തിരുവനന്തപുരം: സമഗ്ര ശിശുവികസന പരിപാടിയുടെ ഭാഗമായി അങ്കണവാടികളുടെ ശാക്തീകരണം ലക്ഷ്യമാക്കിക്കൊണ്ട് കേരളത്തിലെ തെരഞ്ഞെടുത്ത ഐ.സി.ഡി.എസ്. ബ്ലോക്കുകളില്‍ മാതൃകാ അങ്കണവാടികള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന വനിത ശിശു വികസന വകുപ്പെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ‘ഫീഡിങ് സെന്റര്‍’ എന്ന പ്രതിഛായ മാറ്റിയെടുക്കാന്‍ അങ്കണവാടികളുടെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി കുട്ടികളുടെ ബൗദ്ധികവികാസത്തിന് ഊന്നല്‍ നല്‍കുന്ന മോഡല്‍ അംഗണവാടികളാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അംഗന്‍വാടി കെട്ടിടങ്ങളുടെ രൂപഘടന മുതല്‍ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം വരെയുള്ള എല്ലാകാര്യങ്ങളിലും ശ്രദ്ധിച്ചാണ് മോഡല്‍ അംഗണവാടിയ്ക്ക് രൂപം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ (സി.ഡി.സി.) സമര്‍പ്പിച്ച മോഡല്‍ അംഗണവാടി റിപ്പോര്‍ട്ട് വിശകലനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മോഡല്‍ അംഗണവാടി റിപ്പോര്‍ട്ട് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. ബാബുജോര്‍ജ് കൈമാറി. സാമൂഹ്യനീതി സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്., വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് ഐ.എ.എസ്. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്ന തരത്തിലാണ് ഓരോ അംഗന്‍വാടിയും പുതുതായി നിര്‍മ്മിക്കുന്നത്. ഇതിനായി അതത് പഞ്ചായത്തിന്റേയും മറ്റ് സന്നദ്ധ സംഘടനകളുടേയും സഹായത്തോടെയാണ് സ്ഥലം ഒരുക്കുന്നത്. 10 സെന്റ് സ്ഥലമാണ് അംഗണവാടികള്‍ നിര്‍മ്മിക്കുന്നതിന് ശുപാര്‍ശ ചെയ്യുന്നതെങ്കിലും 3 സെന്റ്, 5 സെന്റ്, ഏഴര സെന്റ് സ്ഥലത്തും കുട്ടികള്‍ക്ക് പഠിക്കുന്നതിനും കളിക്കുന്നതിനുമാവശ്യമായ സുരക്ഷിത അന്തരീക്ഷത്തോടെയാണ് അംഗണവാടികള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. പഠനമുറി, വിശ്രമ സ്ഥലം, ഭക്ഷണം കഴിക്കാനുള്ള സ്ഥലം, അടുക്കള, ഭക്ഷ്യസാധനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന സ്റ്റോര്‍, കളിക്കാനുള്ള സ്ഥലം, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ചെറിയ പൂന്തോട്ടം എന്നിങ്ങനെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ആദ്യഘട്ടത്തില്‍ എല്ലാ ജില്ലയിലും ഓരോന്ന് വീതം 14 മോഡല്‍ അംഗണവാടികളാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്.
6 വയസുവരെ പ്രായമുള്ള കുട്ടികളുടെ വളര്‍ച്ചയ്ക്കും ബുദ്ധി വികാസത്തിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് സി.ഡി.സി. നല്‍കിയിട്ടുള്ളത്. മോഡല്‍ അങ്കണവാടിയിലെ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളും കുട്ടികള്‍ക്ക് അനുയോജ്യവും സന്തോഷപ്രദവുമാകുന്ന ലളിത വ്യായാമ പരിപാടികളും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
പ്രീസ്‌കൂള്‍ വിദ്യാഭ്യാസത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കി ‘തീം ബേസ്ഡ്’ കരിക്കുലം അങ്ങനെതന്നെ നിലനിര്‍ത്തിക്കൊണ്ട് കുട്ടികളുടെ ബുദ്ധിവികാസത്തിനനുസരിച്ച് ഓരോ മേഖലകളിലുമുള്ള പരിശീലനം ലക്ഷ്യമിടുന്നു. അങ്കണവാടി പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ മുഖേനയായിരിക്കും നല്‍കുക.
എഴുതാനും വായിക്കാനും പ്രാപ്തരായ കുട്ടികള്‍ക്ക് അതിനുള്ള പരിശീലനം അങ്കണവാടിയില്‍ ലഭ്യമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനായി ‘അങ്കണപ്പൂമഴ’ എന്ന കുട്ടികളുടെ കൈപ്പുസ്തകത്തിന് ഒരു രണ്ടാം ഭാഗം വിദഗ്ധരുടെ സഹായത്തോടെ തയ്യാറാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
അങ്കണവാടിയിലെ പ്രീസ്‌കൂള്‍ ക്ലാസ്മുറി എങ്ങനെ സജ്ജീകരിക്കണമെന്നും എന്തൊക്കെ സാമഗ്രികള്‍ ഉള്‍പ്പെടുത്തണമെന്നുമുള്ള വിശദമായ നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അങ്കണവാടിയിലെ പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് ഒരു യുണിഫോമും നിര്‍ദേശിച്ചിട്ടുണ്ട്.
കോളേജ് ഓഫ് ആര്‍ക്കിടെക്ച്ചര്‍ ട്രിവാന്‍ഡ്രമാണ് മോഡല്‍ അംഗണവാടി രൂപകല്‍പന ചെയ്തിരിക്കുന്നത്.
Post Your Comments