KeralaLatest News

അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശാസ്‌ത്രചിന്ത വളര്‍ത്തിയെടുക്കണം : മുഖ്യമന്ത്രി പിണറായി വിജയന്‍

തൃശൂര്‍•അന്ധവിശ്വാസങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അതിനെതിരെ ശാസ്‌ത്രചിന്ത വളര്‍ത്തിയെടുക്കലാണ്‌ പ്രധാനമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുഴൂരില്‍ ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഗവേഷണ വികസന ഉപകേന്ദ്രത്തിന്റെ പ്രവര്‍ത്തനോദ്‌ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്‌ത്ര കോണ്‍ഗ്രസ്സില്‍ പോലും ഭാരതീയ ചരിത്രവും വേദവും പറയാന്‍ പരിണാമ സിദ്ധാന്തവും അപേക്ഷിക സിദ്ധാന്തവും തെറ്റായ കാര്യാങ്ങളാണെന്നും വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണ്‌ ഒരു കൂട്ടര്‍. ഗ്രഹാനന്തര യാത്ര നടത്തിയിരിക്കുന്ന കാലഘട്ടത്തില്‍ സമൂഹത്തെ പുറകോട്ടടിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശാസ്‌ത്രബോധം ഉയര്‍ത്തി നാമൊന്നിക്കണം എന്ന്‌ അദ്ദേഹം പറഞ്ഞു. എങ്കില്‍ മാത്രമേ ശാസ്‌ത്ര സാമൂഹ്യവല്‍ക്കരണം പൂര്‍ണ്ണതിയലെത്തിക്കാന്‍ കഴിയൂ.

ശാസ്‌ത്ര ചിന്തയോടൊപ്പം സാമൂഹിക പരിഷ്‌ക്കരണം സാധ്യമാക്കുന്ന പ്രവര്‍ത്തനങ്ങളാണ്‌ ശാസ്‌ത്ര സാങ്കേതിക കൗണ്‍സില്‍ ആവിഷ്‌കരിക്കുന്നത്‌. ജൈവ വൈവിധ്യത്തെ നിലനിര്‍ത്തിയുള്ള വികസന പ്രവര്‍ത്തനങ്ങളാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. ഒരു വാര്‍ഡില്‍ 75 തെങ്ങിന്‍ തൈ നടുന്ന പദ്ധതിയിലൂടെ കേരളത്തിന്റെ കേരപ്പെരുമ നിലനിര്‍ത്താന്‍ സാധിക്കും. ആയുര്‍വേദ പാരമ്പര്യത്തില്‍ പേരുകേട്ട നമ്മുടെ നാട്ടില്‍ ഔഷധ ഇനത്തില്‍പെട്ട സസ്യങ്ങളുടെ ലഭ്യതകുറവ്‌ ഇന്ന്‌ നിലനില്‍ക്കുന്നുണ്ട്‌. ഇത്‌ രണ്ട്‌ രീതിയില്‍ പരിഹരിക്കാനാവും. വീട്ടു വളപ്പില്‍ ഔഷധ ചെടികള്‍ നട്ടുവളര്‍ത്തണം. കൂടാതെ തോട്ടം പോലെ ഔഷധകൃഷി നടത്താനും തയ്യാറാകണം. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ സഹായിക്കുകയാണ്‌ ശാസ്‌ത്ര സാങ്കേതിക കൗണ്‍സിലിന്റെ ദൗത്യം. അതിനായുളള പ്രവര്‍ത്തനങ്ങളില്‍ ശാസ്‌ത്ര കൗണ്‍സില്‍ എര്‍പ്പെടും. തഴതൈ ഉത്‌പാദനം ലക്ഷ്യമാക്കി പ്രവര്‍ത്തനം ആരംഭിക്കുന്ന കാര്‍ഷിക ഉപകേന്ദ്രത്തിലൂടെ ടിഷ്യു കള്‍ച്ചര്‍ സംവിധാനം പ്രയോജനപ്പെടുത്തി കാര്‍ഷിക ഉത്‌പന്നങ്ങളുടെ ഉത്‌പാദനം മെച്ചപ്പെടുത്താന്‍ സാധിക്കും. കൂടാതെ ഇതിനെ മൂല്യവര്‍ദ്ധിത ഉല്‍പന്നമാക്കി നല്ല രീതിയില്‍ സംഘടിപ്പിക്കാന്‍ കഴിയണം. കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ തഴപ്പായ നിര്‍മ്മിച്ച്‌ നല്‍കിയാല്‍ ആളുകള്‍ വാങ്ങും. നല്ല രീതിയില്‍ തൊഴില്‍ ഉണ്ടാകും. ഇതില്‍ സ്‌ത്രീകള്‍ക്ക്‌ ശാസ്‌ത്രീയമായ പരിശീലനം നല്‍കിയാല്‍ അവര്‍ക്ക്‌ മെച്ചപ്പെട്ട വരുമാനവും ജീവിതരീതിയും കൈവരിക്കാന്‍ സാധിക്കും. തഴച്ചെടിക്ക്‌ പ്രകൃതിദത്തമായ കരുത്തുളളതിനാല്‍ നദി, കായല്‍, തോട്‌ തുടങ്ങിയവയെ സംരക്ഷിക്കാന്‍ ഉപയോഗിക്കാം. ഇക്കഴിഞ്ഞ പ്രളയത്തില്‍ മറ്റു ചെടികള്‍ ഒലിച്ചു പോയപ്പോള്‍ തഴക്കൈത ഉറപ്പോടുകൂടി മലവെളളത്തെ അതിജീവിച്ചത്‌ നിയമസഭ പരിസ്ഥിതി കമ്മിറ്റി എടുത്തു പറഞ്ഞിട്ടുണ്ട്‌. അന്‍ഡോമാന്‍ നിക്കോബര്‍ ദ്വീപുകളില്‍ പ്രകൃതി ക്ഷോഭത്തെ നേരിടാന്‍ ഉപയോഗിക്കുന്നത്‌ തഴച്ചെടികളാണ്‌. ഇതിനകം മൂവായിരത്തിലധികം തഴച്ചെടികളുടെ വിവരം ജൈവവൈവിധ്യബോര്‍ഡിന്‌ കൈമാറിയതായി അദ്ദേഹം അറിയിച്ചു.

വി ആര്‍ സുനില്‍ കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ്‌ മന്ത്രി അഡ്വ. വി എസ്‌ സുനില്‍കുമാര്‍ സന്നിഹിതനായി. ജൈവ ഉല്‍പന്നങ്ങള്‍ക്കാണ്‌ ഇപ്പോള്‍ ശാസ്‌ത്രം പ്രാധാന്യം നല്‍കുന്നത്‌. ഗവേഷണവും വികസനവും കൂടുതലായി ഈ മേഖലയില്‍ വേണം. ഇപ്പോള്‍ തുറന്നരിക്കുന്ന ഗവേഷണ വികസന ഉപകേന്ദ്രത്തിലൂടെ കാര്‍ഷിക മേഖലയ്‌ക്ക്‌ മുന്നോട്ട്‌ പോകാനാവുന്ന വിധത്തില്‍ തൊഴില്‍ സൃഷ്‌ടിക്കാനാവുമെന്ന്‌ അദ്ദേഹംപറഞ്ഞു. കുഴൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ശാന്തകുമാരി, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഇന്‍-ചാര്‍ജ്‌ ജയ ചന്ദ്രന്‍, ജില്ല പഞ്ചായത്ത്‌ അംഗം നിര്‍മല്‍ സി പാത്താടന്‍, ബ്ലോക്ക്‌ അംഗം ബിജി വിത്സണ്‍, വാര്‍ഡ്‌ അംഗം അന്തോണി വി വി, വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്‌ ആന്‍ഡ്‌ സയന്റിസ്റ്റ്‌ ഇന്‍-ചാര്‍ജ്ജ്‌ ഡോ. കെ സതീഷ്‌ കുമാര്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. കെ എസ്‌ സി എസ്‌ റ്റി ഇ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ പി എച്ച്‌ കുര്യന്‍ സ്വാഗതവും ജെ എന്‍ റ്റി ബി ജി ആര്‍ ഐ ഡയറക്ടര്‍ ഡോ. ആര്‍ പ്രകാശ്‌ കുമാര്‍ നന്ദിയും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button