KeralaLatest News

മുനമ്പം മനുഷ്യക്കടത്ത് രണ്ടു പേരെ തിരിച്ചറിഞ്ഞു

കൊച്ചി : മുനമ്പം മനുഷ്യക്കടത്തിന് പിന്നിലെ രണ്ട് പേരെ തിരിച്ചറിഞ്ഞു. മുനമ്പം വഴി ഇവരെ കടത്തിയ ബോട്ട് വാങ്ങിയ രണ്ട് പേരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ശ്രീകാന്തന്‍, സെല്‍വം എന്നിവരാണ് ബോട്ട് വാങ്ങിയതെന്നാണ് പൊലീസിന് വിവരം കിട്ടിയിരിക്കുന്നത്. കുളച്ചല്‍ സ്വദേശിയാണ് ശ്രീകാന്തന്‍. സെല്‍വം ഏത് നാട്ടുകാരനാണെന്ന വിവരം പൊലീസിന് കിട്ടിയിട്ടില്ല. തിരുവനന്തപുരം സ്വദേശി അനില്‍കുമാറില്‍ നിന്നാണ് ഇവര്‍ ബോട്ട് വാങ്ങിയത്.

ഒരു കോടി രണ്ട് ലക്ഷം രൂപ നല്‍കിയാണ് ഇവര്‍ അനില്‍കുമാറില്‍ നിന്ന് ബോട്ട് വാങ്ങിയത്. ഒന്നില്‍ കൂടുതല്‍ ബോട്ടുകള്‍ കൊച്ചിയില്‍ നിന്ന് പോയെന്നും വിവരമുണ്ട്. കഴിഞ്ഞയാഴ്ച ശ്രീകാന്തന്‍ കൊടുങ്ങല്ലൂരെത്തിയിരുന്നു. ഇവിടുത്തെ ഒരു ലോഡ്ജിലാണ് ഇയാള്‍ താമസിച്ചത്. കാര്യങ്ങള്‍ ഏകോപിപ്പിച്ചതും ശ്രീകാന്തന്‍ ആണെന്നാണ് സൂചന. ഇയാളുടെ മൊബൈല്‍ ഫോണ്‍ നിലവില്‍ പ്രവര്‍ത്തന രഹിതമാണ്.

രണ്ടുദിവസം മുമ്പാണ് 42 പേരടങ്ങുന്ന സംഘം കൊച്ചി തീരത്തുനിന്ന് മല്‍സ്യബന്ധനബോട്ടില്‍ പുറപ്പെട്ടത്. മുനമ്പത്തുനിന്നും കൊടുങ്ങല്ലൂരില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗുകളാണ് മനുഷ്യക്കടത്തിനെപ്പറ്റി സൂചന നല്‍കിയത്. ഓസ്‌ട്രേലിയയില്‍ നിന്ന് 1538 നോട്ടിക്കല്‍ മൈല്‍ അകലെയുളള ക്രിസ്തുമസ് ദ്വീപിലേക്കാണ് ഇവര്‍ പോയെതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഓസ്‌ട്രേലിയയിലേക്കുളള അനധികൃത കുടിയേറ്റത്തിന്റെ ഇടനാഴിയാണ് ഈ ദ്വീപ്.തമിഴ്‌നാട്ടില്‍ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാപുകളില്‍ കഴിയുന്നവരാണ് ജയമാതാ ബോട്ടില്‍ കൊച്ചി തീരം വിട്ടതെന്നും സംശയിക്കുന്നു.

അതേസമയം ചെറായിയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കടന്നെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങള്‍ പുറത്തു വന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീകളും കുട്ടികളും സംഘത്തിലുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ചെറായിയിലെ ഒരു സ്വകാര്യറിസോര്‍ട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button