കാഴ്ചയില്ലാത്തവര്‍ക്ക് വെളിച്ചമേകുന്ന ഒരിന്ത്യന്‍ ഗ്രാമം. ഓരോ വീട്ടിലും ഒരാളെങ്കിലും തങ്ങളുടെ കണ്ണുകള്‍ കാഴ്ചയില്ലാത്ത ആര്‍ക്കെങ്കിലും ധാനം ചെയ്യുന്നു. കന്യാകുമാരിയിലാണ് ഈ വേറിട്ട ഗ്രാമമുള്ളത്. മടാത്താട്ടുവിളൈ എന്നാണ് ഗ്രാമത്തിന്റെ പേര്. ഈ ഗ്രാമത്തില്‍ പത്തുവര്‍ഷത്തിനുള്ളില്‍ 229 പേര്‍ തങ്ങളുടെ കണ്ണുകള്‍ ധാനം ചെയ്തു കഴിഞ്ഞു.
ഗ്രാമത്തിലെ ആരെങ്കിലും മരിച്ചുകഴിഞ്ഞാലുടന്‍ വീട്ടുകാര്‍ അവിടെയുള്ള പള്ളിയിലെ വൈദികനെ വിവരം അറിയിക്കും. പള്ളിയിലെ ചെറുപ്പക്കാര്‍ ഉടന്‍ തന്നെ മരണം നടന്ന വീട്ടിലെത്തുകയും കണ്ണുകള്‍ ദാനം ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. തിരുനെല്‍വേലിയിലെ മെഡിക്കല്‍ ടീം എത്തിയാണ് കണ്ണുദാനത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. ആദ്യമൊന്നും ഗ്രാമവാസികള്‍ ഇതിനെക്കുറിച്ച് ബോധവാന്മാരായിരുന്നില്ല. 2004 -ല്‍ പള്ളിയിലെ യൂത്ത് ഗ്രൂപ്പ്, ജനങ്ങള്‍ക്കിടയില്‍ കണ്ണ് ദാനം ചെയ്യുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തി. സെന്റ്.സെബാസ്റ്റ്യന്‍സ് ചര്‍ച്ചിലെ വൈദികന്‍ ഇതിനെ പിന്തുണച്ചു. ബോധവല്‍ക്കരണം വെറുതെയായില്ല. മൂന്നു വര്‍ഷത്തിനു ശേഷം 2007- ല്‍ ആദ്യമായി ഗ്രാമത്തിലൊരാളുടെ കണ്ണുകള്‍ ദാനം ചെയ്തു. ആ വര്‍ഷം അവസാനമായപ്പോഴേക്കും 1500 പേര്‍, കണ്ണ് ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രത്തില്‍ ഒപ്പ് വച്ചു കഴിഞ്ഞിരുന്നു.അതില്‍ കൂടുതലും യുവാക്കളായിരുന്നു. പിന്നീട് ഒരു വീട്ടില്‍ ഒരാളെങ്കിലും കണ്ണുകള്‍ ധാനം ചെയ്യാനുള്ള സന്നദ്ധത അറിയിച്ചു. 14 വയസുള്ള കുട്ടി മുതല്‍ 97 വയസുള്ള ആളിന്റെവരെ കണ്ണുകള്‍ ഇപ്പോള്‍ ധാനം ചെയ്തിട്ടുണ്ട്.
Post Your Comments