തൃശ്ശൂര്‍: ഇരയായ പെണ്‍കുട്ടിയുടെ മൊഴിയെ മാത്രം അടിസ്ഥാനമാക്കി ബലാത്സംഗക്കേസിലെ പ്രതിയെ കോടതി ശിക്ഷിച്ചു. ശരീരത്തില്‍ പരിക്കില്ല എന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ആത്യന്തിക തെളിവായി സ്വീകരിക്കാനും കോടതി തയ്യാറായില്ല. 10 കൊല്ലം തടവിനും 25,000 രൂപ പിഴയടയ്ക്കാനുമാണ് ഉത്തരവ്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിലെ പ്രതി ആമ്പല്ലൂര്‍ കുലക്കാട്ടുകര കൊക്കാലി വീട്ടില്‍ കെ.കെ. തിലകനെ(54)യാണ് ശിക്ഷിച്ചത്. പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി. തൃശ്ശൂര്‍ ഒന്നാം നമ്പര്‍ അഡീഷണല്‍ കോടതി ജഡ്ജി സി. സൗന്ദരേഷാണ് വിധി പറഞ്ഞത്.
കഴിഞ്ഞ നവംബറില്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാരും മങ്കാസിങ് എന്ന വ്യക്തിയും തമ്മിലുള്ള കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിലെ പരാമര്‍ശം, പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടിയതാണ് കോടതി അംഗീകരിച്ചത്. ശരീരത്തിന്റെ പുറമേ മുറിവുകള്‍ ഇല്ലെങ്കിലും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ മൊഴി ശക്തമാണെങ്കില്‍ ബലാത്സംഗമായി കണക്കാക്കാം എന്നായിരുന്നു സുപ്രീംകോടതി വിധിയിലെ പരാമര്‍ശം.
Post Your Comments