ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന് കൂടുതല്‍ സീറ്റുകള്‍ ലഭിക്കാനായി സോഷ്യല്‍ മീഡിയയിലും കാമ്പെയിന്‍. ഫേസ് ബുക്കില്‍ ഫോര്‍ സീറ്റ്‌സ് ഫോര്‍ ഐ.യു.എം.എല്‍ എന്ന പേരില്‍ പ്രത്യേക പേജ് തുടങ്ങിയാണ് പ്രചരണം. കണക്കുകള്‍ നിരത്തി ലീഗിന് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാന്‍ അര്‍ഹതയുണ്ടെന്ന് പ്രഖ്യാപിക്കുകയാണ് ലീഗിലെ യുവജനങ്ങളും അനുഭാവികളും സോഷ്യല്‍ മീഡിയയില്‍.
അഭിമാനകരമായ അസ്തിത്വം, നീതിപൂര്‍വമായ പങ്കാളിത്വം, ഫോര്‍ സീറ്റ്‌സ് ഫോര്‍ ഐ.യു.എം.എല്‍ എന്നതാണ് ഹാഷ് ടാഗ്. പാര്‍ട്ടി അണികളില്‍ നിന്ന് ഉയര്‍ന്നുവന്ന വികാരമാണ് മലപ്പുറം, പൊന്നാനി സീറ്റുകള്‍ക്ക് പുറമെ ഒരു സീറ്റിന് കൂടി അവകാശവാദം യു.ഡി.എഫില്‍ ഉന്നയിക്കാന്‍ ലീഗ് നേതൃത്വത്തെ പ്രേരിപ്പിച്ചത്. അതിന് കൂടുതല്‍ ശക്തിപകരുന്നതാണ് സോഷ്യല്‍ മീഡിയാ കാമ്പെയിന്‍. ലീഗിന് നാല് സീറ്റിന് വരെ അര്‍ഹതയുള്ളതായി കണക്കുകള്‍ നിരത്തി പേജില്‍ വിശദീകരിക്കുന്നു. ഒപ്പം ഇതേ ആവശ്യം രാഹുല്‍ ഗാന്ധിയോടും പേജിലൂടെ മുന്നോട്ട് വെയ്ക്കുന്നു.
തമിഴ്‌നാട് നിയമസഭയില്‍ ലീഗിന് ഒരു സീറ്റുള്ളപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഡി.എം.കെ മുന്നണിയില്‍ ലീഗിന് ഒരു സീറ്റ് നല്‍കുന്നു. ജാര്‍ഖണ്ഡില്‍ പകുതി സീറ്റുകളും കോണ്‍ഗ്രസ് ഘടകകക്ഷികള്‍ക്കാണ് നല്‍കുന്നത്. അപ്പോള്‍ കേരളത്തില്‍ പ്രശ്‌നം മുന്നണിയെ നയിക്കുന്നവരുടെ സമീപനമാണെന്ന വിമര്‍ശനവും ലീഗിലെ യുവാക്കള്‍ ഫേസ് ബുക്കിലൂടെ ഉയര്‍ത്തുന്നു. മൂന്നാം സീറ്റ് സംബന്ധിച്ച് വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും നേതാക്കളുടെ പ്രതികരണവുമൊക്കെ ഫേസ് ബുക്ക് പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments