
ദോഹ: ഖത്തര്‍-അമേരിക്ക രണ്ടാമത് നയതന്ത്ര ചര്‍ച്ച ദോഹയില്‍ നടന്നു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഖത്തര്‍ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനിയും ചര്‍ച്ചക്ക് നേതൃത്വം നല്‍കി. ഖത്തറുമായി നിരവധി കരാറുകളില്‍ അമേരിക്ക ഒപ്പുവെച്ചു.
മധ്യേഷ്യന്‍ യാത്രയുടെ ഭാഗമായാണ് പോംപിയോ ഖത്തറിലെത്തിയത്. ദോഹയില്‍ വിമാനമിറങ്ങിയ മൈക്ക് പോംപിയോയെ ഖത്തര്‍ വിദേശകാര്യമന്ത്രാലയം സെക്രട്ടറി ജനറല്‍ ഡോ. അഹ്മദ് ബിന്‍ ഹസന്‍ അല്‍ ഹമ്മാദി, യു.എസ് എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് വില്ല്യം ഗ്രാന്റ് എന്നിവര്‍ സ്വീകരിച്ചു.
തുടര്‍ന്ന് നടന്ന രണ്ടാമത് ഖത്തര്‍ അമേരിക്ക നയതന്ത്ര ചര്‍ച്ചക്ക് പോംപിയോയും ഖത്തര്‍ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനിയും നേതൃത്വം നല്‍കി. രാഷ്ട്രീയ സാമ്പത്തിക വാണിജ്യ മേഖലകളില്‍ ഉഭയകക്ഷി സഹകരണം ശക്തമാകുന്നത് സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങള്‍ ചര്‍ച്ചയിലുണ്ടായി.
അല്‍ ഉദൈദിലെ യു.എസ് സൈനിക താവളത്തിന് എല്ലാവിധ സഹായങ്ങളും നല്‍കുന്നതില്‍ പോംപിയോ ഖത്തറിന് നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വിശാലമായതാണെന്നും അതിപ്രധാനമാണെന്നും കൂടുതല്‍ വളര്‍ച്ചയിലേക്ക് നീങ്ങുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
നിരവധി അന്താരാഷ്ട്ര മേഖലാ പ്രശ്‌നങ്ങള്‍ നേരിടുന്നതില്‍ അമേരിക്ക ഖത്തറിന്റെ ചങ്ങാതിയാണെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി പറഞ്ഞു. അമേരിക്കയുമായുള്ള ബന്ധം മൂലം ഖത്തറിന് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടാന്‍ കഴിഞ്ഞെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
അബൂദബിയില്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സായിദുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് പോംപിേയാ ഖത്തറിലെത്തിയത്. ദോഹ സദര്‍ശനത്തിന് ശേഷം പോംപിയോ സൗദി അറേബ്യ സന്ദര്‍ശനത്തിനായി പുറപ്പെട്ടു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി അദ്ദേഹം ചര്‍ച്ച നടത്തും.
Post Your Comments