Latest NewsIndia

മനം നിറയ്ക്കുന്ന ജനഗണമനയുമായി സ്പര്‍ഷ് ഷാ

രോഹന്‍ പന്ത് അംബേദ്കര്‍ ആണ് ദേശീയഗാനം പുനരാവിഷ്‌കരിച്ചത്

മുംബൈ: രാജ്യം എഴുപതാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ഏതൊരു ഭാരതീയന്റെയും മനസ്സിനെ അഭിമാനപൂരിതമാക്കുന്ന ജനഗണമനയുടെ പുതിയ രീതിയാണ് സമൂഹമാധ്യമങ്ങളില്‍ കയ്യടി നേടിയിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ റാപ്പറായ സ്പര്‍ഷ് ഷാ ആലപിച്ച ദേശീയ ഗാനത്തിന്റെ വീഡിയോയാണ് സൈബര്‍ ലോകം പങ്കുവെയ്ക്കുന്നത്. രോഹന്‍ പന്ത് അംബേദ്കര്‍ ആണ് ദേശീയഗാനം പുനരാവിഷ്‌കരിച്ചത്.

ഫേസ്‌ടൈമിലൂടെയാണ് പന്ത് അംബേദ്കറും ഷായും പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് ഒരു സംഗീത പരിപാടി ഒരുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് തങ്ങള്‍ ജനഗണമന പുനരാവിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്ന് സ്പര്‍ഷ് പറഞ്ഞു. ഫേസ്‌ടൈമിലൂടെ തന്നെയാണ് ഗാനത്തിന്റെ റെക്കോര്‍ഡിങ് നടത്തിയിരിക്കുന്നത്. ഒന്ന് നടക്കാനാകില്ല, കൈകളില്‍ ബലം കൊടുക്കാനാകില്ല. ഒരു ഷേക്ക്ഹാന്‍ഡ് മതി സ്പര്‍ഷിന്റെ കൈയിലെ എല്ലുകള്‍ ഒടിയാന്‍. ‘ഒസ്റ്റിയോജെനിസിസ് ഇംപെര്‍ഫെക്ട’ എന്ന അപൂര്‍വ്വ രോഗത്തിന് അടിമയായ സ്പര്‍ഷിന് ഇപ്പോള്‍ 15 വയസ്സാണ്. എന്നാല്‍ തന്റെ പരിമിധികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലേറി പറക്കുകയായിരുന്നു ഈ മിടുക്കന്‍. സാമൂഹ്യ മാധ്യമങ്ങളില്‍ ഒട്ടേറെ ആരാധകരുള്ള താരമാണ് ഇപ്പോള്‍ സ്പര്‍ഷ്. റേഡിയോ-ടി.വി ഷോ അവതാരകന്‍, കവിതാ രചന, ചെറുകഥയെഴുത്ത്, പ്രസംഗം, നാടകാഭിനയം എന്നിങ്ങനെ നിരവധി കഴിവുകള്‍ക്കുടമയാണ് സ്പര്‍ഷ്. അമേരിക്കയില്‍ താമസിക്കുന്ന സ്പര്‍ഷ് പത്തോളം പാട്ടുകളെഴുതുകയും അതിന് സംഗീതം നല്‍കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ന്യൂ ജഴ്സിയിലെ വിവിധ സ്ഥലങ്ങളില്‍ 45ഓളം സംഗീതപരിപാടികളാണ് നടത്തിയത്. ‘ദിസ് ലവ് വില്‍ നെവര്‍ ഫേഡ്’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

നാലുതരം ശൈലിയില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ സ്പര്‍ഷിനറിയാം. ഇംഗ്ലീഷ് നിഘണ്ടുവിലെ 12 വലിയ വാക്കുകള്‍ 18 സെക്കന്റില്‍ ഈ മിടുക്കന്‍ പറയും. ന്യൂ ജഴ്സിയിലെ സെന്റ് ജൂഡ് ചില്‍ഡ്രന്‍സ് റിസര്‍ച്ച് ആശുപത്രിയിലാണ് സ്പര്‍ഷിന്റെ ചികിത്സ. ആശുപത്രിയിലെ യൂത്ത് അംബാസഡറുകൂടിയാണ് ഈ മിടുക്കന്‍.
ഹിന്ദുസ്ഥാനി സംഗീതത്തിലും അമേരിക്കന്‍ വോക്കല്‍ മ്യൂസിക്കിലും സ്പര്‍ഷ് ഷാ തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. എന്തായാലും സോഷ്യല്‍ മീഡിയ നിറഞ്ഞ കൈയടിയോടെയാണ് സ്പാര്‍ഷ് ഷാ ആലപിച്ച ദേശീയഗാനം ഏറ്റെടുത്തിരിക്കുന്നത്. സ്പര്‍ഷിനൊപ്പം ജനഗണമനയുടെ പുതിയ രീതി ചെയ്യാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് രോഹന്‍ പറഞ്ഞു. യൂട്യൂബില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഈ സംഗീത വിഡിയോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button