ആലപ്പുഴ•കുട്ടനാട് എം.എൽ.എ തോമസ് ചാണ്ടി കുട്ടനാട് നിവാസികളെ അധിവസിപ്പിച്ച മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്തിലേക്ക് പ്രളയ ദുരിതർക്കു വേണ്ടി നൽകിയ രണ്ടര ലക്ഷം രൂപയുടെ ചെക്ക് പഞ്ചായത്ത് അക്കൗണ്ടിൽ വരവു വെയ്ക്കാതെ പഞ്ചായത്ത് പ്രസിഡന്റും പാർട്ടി നേതാക്കളും ചേർന്ന് പങ്കിട്ട് എടുത്തതായിട്ടുള്ള ആരോപണം വിജിലൻസ് അന്വേഷിക്കണമെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി.വിനോദ് കുമാർ, ബി.ജെ.പിസംസ്ഥാന സമിതി അംഗം ആർ.ഉണ്ണികൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു.
ദുരിതാശ്വാസ ക്യാമ്പിലേക്ക് നൽകിയ തുക പഞ്ചായത്ത് പ്രസിഡന്റിന്റെ ഒത്താശയോടെ കണക്കിൽപ്പെടുത്താതെ പാർട്ടി പ്രവർത്തകന്റെ അക്കൗണ്ടിൽ മാറ്റി എടുക്കുകയായിരുന്നു. ഇതേ ചൊല്ലി പഞ്ചായത്തിലെ പാർട്ടി പ്രവർത്തകർക്കിടയിൽ തന്നെ ഭിന്നത രൂക്ഷമാണ്.
ദുരിതാശ്വാസ ക്യാമ്പിൽ വന്ന വിലപിടിപ്പുള്ള വസ്ത്രങ്ങളും മറ്റു സാമഗ്രികളും പാർട്ടി നേതാക്കൾ കടത്തുന്നതായി മുൻപ് തന്നെ ആരോപണം ഉയർന്നിരുന്നു.
ഇതിനു മുൻപ് നാട്ടുകാരിൽ നിന്നും പിരിച്ച ചികിത്സാ സഹായം സ്വകാര്യ അക്കൗണ്ടിൽ സൂക്ഷിച്ച് വിതരണം ചെയ്യാതിരുന്നതും പിന്നീട് ചോദ്യങ്ങൾ ഉയർന്നപ്പോൾ കുറച്ചു തുക മാത്രം വിതരണം ചെയ്ത് ജനത്തിന്റെ കണ്ണിൽ മണ്ണിട്ടതും ഇതേ പഞ്ചായത്ത് ഭാരവാഹികൾ തന്നെയാണ്.. മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ നടക്കുന്ന ഇത്തരം അഴിമതികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു.
Post Your Comments