ലോക്സഭ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം സംബന്ധിച്ച് ഇരു പാര്‍ട്ടികളും തമ്മില്‍ ഭിന്നത രൂക്ഷമായിരിക്കെയാണ് ആര്‍ജെഡി നേതാക്കള്‍ കോണ്‍ഗ്രസിലേയ്ക്ക് പോയത്. പപ്പു യാദവിന് പുറമെ ലവ്ലി ആനന്ദ്, അനന്ത് സിംഗ് എന്നിവരാണ് കോണ്‍ഗ്രസിലേയ്ക്ക് ചേക്കേറിയത്. ആര്‍ജെഡിക്കും കോണ്‍ഗ്രസിനും തുല്യ സീറ്റുകള്‍ എന്ന ആവശ്യം ശ്യാം സുന്ദര്‍ സിംഗ് ധീരജ് അടക്കമുള്ള നേതാക്കള്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ആര്‍ജെഡി തയ്യാറല്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉത്തര്‍പ്രദേശ് (80), മഹാരാഷ്ട്ര (48), പശ്ചിമ ബംഗാള്‍ (42), ബിഹാര്‍ (40), തമിഴ്നാട് (39) എന്നീ സംസ്ഥാനങ്ങളാണ് ലോക്സഭ തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങളില്‍ നിര്‍ണായകമാവുക. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന് നിയമസഭ തിരഞ്ഞെടുപ്പുകളിലെ വിജയം കോണ്‍ഗ്രസിന് യുപിയിലും ബിഹാറിലും വലിയ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. ഇതിന്റ അടിസ്ഥാനത്തിലാണ് ബിഹാറില്‍ ആര്‍ജെഡിയോട് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടത്. യുപിയില്‍ സമാജ് വാദി പാര്‍ട്ടിയും ബി എസ് പിയും കോണ്‍ഗ്രസിനെ സഖ്യത്തില്‍ ഉള്‍പ്പെടുത്തിയില്ല. മധ്യപ്രദേശിലും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ബി എസ് പി വ്യക്തമാക്കിയിരുന്നു.
മായാവതിയുമായും അഖിലേഷ് യാദവുമായും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് നടത്തിയ ചര്‍ച്ചകള്‍ ആര്‍ജെഡിയും കോണ്‍ഗ്രസും തമ്മിലുള്ള ഭിന്നതകള്‍ രൂക്ഷമാക്കിയിരുന്നു. അതേസമയം ആര്‍ജെഡിയുമായി യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്നാണ് തേജസ്വി യാദവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കോണഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ശക്തി സിംഗ് കോഹില്‍ പറയുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഫെബ്രുവരി മൂന്നിന് പാറ്റ്നയില്‍ റാലിക്കെത്തുന്നുണ്ട്. ഇതിന് ശേഷം സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ ധാരണയിലെത്തും. പാറ്റ്നയിലെ ഗാന്ധി മൈതാനത്ത് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് ഇത്തരത്തില്‍ ഒരു റാലി സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നത്.
Post Your Comments