വയനാട് : കാസര്‍കോട് പൊതുവേദിയില്‍ പ്രസംഗിക്കുന്നതിനിടെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ട് കെ.സുധാകരന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം വ്യാപകം. മുഖ്യമന്ത്രി പിണറായി വിജയന്‍ പെണ്ണുങ്ങളേക്കാള്‍ മോശമാണെന്ന് പറയുമ്പോള്‍ പെണ്ണുങ്ങളെന്തോ മോശമാണെന്നാണോ കെ. സുധാകരന്‍ പറയുന്നതെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സി.കെ ജാനു ചോദിച്ചു.
അയാളുടെ വീട്ടിലും ഭാര്യയും മക്കളും അമ്മയും പെങ്ങളുമൊക്കെയില്ലേ. എല്ലാവര്‍ക്കും വായിത്തോന്നുന്ന പറയാവുന്ന വിഭാഗമാണോ സ്ത്രീകള്‍. അങ്ങനെയൊരു പരാമര്‍ശം നടത്തുന്നതെന്ത് മോശമാണ്. അത്തരമൊരു പരാമര്‍ശം വളരെ ബാലിശമായിപ്പോയി. കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ വക്താവ് എന്ന നിലയിലാണ് ഈ പ്രസ്താവനയെന്നു കരുതുന്നില്ല. തോന്നുന്നവര്‍ക്ക് തോന്നിയതു വിളിച്ചു പറയുകയാണ്. ‘ സി.കെ ജാനു പറഞ്ഞു. സ്ത്രീകളെ അധിക്ഷേപിച്ചു സംസാരിക്കുന്നവരെ മാധ്യമങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ജെ. ദേവിക അഭിപ്രായപ്പെട്ടു. ശബരിമല വിഷയം കഴിഞ്ഞപ്പോള്‍, കേരളത്തില്‍ സ്ത്രീകള്‍ക്ക് അനുകൂലമായുണ്ടായിരുന്ന അന്തരീക്ഷം വളരെ കുറഞ്ഞതായും ദേവിക അഭിപ്രായപ്പെട്ടു.
ഇരട്ടച്ചങ്കന്‍ മുച്ചങ്കന്‍ എന്നൊക്കെ പറഞ്ഞ് സി.പി.ഐ.എമ്മിന്റെ ആളുകള്‍ മുഖ്യമന്ത്രിയെ പൊക്കിയടിക്കുമ്പോള്‍ ഞങ്ങളുമൊക്കെ വിചാരിച്ചു, പിണറായി വിജയന്‍ മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെപ്പോലെ എന്തെങ്കിലും ചെയ്യുമെന്ന്. പക്ഷേ ആണുങ്ങളെപ്പോലെ ചെയ്തില്ലെന്ന് മാത്രമല്ല പെണ്ണുങ്ങളേക്കാള്‍ മോശമായി എന്നതാണ് യാഥാര്‍ത്ഥ്യം കൊണ്ട് നമുക്ക് മനസിലാവുന്നത്. ഒരു വിവരമില്ലാത്തൊരു ഭരണാധികാരിയുടെ നിലവാരത്തിലേക്കുപോലും മുഖ്യമന്ത്രിയെത്തി. ‘ എന്നായിരുന്നു സുധാകരന്റെ പരാമര്‍ശം.
Post Your Comments