പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുഴുവന്‍ ബൂത്തുകളിലും വി.വി.പാറ്റ് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കും. ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടെ സുതാര്യത സംബന്ധിച്ച വിമര്‍ശനങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് വോട്ടര്‍ക്ക് രേഖപ്പെടുത്തിയ വോട്ടിന്റെ രസീത് കണ്ടുബോധ്യപ്പെടാനുള്ള സംവിധാനം ഒരുക്കുന്നത്.
ഹൈദരാബാദ് ഇലകട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍നിന്ന് സംസ്ഥാനത്ത് 34,000 വി.വി.പാറ്റ് യന്ത്രങ്ങളെത്തിക്കും. നേരത്തേ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വി.വി.പാറ്റ് യന്ത്രങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. പൊതു തിരഞ്ഞെടുപ്പില്‍ എല്ലായിടത്തും ഇതുപയോഗിക്കുന്നത് ആദ്യമായാണ്.
വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ അഥവാ വി.വി.പാറ്റില്‍ വോട്ടര്‍ക്ക് വോട്ട് രേഖപ്പെടുത്തിയ സ്ഥാനാര്‍ഥിയുടെ ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവ പേപ്പര്‍ രസീതിലൂടെ കണ്ടുബോധ്യപ്പെടാന്‍ കഴിയും. വോട്ടിങ് യന്ത്രത്തോടുചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള വി.വി.പാറ്റ് മെഷീനില്‍നിന്നാണ് രസീത് ലഭിക്കുക. രസീത് ലഭിക്കുമെങ്കിലും ഇത് കൈയില്‍ സൂക്ഷിക്കാന്‍ കഴിയില്ല. ഏഴ് സെക്കന്‍ഡ് മാത്രമാണ് വോട്ടര്‍ക്ക് കണ്ടുബോധ്യപ്പെടാന്‍ ലഭിക്കുന്ന സമയം. ഇതിനുശേഷം ഉപകരണത്തിനുള്ളിലെ ഡ്രോപ് ബോക്‌സില്‍ വീഴും. വോട്ടിങ് സംബന്ധിച്ച പരാതി ഉയര്‍ന്നാല്‍ രസീത് പരിശോധിച്ച് തിരഞ്ഞെടുപ്പ് സുതാര്യത ഉറപ്പുവരുത്താം.
Post Your Comments