![A K SASEENDRAN](/wp-content/uploads/2018/06/A-K-SASEENDRAN-PIC.png)
മൂവാറ്റുപുഴ: ജില്ലയിലെ ആദ്യ ഹൈടെക് വാഹന ടെസ്റ്റിംഗ് ഗ്രൗണ്ട് മൂവാറ്റുപുഴയിൽ ഉദ്ഘാടനത്തിനൊരുങ്ങി. മൂന്ന് കോടി രൂപ ചെലവിട്ടാണ് ഹൈടെക് വാഹന ടെസ്റ്റിംഗ് ഗ്രൗണ്ട് നിർമ്മിച്ചത്. ഫെബ്രുവരി 23ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന് ഗ്രൗണ്ടിന്റെ ഉദ്ഘാടനം നിർവഹിക്കും. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കും. മാസങ്ങള്‍ക്ക് മുമ്പ് ഉദ്ഘാടനം നടത്താനൊരുങ്ങിയിരുന്ന ടെസ്റ്റിംഗ് ഗ്രൗണ്ട് മദര്‍ ബോര്‍ഡിന്റെ തകരാര്‍ മൂലമാണ് ഉദ്ഘാടനം മാറ്റിവച്ചത്. ജര്‍മ്മന്‍ സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ച ടെസ്റ്റിംഗ് ഗ്രൗണ്ട് ട്രയല്‍റണ്‍ നടത്തുന്നതിനിടെ മദര്‍ ബോര്‍ഡ് തകരാറിലാകുകയായിരുന്നു. ജര്‍മ്മനിയില്‍ നിന്ന് പുതിയ മദര്‍ ബോര്‍ഡെത്തിച്ച് പ്രവര്‍ത്തനക്ഷമമാക്കിയശേഷമാണ് ഇപ്പോള്‍ ഉദ്ഘാടനത്തിന് ഒരുങ്ങിയിരിക്കുന്നത്.
2015ല്‍ ആണ് മൂവാറ്റുപുഴ ആരക്കുഴ പെരുമ്പല്ലൂരില്‍ ടെസ്റ്റിംഗ് ഗ്രൗണ്ടിന്റെ നിര്‍മ്മാണം ആരംഭിച്ചത്. മൂന്ന് കോടി രൂപ ചെലവില്‍ നിര്‍മ്മാണം ആരംഭിച്ച ആധുനിക ടെസ്റ്റിംഗ് ഗ്രൗണ്ടിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. സംസ്ഥാനത്തെ അഞ്ചാമത്തെയും ജില്ലയിലെ ആദ്യത്തെയുമായ ഹൈടെക് മോട്ടോര്‍ വെഹിക്കിള്‍ ഫിറ്റ്നസ് സെന്ററാണിത്. ജലസേചനവകുപ്പാണ് പദ്ധതിക്ക് ഭൂമി നല്‍കിയത്. അപകട രഹിതമായ ഡ്രൈവിംഗ് സംസ്കാരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കംമ്പ്യൂട്ടര്വത്കൃത ഡ്രൈവിംഗ് ടെസ്റ്റ്, വെഹിക്കിള്‍ ഫിറ്റ്നസ് പരിശോധന സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് . ഡ്രൈവിംഗ് ടെസ്റ്റ് ഇവിടെ പൂര്‍ണമായും കമ്പ്യൂട്ടര്‍ സംവിധാനത്തിലാണ് നടത്തുന്നത്. കംമ്പ്യൂട്ടര്‍ ഡ്രൈവര്‍ ടെസ്റ്റിംഗ് ട്രാക്കാണ് ഇതിനായി ഉപയോഗിക്കുന്നത്. വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയും പൂര്‍ണമായും കംമ്പ്യൂട്ടര്‍ നിയന്ത്രണത്തിലായിരിക്കും. പത്ത് വര്‍ഷം മുമ്പ് ആര്.ടി.ഓഫീസ് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തനം ആരംഭിച്ച കാലം മുതലാണ് എം.സി റോഡില്‍ വാഹന ടെസ്റ്റിഗിന് തുടക്കമായത്. എം.സി.റോഡില്‍ ടെസ്റ്റിംഗ് ആരംഭിച്ചതിനെതിരെ പരാതിയുയര്‍ന്നതിനെ തുടർന്ന് പല സ്ഥലങ്ങളിലേക്കും മാറ്റി, മാറ്റി വാഹന ടെസ്റ്റിംഗ് നടത്തിവരികയായിരുന്നു.
Post Your Comments