പട്ടികജാതി വികസന വകുപ്പിനു കീഴിലെ ഐ. ടി. ഐ വിദ്യാർത്ഥികൾക്ക് രാജ്യത്തിനകത്തും വിദേശത്തും കൂടുതൽ തൊഴിലവസരം ഉറപ്പാക്കുമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ. കെ. ബാലൻ. പട്ടികജാതി വികസന വകുപ്പിനു കീഴിലെ ഐ.ടി.ഐ വിദ്യാർത്ഥികൾക്കായി പാളയം ഭാഗ്യമാല ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മൂന്നാമത് സംസ്ഥാനതല തൊഴിൽമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നൈപുണ്യവികസനത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു. വിദേശ തൊഴിൽദാതാക്കളുമായി സർക്കാർ നേരിട്ട് ബന്ധപ്പെട്ട് തൊഴിൽ ലഭ്യമാക്കുന്നുണ്ട്. ഈ വർഷത്തോടു കൂടി 1500 പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളെ വിദേശത്ത് ജോലി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി ഗോത്രവിഭാഗങ്ങളുൾപ്പെടെയുള്ളവർക്ക് അവരുടെ ജീവിതവുമായി ബന്ധപ്പെട്ട മേഖലകളിൽ തൊഴിൽ ഉറപ്പു വരുത്താനാണ് സർക്കാരിന്റെ ശ്രമം. രാജ്യത്ത് മറ്റൊരിടത്തും ഈ നേട്ടം കൈവരിക്കാനായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മെച്ചപ്പെട്ട വിദ്യാഭ്യാസത്തോടൊപ്പം അതിന്റെ ഭാഗമായുള്ള തൊഴിലവസരവും ഉറപ്പുവരുത്താനാണ് സർക്കാരിന്റെ ശ്രമമെന്നും മന്ത്രി പറഞ്ഞു
നാല്പത്തിനാല് ഐ.ടി.ഐകളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ ആയിരത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ തൊഴിൽമേളയിൽ രജിസ്റ്റർ ചെയ്തത്. മുപ്പതോളം കമ്പനി പ്രതിനിധികൾ ഇന്റർവ്യൂ നടത്തി. 2017 ൽ 149 ഉം 2016 ൽ 205 ഉം പേർക്കാണ് തൊഴിൽമേളയിലൂടെ ജോലി ലഭ്യമായി.
Post Your Comments