ഡല്‍ഹി: ദീര്‍ഘദൂര ട്രെയിനുകളില്‍ സ്ഥിരമായി യാത്ര നടത്തുന്നവര്‍ക്ക് ഇനി എസി പാന്‍ട്രി കാറും ശുദ്ധമായ ഭക്ഷണവും ലഭിക്കും. യാത്രകളില്‍ വൃത്തിയുള്ള ഭക്ഷണവും, പാചകത്തിന് ഇന്‍ഡക്ഷന്‍ സൗകര്യങ്ങള്‍ ഉള്ള അടുക്കളയും എ. സി പാന്‍ട്രി കാറും ഒരുക്കാനാണ് ഇന്ത്യന്‍ റെയില്‍വേ പദ്ധതിയിടുന്നത്. പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര റെയില്‍വേ ഭരണകൂടം റെയില്‍വേയുടെ യാത്രാ നിലവാരം ഉയര്‍ത്താന്‍ നിരവധി പദ്ധതികള്‍ ഒരുക്കുന്നുണ്ട്. ഈ അടുത്തിടെ ഉത്തര്‍പ്രദേശിലെ റായ്ബറേലി മോഡേണ്‍ കോച്ച് ഫാക്ടറി (എംസിഎഫ്) ആദ്യമായി ഒരു എല്‍ബിസി ഹോട്ട് ബഫറ്റ് പാന്‍ട്രി കാര്‍ കോച്ച് നിര്‍മിച്ചിരുന്നു. എം സി എഫിന്റെ പത്രക്കുറിപ്പു പ്രകാരം പുതുതായി നിര്‍മിച്ച എല്‍ബിസി ഹോട്ട് ബഫറ്റ് പാന്‍ട്രി കാര്‍ കോച്ച്, കച്ചവടക്കാര്‍ക്ക് മെച്ചപ്പെട്ട കാറ്ററിംഗ് സൗകര്യങ്ങള്‍ പ്രദാനം ചെയ്യാന്‍ നിരവധി സവിഷേഷതകളോടെയാണ് നിര്‍മിച്ചിരിക്കുന്നത്.
മാത്രമല്ല എല്‍ബിസി ഹോട്ട് ബഫറ്റ് പാന്‍ട്രി കാര്‍ കോച്ച് പൂര്‍ണമായി എയര്‍കണ്ടീഷന്‍ഡ് ആണ്. പുതിയ കോച്ചില്‍ അഗ്‌നി പരിശോധനയും വൈദ്യുതി നിയന്ത്രണവും പോലെയുള്ള ആധുനിക സൗകര്യങ്ങളും സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും എംസിഎഫ് അധികൃതര്‍ പറഞ്ഞു. കൂടാതെ, പുതിയ പാന്‍ട്രി കാറില്‍ പുകയുടെ ശല്യം ഉണ്ടാകാതിരിക്കാന്‍ ചിമ്മിണിയും ഘടിപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ സ്മാര്‍ട്ട് കൗണ്ടറുകള്‍, കുപ്പിവെള്ളം, ചൂട് വെള്ളം ,പുകയില്ലാത്ത ഉള്ള ഇലക്ട്രിക് പാചകം, റഫ്രിജറേറ്റര്‍, വാട്ടര്‍ പ്യൂരിഫയര്‍, സിങ്ക് എന്നിവയും ഈ എല്‍ബിസി ഹോട്ട് ബഫറ്റ് പാന്‍ട്രി കാര്‍ കോച്ചില്‍ സംവിധാനം ചെയ്തിട്ടുണ്ട്.
വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ ഹോട്ട് കേസുകള്‍, മാനേജര്‍ റൂം, സ്റ്റോര്‍ റൂം എന്നിവയും പാന്‍ട്രിയില്‍ നിര്‍മ്മിച്ചിട്ടുണ്ട്. മേല്‍പറഞ്ഞ സവിശേഷതകളെക്കൂടാതെ, പാന്‍ട്രി കാര്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് 15 ബര്‍ത്തുകളാണ് കോച്ചില്‍ ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം പിയൂഷ് ഗോയല്‍ ഇന്ത്യന്‍ റെയില്‍വേയോട് എയര്‍കണ്ടീഷന്‍ ചെയ്ത പാന്‍ട്രി കാറുകളും ഇന്‍ഡക്ഷന്‍ പാചക സൗകര്യങ്ങളും മികച്ച ശുചിത്വ സവിശേഷതകളും ഒരുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ പുതിയ പാന്‍ട്രി കാറുകളെ എല്‍.എച്ച്.ബി കോച്ച് ട്രെയിനുകളിലേക്ക് ബന്ധിപ്പിക്കാന്‍ ഐആര്‍സിടിസിയോടും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി റെയില്‍വേ മന്ത്രാലയം റെയില്‍വേ നെറ്റ് വര്‍ക്കിലെ മുഴുവന്‍ യാത്രക്കാരും മികച്ച രീതിയില്‍ ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരുകയാണ്.
Post Your Comments