Latest NewsKerala

ലോക ശ്രദ്ധ ആകര്‍ഷിച്ച് ജടായു എർത്ത് സെന്റർ; പത്ത് വർഷത്തെ നീണ്ട കഠിന പ്രയത്നത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് കടകംപള്ളി

ജടായു എർത്ത്സ് സെന്റർ സഞ്ചാരികളുടെ ഇഷ്ട സങ്കേതമായി മാറിയതായി വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആകാശത്തേക്ക് തലയുയർത്തിയ ജടായു നമ്മുടെ ടൂറിസത്തിന്റെ അതിജീവനത്തിന്റെ പ്രതീകമായി മാറുകയാണെന്നും അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായി ജടായു പറ ഉയർന്നതിന് പിന്നിൽ പത്ത് വർഷത്തെ നീണ്ട കഠിന പ്രയത്നമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പറയുകയുണ്ടായി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ജടായു എർത്ത്സ് സെന്റർ സഞ്ചാരികളുടെ ഇഷ്ട സങ്കേതമായി മാറി കഴിഞ്ഞു. കേരളത്തിന്റെ അഭിമാനമായി ആകാശത്തേക്ക് തലയുയർത്തിയ ജടായു നമ്മുടെ ടൂറിസത്തിന്റെ അതിജീവനത്തിന്റെ പ്രതീകമായി മാറുകയാണ്. അന്താരാഷ്ട്ര നിലവാരമുള്ള ഒരു പുതിയ ടൂറിസം കേന്ദ്രം എന്ന കേരളത്തിന്റെ സ്വപ്നമാണ് യാഥാര്‍ത്ഥ്യമായത്. ലോക ശ്രദ്ധ ആകര്‍ഷിച്ച ചടയമംഗലത്തെ ടൂറിസം-കള്‍ച്ചറല്‍ കേന്ദ്രമായ ജടായു എര്‍ത്ത്‌സ് സെന്ററില്‍ ലോകത്തെ ഏറ്റവും വലിയ പക്ഷി ശില്‍പ്പവും പൂര്‍ണമായും സ്വിറ്റ്‌സര്‍ലാന്റില്‍ നിര്‍മ്മിതമായ അത്യാധുനിക കേബിള്‍ കാര്‍ സംവിധാനവും അഡ്വഞ്ചര്‍ പാര്‍ക്കും ഹെലികോപ്ടര്‍ ലോക്കല്‍ ഫ്‌ളൈയിംഗ് സര്‍വീസും ഉൾപ്പടെ വൈവിധ്യം നിറഞ്ഞ അനുഭവങ്ങളാണ് വിനോദസഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. 2018 ജൂലൈ 4നാണ് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ജടായു എര്‍ത്ത്‌സ് സെന്റര്‍ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ചടയമംഗലം ജടായുപാറ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായി ഉയർന്നതിന് പിന്നിൽ പത്ത് വർഷത്തെ നീണ്ട കഠിന പ്രയത്നമുണ്ട്. ശ്രീ പ്രയാര്‍ ഗോപാലകൃഷ്ണന്‍ ചടയമംഗലം എം.എല്‍.എയായിരിക്കുമ്പോൾ, ജടായുപാറയില്‍ ഒരു ശിൽപ്പം നിർമ്മിക്കുന്നതിനെ കുറിച്ച് രാജീവ് അഞ്ചലുമായി നടത്തിയ ആലോചനയാണ് ജടായുപാറ ടൂറിസം പദ്ധതിയുടെ തുടക്കം. എന്നാൽ പിന്നീട് വഴിമുട്ടിയ പദ്ധതി തുടർന്ന് വന്ന എൽ.ഡി.എഫ് സർക്കാർ ഏറ്റെടുത്തു. ബഹുമാനപ്പെട്ട ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രിയായിരിക്കേ ദീര്‍ഘവീക്ഷണത്തോടെ പദ്ധതിയെ ബി.ഒ.ടിയായി പ്രഖ്യാപിച്ചതോടെ ജടായുപാറ അന്താരാഷ്‌ട്ര പദ്ധതിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഗതിവേഗം കൈവരിച്ചു. 2016ൽ അധികാരമേറ്റ പിണറായി വിജയൻ സർക്കാർ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനുബന്ധ സൗകര്യങ്ങളും അതിവേഗം പൂർത്തിയാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചു. 1.75 കോടി രൂപ ചെലവഴിച്ച് പദ്ധതി പ്രവര്‍ത്തനത്തിന് അനിവാര്യമായ എ.ബി.സി ലൈനും, 8.5 കോടി രൂപ ചെലവഴിച്ച് ജടായു എര്‍ത്ത്‌സ് സെന്ററിലേക്ക് ഫുട്പാത്തുകള്‍ അടക്കമുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡും നിര്‍മ്മിച്ചത് നിലവിലെ സംസ്ഥാന സര്‍ക്കാരാണ്. ജടായു എര്‍ത്ത്‌സ് സെന്ററിന് വേണ്ട അനുമതികളെല്ലാം യുദ്ധകാല അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നല്‍കിയത്.

പ്രശസ്ത ചലച്ചിത്രകാരനും, വിഖ്യാത ശില്‍പ്പിയുമായ രാജീവ് അഞ്ചല്‍ ഒരു പതിറ്റാണ്ടിലേറെ നടത്തിയ സമര്‍പ്പണത്തിലൂടെ യാഥാര്‍ത്ഥ്യമാകുന്ന ജടായു ശില്‍പ്പം ലോകത്തെ തന്നെ ഏറ്റവും വലിയ പക്ഷി ശില്‍പ്പമാണ്. സമുദ്രനിരപ്പില്‍ നിന്നും ആയിരം അടി ഉയരത്തില്‍ നില കൊളളുന്ന ജടായുപ്പാറയിലെ ഈ ഭീമാകാര ശില്‍പ്പത്തിന് സമീപത്തേക്ക് എത്തിച്ചേരുന്നതിന് സജ്ജമാക്കിയിരിക്കുന്നത് അത്യാധുനിക കേബിള്‍ കാര്‍ സംവിധാനമാണ്. പൂര്‍ണമായും സ്വിറ്റ്‌സര്‍ലാന്റില്‍ നിര്‍മ്മിച്ച ഈ കേബിള്‍ കാര്‍ സംവിധാനം രാജ്യത്ത് തന്നെ ആദ്യമായാണ് ഏര്‍പ്പെടുത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ആയിരം അടിയോളം ഉയരത്തിലേക്ക് കേബിള്‍ കാറില്‍ സഞ്ചരിക്കുന്നത് തന്നെ ടൂറിസ്റ്റുകള്‍ക്ക് വിസ്മയകരമായ അനുഭവം സമ്മാനിക്കും. ഹെലികോപ്ടര്‍ ലോക്കല്‍ ഫ്‌ലൈയിംഗിനുള്ള സൗകര്യം ലഭ്യമാകുന്ന ടൂറിസം കേന്ദ്രം കൂടിയായി ജടായു എര്‍ത്ത്‌സ് സെന്റര്‍ മാറുകയാണ്. രണ്ട് ഹെലികോപ്ടറുകള്‍ക്കായുള്ള ഹെലിപ്പാഡും അനുബന്ധ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. വിവിധ ടൂറിസം കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഹെലികോപ്ടര്‍ സര്‍വീസ് സൗകര്യം പിന്നീട് ഏര്‍പ്പെടുത്തും. ലോകോത്തര നിലവാരത്തിലുള്ള സാഹസിക വിനോദവും, പാറക്കെട്ടുകളുടെ സ്വാഭാവികതയും സംയോജിപ്പിക്കുന്ന ജടായു അഡ്വഞ്ചര്‍ പാര്‍ക്ക് ലോകമെങ്ങുമുള്ള സാഹസിക പ്രേമികളെ ആകര്‍ഷിക്കുന്നതാണ്. പ്രകൃതിയോട് ഇത്രയധികം ഇണങ്ങിനില്‍ക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള മറ്റൊരു സാഹസിക ടൂറിസം കേന്ദ്രവും രാജ്യത്ത് തന്നെയില്ല.

65 ഏക്കര്‍ വിസ്തൃതിയിലുള്ള ജടായു എര്‍ത്ത്‌സ് സെന്റര്‍ സംസ്ഥാന ടൂറിസം രംഗത്തെ ആദ്യ ബി.ഒ.ടി (ബില്‍ഡ്-ഓപ്പറേഷന്‍-ട്രാന്‍സ്ഫര്‍) സംരംഭമാണ്. കേരള ടൂറിസം വകുപ്പിനും, കേരളത്തിനുമാകെ അഭിമാനം നല്‍കുന്ന പദ്ധതിയാണ് ഇത്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു പുതിയ ടൂറിസം കേന്ദ്രം രാജ്യത്ത് നിലവില്‍ വരികയാണ് ജടായു പദ്ധതിയിലൂടെയെന്നത് എടുത്തു പറയേണ്ടതാണ്. സാസ്‌കാരിക ടൂറിസത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള കലാവിരുന്നുകളും ജടായു ശില്‍പ്പത്തിന് സമീപം ഒരുക്കുകയും ചെയ്യും.

ടൂറിസം രംഗത്തെ നിക്ഷേപ സാധ്യതകള്‍ക്ക് വഴി തുറക്കുന്ന ഈ സംരംഭത്തില്‍ മുതല്‍മുടക്കിയിരിക്കുന്നത് രാജീവ് അഞ്ചലിന്റെ ഗുരുചന്ദ്രിക ബില്‍ഡേഴ്‌സ് ആന്റ് പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡും, 150 ഓളം വിദേശ മലയാളികളുമാണ്. പല ഘട്ടങ്ങളിലായി 100 കോടിയോളം രൂപയാണ് സ്വകാര്യ സംരംഭകരുടെ മുതല്‍മുടക്ക്. പ്രവാസി നിക്ഷേപത്തിലൂടെ വന്‍കിട വികസന പദ്ധതികള്‍ നമ്മുടെ സംസ്ഥാനത്ത് നടപ്പാക്കാനാകുമെന്നതിന് മികച്ച ഉദാഹരണം കൂടിയാണ് ഈ ടൂറിസം പദ്ധതി. പ്രദേശവാസികള്‍ക്ക് പങ്കാളിത്തവും, തൊഴിലവസരങ്ങളും പ്രദാനം ചെയ്യുന്ന പദ്ധതി എന്ന പ്രത്യേകതയും ജടായു എര്‍ത്ത്‌സ് സെന്ററിനുണ്ട്. ചടയമംഗലം എന്ന ഗ്രാമവും, പൗരാണിക പ്രാധാന്യമുള്ള ജടായുപ്പാറയും ഇനി ലോകടൂറിസം ഭൂപടത്തില്‍ കേരളത്തിന്റെ തിലകക്കുറിയായി ഇടം നേടും.

സംസ്ഥാന സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്ന ഉത്തരവാദിത്ത ടൂറിസത്തില്‍ അധിഷ്ഠിതമായ പദ്ധതി കൂടിയാണ് ജടായു എര്‍ത്ത്‌സ് സെന്റര്‍ മുന്നോട്ട് വെക്കുന്നത്. സ്ത്രീ സംരക്ഷണത്തിന്റെ പ്രതീകമായ ജടായുവെന്ന ഭീമന്‍ പക്ഷിയുടെ ശില്‍പ്പമുള്‍ക്കൊളളുന്ന ഈ ടൂറിസം പദ്ധതി മൂന്നര കിലോമീറ്റര്‍ ചുറ്റളവില്‍ 65 ഏക്കര്‍ വിസ്തൃതിയില്‍ പൂര്‍ണമായും മതില്‍ക്കെട്ടിനുള്ളില്‍ ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ വിനോദസഞ്ചാരികള്‍ക്ക് സമ്പൂര്‍ണ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന പദ്ധതിയാണെന്ന പ്രത്യേകതയുമുണ്ട്.

ടിക്കറ്റ് ചാര്‍ജ് 400 രൂപ – കേബിള്‍ കാര്‍ യാത്രയ്ക്ക് 250 രൂപയും, പ്രവേശന ഫീസായി 150 രൂപയും ഉള്‍പ്പെടെ ഒരാള്‍ക്ക് 400 രൂപ വീതം മാത്രമേ ഉദ്ഘാടനത്തിന്റെ ദിവസം മുതല്‍ നിശ്ചിത കാലത്തേക്ക് ഈടാക്കുന്നത്. അഡ്വഞ്ചര്‍ പാര്‍ക്കില്‍ നൂതന സാഹസിക വിനോദങ്ങളും ഭക്ഷണമുള്‍പ്പെടെയുള്ള പാക്കേജിന് 2500 രൂ പയാണ്. സാഹസിക വിനോദത്തില്‍ താല്‍പര്യമുള്ള സംഘമായി എത്തുന്നവരെയാണ് അഡ്വഞ്ചര്‍ പാര്‍ക്കിലേക്ക് പ്രവേശിപ്പിക്കുക. ജടായു ശില്‍പ്പത്തിന്റെ ഉള്ളില്‍ മ്യൂസിയവും, 6D തീയേറ്ററും നവംബറില്‍ ഉദ്ദേശിക്കുന്ന മൂന്നാംഘട്ട ഉദ്ഘാടനത്തിലേ സജ്ജമാകുകയുള്ളൂ. പാറക്കെട്ടുകളുടെ ഇടയിലുള്ള ഗുഹാസങ്കേതത്തില്‍ ഒരുക്കുന്ന ആയുര്‍വേദ-സിദ്ധ ചികിത്സയും പിന്നീട് മാത്രമേ ആരംഭിക്കുകയുള്ളൂ. ലോകത്തെ ഏറ്റവും വലിയ പക്ഷി ശില്‍പ്പത്തെ മുന്‍നിര്‍ത്തി അന്താരാഷ്ട്ര നിലവാരത്തോടെ കേരള ടൂറിസം അവതരിപ്പിക്കുന്ന നൂതന ടൂറിസം പദ്ധതിയായ ജടായു എര്‍ത്ത്‌സ് സെന്റര്‍ നമ്മുടെ സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിലെ നാഴിക കല്ലായി മാറിക്കഴിഞ്ഞു.

shortlink

Post Your Comments


Back to top button