Latest NewsGulf

ജിദ്ദ ആര്‍ എസ് സി സാഹിത്യോത്സവിന് നാളെ പ്രൗഢോജ്വല തുടക്കം

ജിദ്ദ: രിസാല സ്റ്റഡി സര്‍ക്കിളിന് കീഴിലുള്ള കലാലയം സാംസ്‌കാരിക വേദി ജിദ്ദ സെന്റര്‍ തല പത്താമത് എഡിഷന്‍ സാഹിത്യോത്സവ് നാളെ ജിദ്ദയില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ ഏഴുമണിക്ക് പതാക ഉയര്‍ത്തുന്നതോടെ പ്രവാസ ലോകത്തെ ഏറ്റവും മികച്ച ഇസ്ലാമിക് കലാമേളയായി വിലയിരുത്തപ്പെടുന്ന സാഹിത്യോത്സവിനു തുടക്കമാവും. പിന്നീട് എണ്‍പതില്‍ പരം ഇനങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സരങ്ങളുണ്ടാവും. കിഡ്സ്, പ്രൈമറി, ജൂനിയര്‍, സെക്കണ്ടറി, സീനിയര്‍, വിഭാഗങ്ങളിലായി മുന്നൂറോളം പ്രതിഭകള്‍ മാറ്റുരക്കും.

യൂണിറ്റ് സെക്ടര്‍ തല മത്സരങ്ങളില്‍ മികച്ച വിജയം നേടിയ പ്രതിഭകള്‍ക്ക് മാത്രമാണ് സെന്റര്‍ തല സാഹിത്യോത്സവില്‍ മത്സരിക്കുവാനുള്ള അവസരമുണ്ടാവുക. ഒരേസമയം 10 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. സാഹിത്യോത്സവിന്റെ വിജയത്തിനായി നേരത്തെ തന്നെ ഐസിഫ്, ആര്‍എസ്സി സംയുക്താഭിമുഖ്യത്തില്‍ 101 അംഗ സ്വാഗതസംഘം രൂപീകരിക്കപ്പെട്ടിരുന്നു.

ഇസ്ലാമിക സാഹിത്യത്തിന് അവഗണന നേരിട്ടു കൊണ്ടിരിക്കുമ്പോള്‍ അന്യം നിന്നുപോകുന്ന മാപ്പിള കലകള്‍ക്ക് പുതുജീവന്‍ നല്‍കുക വഴി ധാര്‍മ്മിക ബോധമുള്ള കലാകാരന്മാരെ വളര്‍ത്തിക്കൊണ്ടു വരികയും, അശ്ലീലവും ആഭാസങ്ങളും കുത്തിനിറച്ചു ശുദ്ധ കലകള്‍ക്ക് ക്ഷതമേല്പിക്കുന്ന ഈ കാലത്ത് നന്മ നശിക്കാത്ത ധര്‍മ്മാധിഷ്ഠിതമായ തനത് കലാമൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുകയുമാണ് ആര്‍. എസ്. സി സാഹിത്യോത്സവ് ലക്ഷ്യമിടുന്നതെന്നും സ്വാഗതസംഘം ചെയര്‍മാന്‍ ഷാഫി മുസ്ലിയാര്‍ കണ്‍വീനര്‍ യാസിര്‍ അറഫാത്ത് ഫൈനാന്‍സ് കണ്‍വീനര്‍ അബ്ദുല്‍ ഗഫൂര്‍ വാഴക്കാട്, മീഡിയ & പബ്ലിസിറ്റി കണ്‍വീനര്‍ അബ്ദുന്നാസിര്‍ അന്‍വരി എന്നിവര്‍ അഭിപ്രായപ്പെട്ടു.

വൈകുന്നേരം 6 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സൗദിയിലെ പ്രമുഖ സാഹിത്യകാരന്മാരും വിദ്യാവിചക്ഷണരും പങ്കെടുക്കും. സാഹിത്യോത്സവിന്റെ വിജയിത്തിനായുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സ്വാഗതസംഗം ഭാരവാഹികള്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button