Latest NewsGulf

ദുബായ്-മസ്‌കത്ത് റൂട്ടില്‍ ബസ് സര്‍വീസ് ആരംഭിച്ചു

ദുബായ്: ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ദുബായില്‍ നിന്ന് മസ്‌കത്തിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചു. ദിവസം മൂന്ന് ബസുകളാണ് ദുബായ് – മസ്‌കത്ത് റൂട്ടില്‍ സര്‍വീസ് നടത്തുക. ഒമാന്‍ സര്‍ക്കാരിന്റെ ഗതാഗത സ്ഥാപനമായ മുവസലാത്തുമായി ചേര്‍ന്നാണ് സര്‍വീസ്. രാവിലെ ഏഴര, വൈകുന്നേരം മൂന്നര, രാത്രി 11 എന്നീ സമയങ്ങളിലാണ് മസ്‌കത്തിലേക്ക് ബസ് യാത്ര തിരിക്കുക.

അബൂഹൈല്‍ മെട്രോ സ്റ്റേഷന്‍, ദുബായ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ രണ്ട്, റാശിദിയ മെട്രോ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് യാത്രക്കാര്‍ക്ക് ബസില്‍ കയറാം. വജാജ അതിര്‍ത്തി വഴി ഒമാനില്‍ എത്തുന്ന ബസ് 11 സ്റ്റോപ്പുകളില്‍ ആളെ ഇറക്കും. ഷിനാസ്, സൊഹാര്‍, സഹം, ഖാബൂറ, സുവൈഖ്, മുസന്ന, ബര്‍ഖ, മബേല, സഹ്‌വ ടവര്‍, മസ്‌കത്ത് എയര്‍പോര്‍ട്ട്, അസൈബ സ്റ്റേഷന്‍ എന്നിവയാണ് സ്റ്റോപ്പുകള്‍.

മസ്‌കത്തിലേക്ക് 55 ദിര്‍ഹമാണ് നിരക്ക്. പോയിവരാനുള്ള ടിക്കറ്റിന് 90 ദിര്‍ഹം ഈടാക്കും. വൈഫൈ ഇന്റര്‍നെറ്റ് സംവിധാനമുള്ള ബസുകളില്‍ 50 പേര്‍ക്ക് ഒരേ സമയം യാത്രചെയ്യാം. ദുബായില്‍ നിന്ന് ആറ് മണിക്കൂര്‍ കൊണ്ട് മസ്‌കത്തിലെത്താം.നിലവില്‍ മുവസലാത്ത് ദുബായ് – മസ്‌കത്ത് റൂട്ടില്‍ നടത്തുന്ന സര്‍വീസിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തിയാണ് പുതിയ സര്‍വീസെന്ന് ആര്‍.ടി.എ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി സി.ഇ.ഒ അഹമ്മദ് ബഹ്‌റൂസിയാന്‍ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button