ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രമായ ലേയിലേക്ക് തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നിന്നും റെയില്‍ പാത വരുന്നു. റെയില്‍ പാതക്കായുള്ള പ്രാരംഭ പഠനങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഇന്ത്യന്‍ റെയില്‍വേയുടെ സ്വപ്നപദ്ധതി യാഥാര്‍ഥ്യമായാല്‍ ലോകത്തെ ഏറ്റവും സുന്ദരവുമായ റെയില്‍ പാതകളിലൊന്നായി ഡല്‍ഹി – ലേ പാതമാറും. മാണ്ടി, മണാലി, കീലോങ്, ഉപ്സി, കാരു വഴിയായിരിക്കും ലേയിലെത്തുക. ഈ മാര്‍ഗ്ഗത്തില്‍ 30 റെയില്‍വേ സ്റ്റേഷനുകളാണ് ഉണ്ടാകുക.
നിലവില്‍ ഡല്‍ഹിയില്‍ നിന്നും ലേയിലെത്താന്‍ 40 മണിക്കൂര്‍ വേണ്ടി വരുമെങ്കില്‍ പകുതി സമയംകൊണ്ട് ട്രയിനിലെത്താനാകും. 30 മാസങ്ങള്‍ കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്. യാത്രാ സമയം ഇനിയും കുറക്കാനുള്ള സാധ്യത പഠനവും നടത്തുന്നുണ്ട്.465 കിലോമീറ്ററാണ് ഡല്‍ഹിയില്‍ നിന്നും ലേ വരെയുള്ള റെയില്‍ വഴിയുള്ള ദൂരം. നിര്‍ദിഷ്ട റെയില്‍ പാതക്ക് 83360 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
ദുര്‍ഘടമായ ഭൂമിശാസ്ത്രം തന്നെയാണ് പ്രധാന വെല്ലുവിളി. 74 തുരങ്കങ്ങള്‍, 124 വലിയ പാലങ്ങള്‍, 396 പാലങ്ങള്‍ എന്നിവയാണ് പാതയില്‍ ഉണ്ടാകുക. ഇതില്‍ ഒരു തുരങ്കത്തിന് മാത്രം 27 കിലോമീറ്ററായിരിക്കും നീളം. 10000 അടിയിലേറെ ഉയരത്തിലുള്ള കീലോങ്ങായിരിക്കും പാതയിലെ പ്രധാന റെയില്‍വേ സ്റ്റേഷന്‍. ഇതോടെ രാജ്യത്തെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേ സ്റ്റേഷനെന്ന പദവിയും കീലോങിന് ലഭിക്കും.
Post Your Comments