പൊതുവേ ചൂടുവെള്ളത്തില്‍ കുളിക്കുന്നവര്‍ കുറവാണ്. തണുപ്പുള്ള മേഖലകളിലുള്ളവരോ എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുള്ളവരോ ആണ് മിക്കവാറും ചൂടുവെള്ളത്തിലെ കുളി തെരഞ്ഞെടുക്കുന്നത്. തണുപ്പിനെ ചെറുക്കുകയെന്നതിനെക്കാള്‍ മികച്ച, അവിശ്വസനീയമായ ഒരു ഗുണം ചൂടുവെള്ളത്തിലെ കുളിക്ക് ഉണ്ടെന്നാണ് പുതിയൊരു പഠനം വ്യക്തമാക്കുന്നത്.
ലണ്ടനിലെ ഒരു യൂണിവേഴ്‌സിറ്റിയുടെ സഹായത്തോടെ ഡോ.ഫാള്‍നെര്‍ ആണ് ഈ പഠനം നടത്തിയത്. ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ശരീരത്തിലെ കലോറികളെ എരിച്ചുകളയാന്‍ സഹായിക്കുമെന്ന അടിസ്ഥാനപരമായ വസ്തുതയെ മുന്‍നിര്‍ത്തിയാണ് ഡോക്ടര്‍ പഠനം നടത്തിയത്.
ഒരു സംഘം ആളുകളെ പങ്കെടുപ്പിച്ച്, അവരെക്കൊണ്ട് സൈക്ലിംഗ്, ട്രെഡ് മില്‍ വര്‍ക്കൗട്ട്, നടത്തം ഇവയെല്ലാം ചെയ്യിച്ചു. എല്ലാം വ്യത്യസ്തമായ ദിവസങ്ങളില്‍ ഓരോ മണിക്കൂര്‍ വീതം ചെലവഴിച്ചാണ് ചെയ്യിച്ചത്. ഇതിനെല്ലാം ശേഷം ഒരു ദിവസം ഒരു മണിക്കൂര്‍ നീണ്ട ചൂടുവെള്ളത്തിലെ കുളിയും.
വര്‍ക്കൗട്ടുകളെ തുടര്‍ന്ന് ഓരോരുത്തര്‍ക്കും ശരീരത്തിലെ എത്ര കലോറി വീതം എരിച്ചുകളയാനായി എന്ന് പരിശോധിച്ചു. തുടര്‍ന്ന് ചൂടുവെള്ളത്തിലെ കുളിക്ക് എത്ര കലോറിയെ കളയാന്‍ കഴിഞ്ഞുവെന്നും പരിശോധിച്ചു. വര്‍ക്കൗട്ടുകള്‍ തന്നെയാണ് കൂടുതല്‍ കലോറികള്‍ ഇല്ലാതാക്കാന്‍ സഹായകമായി കണ്ടെത്തിയത്.
എന്നാല്‍ ഒരു മണിക്കൂറോളം ‘ഹോട്ട് വാട്ടര്‍ ബാത്ത്’ നടത്തിയവരില്‍ അരമണിക്കൂര്‍ നടക്കുന്നതിന് സമാനമായി കലോറികള്‍ എരിച്ചുകളായാനായെന്നും പഠനം കണ്ടെത്തി. അതായത് 30 മിനുറ്റ് നേരത്തെ നടത്തത്തിന് പകരം ചൂടുവെള്ളത്തിലെ ഒരു കുളി മതിയാകുമെന്ന്.
ശരീരം വല്ലാതെ ചൂടാകുമ്പോള്‍ നമുക്ക് സാധാരണഗതിയില്‍ വേണ്ട ‘നോര്‍മല്‍ ബോഡി ടെംപറേച്ചര്‍’ നിലനിര്‍ത്താന്‍ നമ്മള്‍ ശ്രമിക്കും. ശരീരത്തിന്റെ ഈ പ്രവര്‍ത്തനത്തിന് വേണ്ടിയാണ് കലോറികള്‍ നഷ്ടപ്പെടുന്നത്. വണ്ണം കുറയ്ക്കാനുള്ള എളുപ്പമാര്‍ഗമായി ചൂടുവെള്ളത്തിലെ കുളിയെ കാണേണ്ടെന്നും എന്നാല്‍ കലോറികള്‍ എരിച്ചുകളയാന്‍ സഹായിക്കുന്ന ഒന്നായി കാണാമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഡോക്ടര്‍ പറയുന്നു.
ഇതിനെല്ലാം പുറമെ ചര്‍മ്മത്തിനും, മസിലുകള്‍ക്കും, സന്ധികള്‍ക്കുമെല്ലാം ആശ്വാസം പകരാനും ചൂടുെവള്ളത്തിലെ കുളി സഹായകമാണ്. പതിയെ ഇത് ഹൃദയാരോഗ്യത്തെയും ഗുണകരമായി സ്വാധീനിക്കും. ശരീരവേദനയുള്ളവര്‍ക്കും ഉറക്കമില്ലായ്മ നേരിടുന്നവര്‍ക്കും ചൂടുവെള്ളത്തിലെ കുളി താല്‍ക്കാലികമായ പരിഹാരമേകും.
Post Your Comments