IndiaNews

മോദി ഭരണത്തില്‍ വന്‍ തൊഴില്‍ നഷ്ടം; 2 ഉദ്യോഗസ്ഥര്‍ രാജിവെച്ചു

 

ന്യൂഡല്‍ഹി: ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനിലെ രണ്ട് സ്വതന്ത്ര അംഗങ്ങള്‍ കൂടി രാജിവെച്ചു. കേന്ദ്ര സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സ്വതന്ത്ര അംഗങ്ങളായ പി.സി.മോഹനന്‍, ജെ.വി.മീനാക്ഷി എന്നിവര്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധമുയര്‍ത്തി ഇരുവരും രാജിവച്ചതോടെ എന്‍.എസ്.സിയില്‍ അവശേഷിക്കുന്നത് ചീഫ് സ്റ്റാറ്റിസ്റ്റിഷ്യന്‍ പ്രവീണ്‍ ശ്രിവാസ്തവ, നീതി ആയോഗ് സി.ഇ.ഒ.അമിതാഭ് കാന്ത് എന്നിവര്‍ മാത്രമാണ്. ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ ആദ്യ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ പ്രതിഷേധിച്ചാണ് ഇവരുടെ രാജിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് വ്യാപക തൊഴില്‍ നഷ്ടമുണ്ടായത് മുതല്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പല കാര്യങ്ങളും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കുന്നതിന്റെ പ്രധാന കാരണമെന്നാണ് സൂചന.

തിങ്കളാഴ്ചയാണ് പി.സി.മോഹനനും, ജെ.വി.മീനാക്ഷിയും ഔദ്യോഗികമായി രാജി പ്രഖ്യാപനം നടത്തിയത്. നിലവിലെ സാഹചര്യത്തില്‍ കമ്മീഷന്‍ ഫലപ്രദമല്ലെന്ന് ഞങ്ങള്‍ കരുതുന്നുവെന്നും, കമ്മീഷന്റെ ഉത്തരവാദിത്വം നിറവേറ്റാന്‍ തങ്ങള്‍ക്ക് സാധിച്ചില്ലെന്ന തോന്നലുണ്ടെന്നുമായിരുന്നു രാജിക്ക് ശേഷം മോഹനന്‍ വാര്‍ത്താ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ആകെ ഏഴ് അംഗങ്ങളാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനില്‍ ഉണ്ടാകേണ്ടത്. മൂന്ന് ഒഴിവുകള്‍ നേരത്തെ തന്നെയുണ്ട്. 2017 ജൂണില്‍ സ്വതന്ത്ര അംഗങ്ങളായി കമ്മീഷനില്‍ ചേര്‍ന്ന മോഹനന്റേയും മീനാക്ഷിയുടേയും കരാര്‍ കാലാവധി 2020 വരെയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button