Latest NewsNewsInternational

പ്രതീക്ഷ അസ്തമിച്ചിട്ടില്ല; ഫുട്‌ബോള്‍ താരത്തിന് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തരുതെന്ന് മെസി

തിങ്കളാഴ്ച മുതലാണ് എമിലിയാനോയെ കാണാതായത്

ഒരു തരി പ്രതീക്ഷയെങ്കിലും ബാക്കി നില്‍ക്കുമ്പോള്‍ അര്‍ജന്റീനന്‍ യുവ ഫുട്‌ബോള്‍ താരം എമിലിയാനോ സലായ്ക്കായുളള തിരച്ചില്‍ അവസാനിപ്പിക്കരുതെന്ന് സമൂഹമാധ്യമങ്ങളിലൂടെ മെസി അഭ്യര്‍ത്ഥിച്ചു. തിങ്കളാഴ്ച മുതലാണ് എമിലിയാനോയെ കാണാതായത്. സലായുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത മെസി സലായ്ക്കായി പ്രാര്‍ത്ഥിക്കുന്നതായി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍ ഫലം കാണാതെ വന്നപ്പോഴാണ് താരത്തെ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിക്കുമെന്ന് ഗേര്‍ണെസി പോലീസിന്റെ അറിയിപ്പിനെത്തുടര്‍ന്നാണ് മെസിയുടെ അഭ്യര്‍ത്ഥന. ലഭിച്ച എല്ലാ തെളിവുകളുടെയും അടിസ്ഥാനത്തില്‍ സാലെയും ബ്രീട്ടുഷുകാരനായ പൈലറ്റ് ഡേവിഡ് ഇബോട്‌സണും ജീവനോടെയുണ്ടാകാന്‍ സാധ്യതയില്ലെന്നും അതിനാല്‍ തിരച്ചില്‍ അവസാനിപ്പിക്കുന്നുവെന്നുമായിരുന്നു ഗേര്‍ണെസി പോലീസ് നല്‍കിയ വിശദീകരണം. അവസാന 24 മണിക്കൂറുകളോളം നിര്‍ത്താതെ തിരഞ്ഞ സംഘത്തിനു വിമാനത്തിന്റെ ഒരു വിവരവും കണ്ടെത്താന്‍ ആയില്ല. ഫ്രാന്‍സിനെയും ഇംഗ്ലണ്ടിനെയും വേര്‍തിരിക്കുന്ന ഇംഗ്ലിഷ് ചാനലിലെ ദ്വീപുകളിലൊന്നായ ഗേര്‍ണെസി പൊലീസാണ് തിരച്ചില്‍ നടത്തിയത്. അതേസമയം താരത്തെ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിക്കരുതെന്നും തിരച്ചില്‍ തുടരണമെന്നും സലായുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

അപകടകാരണമോ വിമാനം ഏതു ദിശയിലാകാം സഞ്ചരിച്ചതെന്നോ സംഘത്തിനു കണ്ടെത്താന്‍ കഴിഞ്ഞില്ല. സാലെയുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കണമെന്നും ഇതിനു പിന്നില്‍ ഫുട്‌ബോള്‍ മാഫിയയുടെ ഇടപെടലുളളതായി സംശയിക്കുന്നതായി എമിലിയാനൊ സാലയുടെ മുന്‍ കാമുകി ബെറെനിസ് ഷ്‌കെയര്‍ ആരോപിച്ചിരുന്നു. ഇതെല്ലാം ഒരു ദുസ്വപ്നമാകണേ എന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും ശക്തിയെല്ലാം ചോര്‍ന്നു പോകുന്നുവെന്നും ബെറെനിസ് ട്വീറ്റില്‍ കുറിച്ചു. കാലാവസ്ഥയിലെ മാറ്റം കൊണ്ട് സംഭവിച്ച ഒരു അപകടമാണെന്ന് ഇതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. വിമാനം കാണാതായതില്‍ കൂടുതല്‍ അന്വേഷണം വേണം’. ബെറെനിസ് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച റെക്കോര്‍ഡ് തുകയായ 138 കോടി രൂപയ്ക്ക് കാര്‍ഡിഫ് സിറ്റി ഫ്രഞ്ച് ക്ലബ്ബ് നാന്റെസില്‍ നിന്ന് സാലെയെ വാങ്ങിയത്. തുടര്‍ന്ന് സഹതാരങ്ങളോടും ക്ലബിനോടും യാത്ര പറഞ്ഞ് പുതിയ ക്ലബിലേയ്ക്കുളള യാത്ര മദ്ധ്യേയാണ് ദുരന്തമെത്തിയത്. എമിലിയാനോ സാലെ വിമാനം കാണാതാകുന്നതിനു തൊട്ടു മുന്‍പ് മുന്‍ ക്ലബ് നാന്റെസിലെ സഹതാരങ്ങള്‍ക്കും കുടുബാംഗങ്ങള്‍ക്കും അവസാനമായി അയച്ച വാട്‌സ്ആപ്പ് സന്ദേശം പുറത്തു വന്നിരുന്നു. ദുരന്തത്തിലേയ്ക്ക് വിരല്‍ ചൂണ്ടുന്നതും ഞെട്ടിപ്പിക്കുന്നതുമായിരുന്നു ആ സന്ദേശം. വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായെന്നും തകരാന്‍ പോകുകയാണെന്നും വ്യക്തമായി സൂചിപ്പിക്കുന്നതായിരുന്നു അത്. വല്ലാതെ ഭയം തോന്നുന്നുവെന്നും തന്നെ കണ്ടെത്താന്‍ ആരെയെങ്കിലും അവര്‍ അയക്കുമോയെന്നും തനിക്ക് അറിയില്ലെന്നും വാട്‌സ്ആപ്പ് സന്ദേശത്തില്‍ സാലെ പറയുന്നു.

ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേയ്ക്കുളള യാത്രമദ്ധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപം വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള ‘പൈപ്പര്‍ പി.എ46 മാലിബു’ ചെറുവിമാനമാണ് കാണാതായത്. യു.കെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ സഹായത്തോടെയായിരുന്നു തിരച്ചില്‍. ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായി ‘പ്ലെയര്‍ ഓഫ് ദ മന്ത്’ പുരസ്‌കാരം വാങ്ങി മികച്ച ഫോമിലായിരുന്നു സാലെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button