ന്യൂഡല്‍ഹി: പ്രകൃതി ദുരന്തം സംഭവിച്ച് ഏഴ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അധിക സഹായം പ്രഖ്യാപിച്ചു. ഹിമാചല്‍പ്രദേശ്, യുപി, ആന്ധ്ര, ഗുജറാത്ത്, കര്‍ണാടകം, മഹാരാഷ്ട്ര, പുതുച്ചേരി എന്നീ സംസ്ഥാനങ്ങള്‍ക്കായി 7,214.03 കോടി രൂപയുടെ സഹായമാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. അതേസമയം ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതി നേരിട്ട കേരളത്തെ അധിക സഹായ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ബി.ജെ.പി സര്‍ക്കാര്‍ കേരളത്തോട് അവഗണന കാണിക്കുന്നതായി നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമിതിയാണ് സഹായം നല്‍കാനുളള തീരുമാനം എടുത്തത്. കൊടും വരള്‍ച്ച നേരിട്ട മഹാരാഷ്ട്രയ്ക്കാണ് കൂടുതല്‍ വിഹിതം ലഭിച്ചത്. മഹാരാഷ്ട്ര 4,714.28 കോടി, കര്‍ണാടക 949.49 കോടി, യു.പി 191.73 കോടി, പുതുച്ചേരി 13.09 കോടി, ആന്ധ്ര 900.40 കോടി, ഹിമാചല്‍ 317.44 കോടി രൂപ എന്നിങ്ങനെയാണ് സഹായം. കൊടും വരളച്ച നേരിട്ട മഹാരാഷ്ട്രയ്ക്ക് കോടികളുടെ കൃഷി നാശമാണ് കഴിഞ്ഞ വര്‍ഷത്തിലുണ്ടായത്. ഇക്കാര്യം കണക്കിലെടുത്താണ് കൂടുതല്‍ സഹായം നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചത്.
അതേസമയം പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് അധിക സഹായം നല്‍കാത്തതിന് കാരണം വ്യക്തമല്ല. നേരത്തെ സഹായം നല്‍കുന്ന കാര്യത്തില്‍ കേന്ദ്രം അവഗണന കാണിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റപ്പെടുത്തിയിരുന്നു. കേരളത്തെ കേന്ദ്രം അവഗണിക്കുകയാണെന്നും ആവശ്യമായ സഹായങ്ങള്‍ ലഭിച്ചില്ലെന്നും പിണറായി പലയാവര്‍ത്തി ചൂണ്ടിക്കാണിച്ച ശേഷമാണ് അടിയന്തര സഹായം വര്‍ധിപ്പിക്കാന്‍ കേന്ദ്രം തയ്യാറായത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
Post Your Comments