റിതേഷ് ബത്ര സംവിധാനം ചെയ്ത ‘ദ ലഞ്ച് ബോക്‌സ്’ എന്ന ബോളിവുഡ് സിനിമയില്‍ ഇര്‍ഫാന്‍ ഖാന്‍ അവതരിപ്പിച്ച സജ്ജന്‍ ഫെര്‍ണാണ്ടസ് എന്ന കഥാപാത്രം ആരും കൂട്ടിനില്ലാത്ത തന്റെ ഏകാന്തവാസത്തിനിടയില്‍ തൊട്ടപ്പുറത്തെ വീടിന്റെ പാതി തുറന്ന ജനാല വഴി ഊണുമേശയ്ക്കു ചുറ്റുമുള്ള ഒരു കുടുംബത്തിന്റെ ഭാഗികമായ കാഴ്ച്ച നോക്കിനില്‍ക്കുന്ന രംഗമുണ്ട്. കുടുംബമെന്ന സങ്കല്‍പ്പത്തെ നിരാകരിച്ച് സ്വയം വരിച്ച ഏകാന്തത ആയിരുന്നില്ല സജ്ജന്റേത്. പ്രാണനേക്കാള്‍ പ്രിയപ്പെട്ട ഭാര്യയുടെ മരണത്തോടെ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ ഒരു പാവം മനുഷ്യന്റെ ദയനീയത മുഴുവന്‍ വിളിച്ചു പറയുന്ന ഒന്നായിരുന്നു ആ രംഗം. കുടുംബമുള്ളവര്‍ക്കെല്ലാം മനസിലാകണമെന്നില്ല അതിന്റെ മൂല്യവും മഹത്വവും. നഷ്ടപ്പെട്ടവനേ നഷ്ടത്തിന്റെ വിലയറിയൂ. അത്രയും മൂല്യവത്താണ് ഓരോ മനുഷ്യനും അവന്റെ കുടുംബം. നിര്‍ഭാഗ്യവശാല്‍ ആ സൗഭാഗ്യത്തിന്റെ മാറ്ററിയാതെ അതിനെ നരകതുല്യമാക്കി സ്വയം ശപിച്ചും വിലപിച്ചും കഴിയുകയാണ് അധികം പേരും.
സമൂഹത്തില്‍ നാം പാലിക്കേണ്ട വ്യവസ്ഥാപിതങ്ങളായ ചില നിയമങ്ങളും ചട്ടങ്ങളുമൊക്കെയുണ്ട്. അതുപോലെ തന്നെ കുടുംബത്തിനുമുണ്ട് ചില രീതികളും കെമിസ്ട്രിയുമൊക്കെ. പരസ്പരാശ്രയത്വത്തിന്റെ ഊന്നുകോലുകളില്‍ സ്‌നേഹിച്ചും കലഹിച്ചും കഴിയുന്നവര്‍. ഔപചാരികതയുടെ പുറംതോടില്ലാതെയാണ് കുടുംബംങ്ങളില്‍ ഓരോരുത്തരുടെയെും ജീവിതം. ഭാര്യ ഭര്‍ത്താവിനോടും ഭര്‍ത്താവ് ഭാര്യയോടും അച്ഛനും അമ്മയും മക്കളോടും മക്കള്‍ അച്ഛനോടും അമ്മയോടുമൊക്കെ ആരും പറയാതെ പുലര്‍ത്തുന്ന ചില കടമകള്‍ കുടുംബത്തിലുണ്ടാകും. ആ കടമകള്‍ തിരിച്ചറിഞ്ഞ് എല്ലാവരും പെരുമാറുന്ന കുടുംബമാണ് കുടുംബമാകുന്നത്, സ്വര്‍ഗമാകുന്നത്.
വ്യക്തിസ്വാതന്ത്ര്യങ്ങളുടെ ഗ്വാ ഗ്വാ വിളികളിലും അവിഹിത ബന്ധങ്ങളുടെ കുരുക്കുകളിലും കുടുങ്ങി ശ്വാസം മുട്ടി കുടുംബങ്ങള്‍ കൂട്ടത്തോടെ മരിക്കുമ്പോള്‍ നിസ്സഹായതയോടെ നോക്കിനില്‍ക്കുകയാണ് പഴയ തലമുറ. ഫേസ് ബുക്കും വാട്്‌സ് ആപ്പും അപഹരിക്കുന്നത് സമയം മാത്രമല്ല പരസ്പര വിശ്വാസം കൂടിയാണ്. അടുക്കളയില്‍ വിയര്‍ത്തുകുളിച്ച് അന്നമൊരുക്കുന്നവളെ തിരിഞ്ഞുനോക്കാതെ മെസഞ്ചറിലും വാട്‌സ് ആപ്പിലും പരസ്ത്രീകളുമായി സല്ലപിക്കുന്ന ഭര്‍ത്താക്കന്‍മാര്‍, കുടുംബത്തിനെ ഊട്ടാന്‍ ഓടിനടന്ന് പണിയെടുത്ത് അവശനാകുന്ന ഭര്‍ത്താവിനെ ഗൗനിക്കാതെ പരപുരുഷന്‍മാരുമായി ചാറ്റിംഗ് നടത്തുന്ന ഭാര്യ, പര്‌സപരബഹുമാനമില്ലായ്മയുടെയും വിവേകശൂന്യതയുടെയും നേര്‍ക്കാഴ്ച്ചകളാണിവര്‍. ഭൗതികമായ ചില താത്പര്യങ്ങള്‍ക്കായി കുടുംബം തന്നെ ഉപേക്ഷിച്ചിറങ്ങുന്ന ഭ്രാന്തന്‍ മാനസികനിലയിലേക്ക് വീണുപോകുകയാണ് മനുഷ്യര്‍. ആരെയും സ്‌നേഹിക്കാനാകാതെ, വിശ്വസിക്കാനാകാതെ, മൂല്യങ്ങളില്‍ മതിപ്പില്ലാതെ, അപകര്‍ഷതാബോധത്തോടെ ഇവരുടെ കുഞ്ഞുങ്ങള്‍ വളരുന്നു, മൂല്യബോധമില്ലാത്ത ഒരു സമൂഹം തന്നെ അങ്ങനെ സൃഷ്ടിക്കപ്പെടുന്നു.
പരസ്പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അച്ഛനും അമ്മയുമാണ് കുട്ടികളുടെ ആദ്യഗുരുക്കന്‍മാര്‍. അവര്‍ പറഞ്ഞും തെളിച്ചും നല്‍കിയ വഴികളിലൂടെയാകണം അവരുടെ യാത്ര. അച്ഛന്‍ അച്ഛന്റെ ലോകത്തും അമ്മ അമ്മയുടെ ലോകത്തും ജീവിക്കുന്ന അണുകുടുംബങ്ങളിലെ കുട്ടികള്‍ അനുഭവിക്കുന്ന മാനസിക ഒറ്റപ്പെടല്‍ അവരുടെ സ്വഭാവ രൂപീകരണത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്നുണ്ട്. ഒരു വീട്ടില്‍ താമസിച്ചിട്ടും മൊബൈല്‍ ഫോണുകളില്‍ മുഖം പൂഴ്ത്തി പരസ്പരം കാണാതെ ജീവിക്കുന്ന അച്ഛനും അമ്മയും മക്കളും അടങ്ങുന്ന കുടുംബം കുടുംബമല്ല. കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബമെന്നാണ് കവിവാക്യം. ജീവിതസൗകര്യങ്ങള്‍ കൂടുംതോറും മനുഷ്യന്‍ മനുഷ്യനെ മറക്കുമെന്നാണ് സമകാലീന അനുഭവങ്ങളും കാഴ്ച്ചകളും കാട്ടിത്തരുന്നത്.
കാഴ്ച്ചകളും കാഴ്ച്ചപ്പാടുകളും മാറ്റിമറിച്ച ജീവിതത്തില്‍ ഇനിയും മനസിലാക്കാനാകാത്ത സമത്വസങ്കല്‍പ്പവുമായി സ്വാതന്ത്യത്തിനായി നെട്ടോട്ടമോടുന്നവരാണ് ഇന്നധികവും. നിരാകരിക്കലല്ല സ്വീകരിക്കലും ഏറ്റെടുക്കലുമാണ് ശക്തിയെന്ന് തിരിച്ചറിയാതെ, ഒന്നും നേടാതെ എവിടെയൊക്കെയോ വീണുപോകുന്നവര്‍. സഹനത്തിന്റെ മുള്‍ക്കിരീടം ചൂടി ജീവിച്ചു മരിച്ചുപോയ പാവങ്ങളെന്ന് മുന്‍തലമുറയെ പുച്ഛിക്കുന്നവരാണ് സ്വാതന്ത്ര്യത്തിന്റെ തീച്ചൂടിലേക്ക് പറന്നിറങ്ങി കരിഞ്ഞുപോകുന്നത്. സ്വന്തം താത്പര്യങ്ങള്‍ക്കായി ജീവിക്കുന്നവര്‍ക്കറിയില്ല ചില ത്യാഗങ്ങളുടെ വലിപ്പം. അവര്‍ക്കറിയില്ല നഷ്ടപ്പെട്ടുപോകുന്ന കുടുംബബന്ധങ്ങളുടെ മഹത്വം. അങ്ങനെയുള്ളവര്‍ ഒന്നോര്‍ക്കുക, നാളെ സഞ്ചരിച്ച വഴികളുടെ തെറ്റും ശരിയും വീണ്ടുവിചാരം ചെയ്യപ്പെടുമെങ്കില്‍, സ്വീകരിച്ച നിലപാടുകളില്‍ നിരാശ തോന്നുമെങ്കില്‍ ഏറ്റുപറയാനും തേടിച്ചെല്ലാനും മാപ്പുപറയാനും ഇന്ന് നിങ്ങള്‍ക്ക് ചുറ്റുമുളള്ളവരെല്ലാം അന്ന് ഉണ്ടാകണമെന്നില്ല..
Post Your Comments