കല്‍പ്പറ്റ: അമ്മയെ നോക്കാത്തതിന് മകന് കോടതി ഒരു വര്‍ഷം തടവു ശിക്ഷ വിധിച്ചു. മേപ്പാടി കോട്ടപ്പടി വട്ടപ്പാറ വീട്ടില്‍ പരേതനായ കറുകന്റെ മകന് രാജുവിനാണ് ശിക്ഷ വിധിച്ചത്. മാനന്തവാടി സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കറുകന്റെ ഭാര്യ മാധവിയാണ് മകനെതിരെ പരാതി നല്‍കിയത്.
നേരത്തേ മകന് സ്വത്ത് തട്ടിയെടുത്തെന്നു കാണിച്ച് മാതാവ് മാധവി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മാധവിക്ക് മാസം 1000 രൂപ ജീവനാംശം നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ രാജു പണം നല്‍കിയിരുന്നില്ല. ഇതില്‍ വീഴ്ച വരുത്തിയതിനാണ് രാജുവിന് കോടതി ഇപ്പോള്‍ ഒരു വര്‍ഷം തടവു ശിക്ഷ വിധിച്ചത്.
താനും ഭര്‍ത്താവും ഒരുമിച്ച് സമ്പാദിച്ച വീടും മറ്റു സ്വത്തുക്കളും മകന് രാജു, മരുമകള്‍ ശോഭ, സഹോദരിയുടെ മക്കളായ പ്രസാദ്, രവി എന്നിവര്‍ ചേര്‍ന്ന് തട്ടിയെടുത്ത് വീട്ടില്‍ നിന്നും പുറത്താക്കിയെന്നു കാണിച്ച് 2017ലാണ് മാധവി പരാതി നല്‍കുന്നത്. തുടര്‍ന്ന് മാര്‍ച്ച് 18ന്, ഏപ്രില്‍ 2018 മുതല്‍ പ്രതിമാസം ആയിരം രൂപ വീതം ജീവനാംശം നല്‍കാനും മാതാവിനെ വീട്ടില്‍ താമസിപ്പിക്കാനും കോടതി ഉത്തരവിട്ടു.
മുതിര്‍ന്ന പൗരനമാരുടെയും മാതാപിതാക്കളുടെയും ക്ഷേമത്തിന് വേണ്ടിയുള്ള നിയമപ്രകാരം മാനന്തവാടി സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് എന്‍.എസ്.കെ ഉമേഷ് ആണ് വിധി പ്രഖ്യാപിച്ചത്. എന്നാല്‍ 10 മാസം കഴിഞ്ഞിട്ടും രാജു പണം നല്‍കിയില്ല. ഇതിനെ തുടര്‍ന്നാണ് മാധവി വീണ്ടും പരാതി നല്‍കിയത്.
Post Your Comments