Latest NewsNews

ചിരിപ്പിക്കാതെ കടന്നുകളഞ്ഞ കല്‍പ്പന

കടലിന്റെ ആഴങ്ങളിലേക്ക് മടങ്ങിപ്പോയ ക്യൂന്‍ മേരിയെപ്പോലെ

ഇന്ന് ജനുവരി 25 കല്‍പന വിട പറഞ്ഞിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം. പത്മരാജനെപ്പോലെ ജനുവരി സമ്മാനിച്ച നഷ്ടങ്ങളിലെ അവസാനത്തെ ഇരയാണ് കല്‍പന. മലയാളം തിരിച്ചറിയുന്നതിന് മുന്‍പേ മലയാള സിനിമക്ക് നഷ്ടമായ അഭിനേത്രി. അഭിനയത്തെക്കാളുപരി ഇമേജിന് പ്രാധാന്യം നല്‍കുന്ന നടിമാര്‍ക്ക് മുന്നില്‍ ഇമേജ് നോക്കാതെ അഭിനയിച്ച നടിയായിരുന്നു കല്‍പന. ഒരു പക്ഷേ മലയാള സിനിമ ഉപയോഗിക്കാതെ പോയ നടി. ചിരിപ്പിച്ച് ചിരിപ്പിച്ച് ഒടുവില്‍ കരയിപ്പിച്ചാണ് കല്‍പന വിട പറഞ്ഞത്. കല്‍പന ഏറ്റവും ഒടുവില്‍ വേഷമിട്ട ചാര്‍ലിയിലെ മറിയയെപ്പോലെ. ചാര്‍ലിക്കും മത്തായിക്കുമൊപ്പം നടുക്കടലില്‍ പിറന്നാള്‍ ആഘോഷിച്ച് ഒടുവില്‍ കടലിന്റെ ആഴങ്ങളിലേക്ക് മടങ്ങിപ്പോയ ക്യൂന്‍ മേരിയെപ്പോലെ..

ഹാസ്യം കൈകാര്യം ചെയ്യുന്ന അപൂര്‍വ്വം നടിമാരെ നമുക്കുണ്ടായിരുന്നുള്ളൂ. അവര്‍ക്കിടയില്‍ തന്റേതായ ചിരി ശൈലിയുമായി വന്ന നടിയായിരുന്നു കല്‍പന. സുകുമാരിയെപ്പോലെ ഏത് റോളും ഏത് വേഷവും അഭിനയിപ്പിച്ച് ഫലിപ്പിക്കാന്‍ പറ്റുന്ന നടി. കാമുകി, അമ്മ, അമ്മായിഅമ്മ വേലക്കാരി അങ്ങിനെ ഏത് റോളുകളിലും കല്‍പന തിളങ്ങി. ഹാസ്യത്തില്‍ നിന്നു ക്യാരക്ടര്‍ റോളുകളിലേക്കുള്ള കല്‍പനയുടെ ചുവടുമാറ്റം പെട്ടെന്നായിരുന്നു. അതുവരെ വീട്ടില്‍ ഒച്ച വച്ചു നടന്ന ഒരു പെണ്‍കുട്ടി പെട്ടെന്ന് മൗനിയായതു പോലെ…ഹാസ്യ നടിമാരുടെ അഭിനയത്തിന് വെറും കോമാളിക്കളിയുടെ വില നല്‍കുന്ന മലയാളി പ്രേക്ഷകരുടെ ധാരണകളെ മൊത്തം തിരുത്തിക്കൊണ്ടായിരുന്നു കല്‍പനയുടെ ഭാവമാറ്റം. കേരള കഫേയിലെ ബ്രിഡ്ജ് എന്ന ചിത്രത്തിലെ കല്‍പനയായിരുന്നു ആദ്യം മലയാളിയെ അതിശയിപ്പിച്ചത്. ബ്രിഡ്ജിലെ അമ്മായിഅമ്മയെ ഒരു ശല്യമായി കാണുന്ന ദുഷ്ടയായ മരുമകള്‍. അതുവരെ ചിരിപ്പിച്ച കല്‍പന പ്രേക്ഷകരില്‍ ദേഷ്യമുണര്‍ത്തി. സ്പിരിറ്റിലെ മദ്യപാനിയായ മണിയന്റെ ഭാര്യ പങ്കജമായി വന്ന് നൊമ്പരമുണര്‍ത്തി.

2012ല്‍ പുറത്തിറങ്ങിയ തനിച്ചല്ല എന്ന ചിത്രത്തിലെ റസിയാ ബീവി മലയാളം അംഗീകരിച്ചു കൊടുക്കാത്ത കല്‍പനക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്തു. ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ ഡോള്‍ഫിന്‍സില്‍ സുരേഷ് ഗോപിയുടെ നായികയായിട്ടായിരുന്നു കല്‍പന അഭിനയിച്ചത്. സുരേഷ് ഗോപി അവതരിപ്പിച്ച പനയമുട്ടം സുര എന്ന കഥാപാത്രത്തിന്റെ ഭാര്യ കൊച്ചുവാവയായിട്ടിരുന്നു കല്‍പന അഭിനയിച്ചത്. കൊച്ചുവാവയായി പക്വതയാര്‍ന്ന പ്രകടനമായിരുന്നു കല്‍പന കാഴ്ച വച്ചത്. ഒടുവില്‍ ചാര്‍ലിയില്‍ മറിയയായി വന്നു വേദനിപ്പിച്ചിട്ട് ആരോടും പറയാതെ കടന്നുകളഞ്ഞു.

shortlink

Post Your Comments


Back to top button