിധ്യമാണ് വൻ ദുരന്തം ഒഴിവാക്കിയത്. ഇന്നലെ രാവിലെ 8.45ഓടെ എംസി റോഡിൽ കന്യാകുളങ്ങര ജംക്ഷനിൽ ഓട്ടോറിക്ഷാ സ്റ്റാൻഡിനു എതിർവശത്തായാണ് സംഭവം. ബസിന്റെ എയർടാങ്കിലേക്കു വരുന്ന പൈപ്പ് പൊട്ടിയതിനെ തുടർന്ന് ബ്രേക്കും കേടാകുകയായിരുന്നു.
പത്തനാപുരത്തു നിന്നും തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന ബസ്സ് വെമ്പായത്തു ആളെയിറക്കി യാത്രതുടരവെ വലിയ ശബ്ദം കേട്ടു. ബസ് നിർത്താൻ ശ്രമിച്ചപ്പോഴാണ് ബ്രേക്ക് നഷ്ടമായ വിവരം മനോഹരൻ അറിഞ്ഞത്. അമിത വേഗതയില്ലാതിരുന്നതിനാൽ ഇടതു വശത്തു കണ്ട തിട്ടമേൽ ഇടിച്ചു കയറ്റുകയായിരുന്നു.
Post Your Comments