Latest NewsKerala

കേരളത്തിന്റെ ലാപ്‌ടോപ് പദ്ധതി : ലോഗോ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് സർവർ പദ്ധതി കൊക്കോണിക്‌സിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. വ്യവസായ മന്ത്രി ഇ.പി. ജയരാജൻ കൊക്കോണിക്‌സ് നിർമിക്കുന്ന ലാപ്‌ടോപ്പ് മുഖ്യമന്ത്രിക്കു കൈമാറി. കൊക്കോണിക്‌സിന്റെ ആദ്യനിര ലാപ്‌ടോപ്പുകൾ ഫെബ്രുവരി 11-നു ഡൽഹിയിൽ നടക്കുന്ന ഇലക്ട്രോണിക് മാനുഫാക്ചറിങ് സമ്മിറ്റിൽ അവതരിപ്പിക്കും.പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ, ഇലക്ട്രോണിക് ഉത്പാദന രംഗത്തെ ആഗോള കമ്പനിയായ യു.എസ്.ടി ഗ്ലോബലുമായി കൈകോർത്തു കൊണ്ടാണ് കേരളത്തിൽ തന്നെ ഗുണമേൻമയുള്ള ലാപ്‌ടോപ്പുകളും സർവറുകളും ഉത്പാദിപ്പിക്കുന്ന സംരംഭത്തിനു തുടക്കം കുറിക്കുന്നത്.

ഇലക്ട്രോണിക്‌സ് ഉപകരണ ഉൽപാദന രംഗത്ത് പ്രമുഖരായ ഇന്റൽ കമ്പനിയുടെ മാർഗ്ഗനിർദ്ദേശവും സാങ്കേതിക സഹായവും ലഭ്യമാക്കിക്കൊണ്ടാണ് കൊക്കോണിക്‌സ് എന്ന പൊതു-സ്വകാര്യ സംരംഭത്തിന് രൂപം നൽകിയത്. ലാപ്‌ടോപ്പ് സർവർ ഉത്പാദന രംഗത്ത് ഇന്ത്യയിലെ തന്നെ ആദ്യ പൊതു-സ്വകാര്യ സംരംഭമാണ് കൊക്കോണിക്‌സ്. കെൽട്രോൺ, കെഎസ്‌ഐഡിസി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളോടൊപ്പം യു.എസ്.ടി ഗ്ലോബൽ, ആക്‌സിലറോൺ (ഇന്റൽ ഇന്ത്യാ മേക്കർ ലാബ് ആക്‌സിലറേറ്റഡ് സ്റ്റാർട്ട് അപ്) എന്നിവർ കൂടി പങ്കാളികളായുള്ള ഉപകരണോത്പാദന സംവിധാനമാണ് കൊക്കോണിക്‌സിനുള്ളത്. കെൽട്രോണിന്റെ, തിരുവനന്തപുരത്തു മൺവിളയിലുള്ള സ്ഥാപന സൗകര്യങ്ങൾ നവീകരിച്ചു ലഭ്യമാക്കിയ സ്ഥലത്താണ് കമ്പനി പ്രവർത്തനമാരംഭിക്കുന്നത്.

സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് അനുയോജ്യമായ വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഉപകരണ ഘടകങ്ങളുടെയും ഉത്പാദനത്തിനാണ് കൊക്കോണിക്‌സ് പ്രാഥമിക പരിഗണന നൽകുന്നത്. പ്രതിവർഷം രണ്ടരലക്ഷം ലാപ്‌ടോപ്പുകളുടെ ഉത്പാദനത്തിനുള്ള ശേഷിയുമായാണ് കൊക്കോണിക്‌സ് പ്രവർത്തനമാരംഭിച്ചിട്ടുള്ളത്. പ്രവർത്തന ചടുലതയാർന്ന ഒരു ഇലക്ട്രോണിക് ഹാർഡ്‌വെയർ ഉത്പാദന ഇക്കോസിസ്റ്റം കേരളത്തിൽ വളർത്തിയെടുക്കുകയെന്ന ലക്ഷ്യമാണ് കൊക്കോണിക്‌സ് മുന്നോട്ടു വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നൂതനാശയങ്ങളുള്ള സ്റ്റാർട്ട് അപ് കമ്പനികളുടേയും സർക്കാർ – സ്വകാര്യ മേഖലകളിലെ ചെറുതും ഇടത്തരവുമായ ഐടി സംരംഭങ്ങളുടെയും ശേഷികളുടെ സംയോജനത്തിനുള്ള അവസരമാണു കൊക്കോണിക്‌സ് തുറന്നു നൽകുന്നതെന്നു വ്യവസായ മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഇലക്ട്രോണിക്‌സ് & ഐടി വകുപ്പ് സെക്രട്ടറിയും കൊക്കോണിക്‌സ് ചെയർമാനുമായ എം. ശിവശങ്കർ, കൊക്കോണിക്‌സ് ഡയറക്ടർമാരായ യു.എസ്.ടി ഗ്ലോബൽ കമ്പനിയുടെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും കൺട്രി ഹെഡ്ഡുമായ അലക്‌സാണ്ടർ വർഗീസ്, കെൽട്രോൺ എം.ഡി. ഹേമലത, കെഎസ്‌ഐഡിസി ജനറൽ മാനേജർ രവിചന്ദ്രൻ, ആക്‌സിലറോൺ സി.ഇ.ഒ. പ്രസാദ് എന്നിവരും ഇന്റൽ കമ്പനി പ്രതിനിധി സിദ്ധാർത്ഥ് നാരായണനും പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button