Kerala

നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണവുമായി ഗുഡ് ഫുഡ് കോണ്‍ക്ലേവ്

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പ് ഫെബ്രുവരി 15 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പ്രഥമ അന്തര്‍ദേശീയ ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി ഫെബ്രുവരി 16 ന് 11 .30 ന് കനകക്കുന്നിന് സമീപമുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനിയേഴ്‌സ് ഹാളില്‍ വച്ച് ഗുഡ് ഫുഡ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. പരമ്പരാഗത വൈദ്യശാസ്ത്രങ്ങളിലെ കാഴ്ചപ്പാടുകളുടെ പിന്‍ബലത്തില്‍ ആരോഗ്യകരമായ ആഹാരത്തിന്റെ ബദല്‍ രൂപപ്പെടുത്തുക എന്നതാണ് ഗുഡ് ഫുഡ് കോണ്‍ക്ലേവ് കൊണ്ടുദ്ദേശിക്കുന്നത്. ചികിത്സകര്‍, കര്‍ഷകര്‍, പാചകം ചെയ്യുന്നവര്‍, കഴിക്കുന്നവര്‍ എന്നിവര്‍ ചേര്‍ന്നാണ് ആഹാര നയം രൂപപ്പെടുത്തേണ്ടത് എന്നതാണ് ഗുഡ് ഫുഡ് കോണ്‍ക്ലേവിന്റെ പ്രഖ്യാപിത ലക്ഷ്യം.

പോഷണ വ്യതിയാനം, അമിതാഹാരം, വികലമായ ആഹാരം എന്നീ സമകാലിക പ്രശ്‌നങ്ങളും അവയ്ക്കുള്ള ആയുഷ് വൈദ്യശാസ്ത്രങ്ങളുടെ പരിഹാര നിര്‍ദ്ദേശങ്ങളും കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യും. ഭക്ഷണത്തിന്റെ ഉല്‍പാദനം, സംസ്‌കരണം, വിപണനം വ്യവസായം എന്നിവയെക്കുറിച്ച് ആധികാരികമായി വിശകലനം ചെയ്യുന്ന വേദി കൂടിയായിരിക്കും കോണ്‍ക്ലേവ്. 16 ന് നടക്കുന്ന നല്ല ഭക്ഷണ കോണ്‍ക്ലേവില്‍ ചികിത്സാരംഗത്തെ പ്രഗത്ഭരും ഭക്ഷ്യ സംസ്‌കരണ രംഗത്തെ പ്രമുഖരും യുവ കര്‍ഷക പ്രതിഭകളും പങ്കെടുക്കും. 15 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ ജവഹര്‍ ബാല ഭവന്‍ പരിസരത്ത് ആയുഷ് കുക്കറി ക്ലാസുകള്‍ പൊതുജനങ്ങള്‍ക്കും സാമൂഹ്യ നീതി വകുപ്പ് കുടുംബശ്രീ ചുമതലക്കാര്‍ക്കായും സംഘടിപ്പിക്കുന്നുണ്ട്. ഭക്ഷണത്തിലൂടെ ആരോഗ്യം എന്നതിനെ ആസ്പദമാക്കിയാണിത് സംഘടിപ്പിച്ചിട്ടുള്ളത്.

ആയുര്‍വേദം, സിദ്ധ, യുനാനി, പ്രകൃതിചികിത്സ, ഹോമിയോപ്പതി എന്നീ ചികിത്സാ മേഖലകളിലെ നല്ല ഭക്ഷണങ്ങളെ ഇതില്‍ പരിചയപ്പെടുത്തുന്നു. രജിസ്‌ട്രേഷന്‍ ചെയ്യുന്നവര്‍ക്ക് നൂറ് പാചക കുറിപ്പുകള്‍ അടങ്ങിയ പുസ്തകം ഇംഗ്ലീഷിലോ മലയാളത്തിലോ ഉള്ളത് ക്ലാസില്‍ പങ്കെടുന്നവര്‍ക്ക് നല്കും. ഫെബ്രുവരി 15 മുതല്‍ 18 വരെ 4 ദിവസം 11.30 മുതല്‍ 5.30 വരെ 4 ക്ലാസുകളാണ് ഉണ്ടായിരിക്കുന്നത്. ഒരു ക്ലാസില്‍ 40 പേര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 9400523425 എന്ന നമ്പരില്‍ മുന്‍കൂട്ടി വാട്ട്‌സ് ആപ്പ് ചെയ്യുകയോ വിളിക്കുകയോ ചെയ്ത് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

shortlink

Post Your Comments


Back to top button