പുതിയ വര്‍ഷത്തിലെ ആദ്യ മാസം അവസാനിക്കുമ്പോള്‍ മലയാള സിനിമയ്ക്കിത് പുത്തന്‍ റിലീസുകളുടെ പെരുമഴ. അഞ്ച് പുതിയ ചിത്രങ്ങളാണ് ഈ ആഴ്ച തിയേറ്ററുകളിലെത്തുന്നത്. ചെറുതും വലുതുമായ പ്രൊഡക്ഷനുകളാണ് പ്രദര്‍ശനത്തിനെത്തുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ട്, സകലകലാശാല, വള്ളിക്കെട്ട്, നല്ല വിശേഷം, പന്ത് തുടങ്ങിയ ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുന്നത്. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ് ഇതില്‍ ശ്രദ്ധേയം. ‘ആദി’ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ന്റെ ട്രയിലര്‍ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിരുന്നു. അരുണ്‍ ഗോപി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സര്‍ഫിങ് പരിശീലകന്റെ വേഷത്തിലാണ് പ്രണവ്.
അതേസമയം മണിയന് പിള്ള രാജുവിന്റെ മകന് നിരഞ്ജന് നായക വേഷത്തിലെത്തുന്ന ചിത്രം സകലകലാശാല നാളെ തിയേറ്ററിലെത്തുന്നു. ഷാജി മൂത്തേടന് നിര്‍മിച്ച് വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ബഡായിബംഗ്ലാവ് എന്ന ഹിറ്റ് പ്രോഗ്രാമിന്റെ രചയിതാക്കളായ ജയരാജ് സെഞ്ചുറിയും, മുരളി ഗിന്നസുമാണ്.
ഒപ്പം വള്ളിക്കെട്ട് എന്ന രസകരമായ ചിത്രവും നാളെ റിലീസാവുകയാണ്. നര്‍മം, പ്രണയം,സംഘട്ടനം, ഫാമിലി ഡ്രാമ, ഗാനങ്ങള്‍ എല്ലാം ഒത്തുചേര്‍ന്ന ചിത്രം ജിബിന്‍ സംവിധാനം ചെയ്തിരിക്കുന്നു. നവാഗതരായ അഷ്കര്‍ സൗദാന്‍, സാന്ദ്ര നായര്‍ എന്നിവരാണ് നായകനും നായികയും. പ്രവാസി ഫിലിംസിന്റെ ബാനറില്‍ അജിതന് സംവിധാനം ചെയ്യുന്ന ചിത്രവും നാളെ തിയേറ്ററുകളിലെത്തുന്നു. പ്രകൃതിയെ പ്രണയിച്ചു ജീവിച്ച ഞവരൂര്‍ ഗ്രാമത്തിലെ സ്നേഹിക്കാന്‍ മാത്രമറിയുന്ന മനുഷ്യരുടെ കഥയാണ് സിനിമ പറയുന്നത്. ശ്രീജി ഗോപിനാഥനാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്.
https://www.facebook.com/AjuVargheseOfficial/videos/2207588999488962/?t=1
അതേസമയം ഫുട്ബോള്‍ പ്രമേയമാകുന്ന മറ്റൊരു മലയാള ചിത്രം കൂടി അണിയറയില്‍ റിലീസിനൊരുങ്ങി നില്‍ക്കുകയാണ്. ഫുട്ബോളില്‍ ഏറെ കമ്പമുള്ള എട്ട് വയസുകാരിയായ മുസ്ലിം പെണ്‍കുട്ടിയും അവളുടെ ഉമ്മൂമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ‘പന്ത്’ ഈ മാസം 7ന് റിലീസാവും. പരസ്യ സംവിധായകനായ ആദിയുടെ രണ്ടാമത്തെ ചിത്രമാണ് ‘പന്ത്’. പുത്തന്‍ സിനിമകള്‍ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.
Post Your Comments