ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ്-സിപിഎം സഖ്യ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാസഖ്യത്തിന് നേതൃത്വം നല്കുന്നവര് കേരളത്തില്‍ പരസ്പരം മിണ്ടില്ല. മഹാസഖ്യത്തിലെ നേതാക്കള്‍ അന്യോന്യം വൈര്യം സൂക്ഷിക്കുന്നവരാണ്. കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും മോദി കടന്നാക്രമിച്ചു. 1959ല്‍ കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ ഇറക്കിയത് കോണ്‍ഗ്രസാണ്. മുന്നൂറ്റി അമ്പത്തിയാറാം വകുപ്പ് കോണ്‍ഗ്രസ് ദുരുപയോഗം ചെയ്തു. വിശാലസഖ്യം അധികാരത്തില്‍ എത്തില്ലെന്നും ലോക്സഭയില്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
രാഷ്ട്രപതിയുടെ പ്രസംഗത്തിലുള്ള നന്ദി പ്രമേയ ചര്‍ച്ചയായിരുന്നു വേദി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ കോണ്‍ഗ്രസാണ് അട്ടിമറിച്ചത്. കള്ളന് കാവല്‍ക്കാരനെ കുറ്റപ്പെടുത്തുകയാണെന്നും മോദി വിമര്‍ശിച്ചു. കോണ്‍ഗ്രസ് സഹായിച്ച കള്ളന്മാരെ നിയമം ഉപയോഗിച്ച് സര്‍ക്കാര്‍ പിടികൂടുകയാണ്. സ്വന്തം സ്വത്ത് വര്‍ധിപ്പിക്കാനാണ് കോണ്‍ഗ്രസ് എന്നും ശ്രമിച്ചതെന്നും പ്രധാനമന്ത്രി ആഞ്ഞടിച്ചു. കോണ്‍ഗ്രസ് 55 വര്‍ഷം രാജ്യം ഭരിച്ചു. താന്‍ ഭരിച്ചത് വെറും 55 മാസം മാത്രമെന്നും മോദി. ഇത്രയും കാലം ഭരിച്ചിട്ടും അവര്‍ പാവപ്പെട്ടവന് വൈദ്യുതി പോലും എത്തിച്ചില്ല. അതിന് താന്‍ വരേണ്ടി വന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബിജെപി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും പ്രസംഗത്തില്‍ മോദി എണ്ണിപ്പറഞ്ഞു. രാജ്യം വിദേശ നിക്ഷേപത്തില്‍ ഒന്നാം സ്ഥാനത്ത് എത്തി. വ്യോമയാന മേഖലയില്‍ രാജ്യം അതിവേഗം വളരുന്നു. രാജ്യം സാമ്പത്തിക രംഗത്ത് ലോകത്ത് പതിനൊന്നാം സ്ഥാനത്തുനിന്ന് ആറിലെത്തി. പതിനൊന്നിലെത്തിയപ്പോള്‍ സന്തോഷിച്ചവര്‍ ഇപ്പോള്‍ ദുഖിക്കുകയാണ്. അഴിമതി വിരുദ്ധ സര്‍ക്കാരിനെ മുന്നോട്ട് നയിക്കാനായി ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റാനായി. ആരോഗ്യകരമായ തെരഞ്ഞെടുപ്പ് ആശംസിക്കുന്നുവെന്നും മോദി പറഞ്ഞു. മോദിയെ വിമര്‍ശിച്ചോളൂ, രാജ്യത്തെ വിമര്‍ശിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments