തന്റെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട വിവാദ ഫോട്ടോ വ്യാജമാണെന്ന വാദവുമായി വിര്‍ജീനിയ ഗവര്‍ണര്‍. വംശീയ വിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ ഫോട്ടോക്ക് പോസ് ചെയ്തെന്ന് ആരോപിച്ച് ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം തുടരുകയാണ്. ഇതിനിടെയാണ് ഫോട്ടോ വ്യാജമാണെന്ന ഗവര്‍ണറുടെ പ്രതികരണം.പീഡിയാട്രിക് ന്യൂറോ സര്‍ജനും ആര്‍മി ഡോക്ടറുമായിരുന്ന നോര്‍ത്താം കഴിഞ്ഞ വര്‍ഷമാണ് ഗവര്‍ണറായി നിയമിതനായത്.
വംശീയ വിദ്വേഷത്തിന് കുപ്രസിദ്ധി നേടിയ കുക്ലക്സ് കാന്‍ എന്ന സംഘടനാംഗങ്ങളുടെ വേഷം ധരിച്ച ഒരാളും ആഫ്രിക്കന്‍ വംശജന്റെ വേഷം ധരിച്ച മറ്റൊരാളും നില്ക്കുന്ന ചിത്രമാണ് വിവാദമായത്. ചിത്രത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ നോര്‍ത്താം ക്ഷമാപണവും നടത്തിയിരുന്നു. ക്ഷമാപണത്തിന് ശേഷവും വിവാദം കെട്ടടങ്ങാതിരുന്ന സാഹചര്യത്തിലാണ് നിലപാട് മാറ്റി നോര്‍ത്താം രംഗത്തെത്തിയത്. ചിത്രത്തിലുള്ളത് താനല്ലെന്നാണ് നോര്ത്താമിന്റെ പുതിയ വാദം. ചിത്രം സൂക്ഷ്മമായി നിരീക്ഷിച്ചപ്പോഴാണ് തനിക്കിത് വ്യക്തമായതെന്നും അദ്ദേഹം അവകാശപ്പെടുന്നു.
ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാജി വെക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് റിപ്പബ്ലിക്കന്‍ പാര്ട്ടിക്കാര്. വിര്‍ജീനിയ മിലിറ്ററി ഇന്‍സ്റ്റിറ്റ്യൂട്ട് കോളജിന്റെ ഇയര്‍ബുക്കിലാണ് നോര്ത്താമിനെ കുറിച്ചുള്ള വിവരങ്ങള്‍ക്കൊപ്പം വിവാദ ചിത്രവും വന്നത്.
Post Your Comments