
വാഷിങ്ടണ്‍: ആണവശാസ്ത്രജ്ഞന്‍ ഹാരള്‍ഡ് ബ്രൗണ്‍ (91) ഓര്‍മ്മയായി. 18ാം വയസ്സില്‍ ഭൗതികശാസ്ത്രത്തില്‍ ബിരുദവും 22ാം വയസ്സില്‍ ഡോക്ടറേറ്റും നേടിയ ബ്രൗണ്‍ ആണവായുധ നിയന്ത്രണത്തിനായി നിലകൊണ്ട പ്രതിരോധ സെക്രട്ടറിയായിരുന്നു. പ്രതിരോധ സെക്രട്ടറിയാകുന്ന ആദ്യ ശാസ്ത്രജ്ഞനായിരുന്നു ഇദ്ദേഹം. യുഎസ് എയര്‍ ഫോഴ്‌സ് സെക്രട്ടറി, പ്രതിരോധ ഗവേഷണ ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ആണവായുധങ്ങളുടെ വിനാശ ശേഷിയെക്കുറിച്ചു വ്യക്തമായ ധാരണയുണ്ടായിരുന്ന ബ്രൗണ്‍ അവയുടെ നിയന്ത്രണത്തിനായി പരിശ്രമിച്ചു.
ജിമ്മി കാര്‍ട്ടര്‍ പ്രസിഡന്റായിരുന്നപ്പോള്‍ 1977 81 ല്‍ പ്രതിരോധ സെക്രട്ടറിയായിരുന്ന ബ്രൗണ്‍ റഷ്യയുമായി ആണവായുധ നിയന്ത്രണ കരാറിന് (സാള്‍ട്ട്2) ശ്രമിച്ചെങ്കിലും സെനറ്റിന്റെ പിന്തുണ നേടാനായില്ല. ബി1 ബോംബുകള്‍ നിര്‍മിക്കുന്നത് തടഞ്ഞ ബ്രൗണിന് സ്വന്തം പാര്‍ട്ടില്‍ നിന്നു പോലും കടുത്ത പഴി കേള്‍ക്കേണ്ടിവന്നു. 1979 നവംബറില്‍ ടെഹ്‌റാനിലെ യുഎസ് എംബസിയില്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള യുഎസ് ശ്രമം പരാജയപ്പെട്ടത് ബ്രൗണിന് കനത്ത ആഘാതമായി. തുടര്‍ന്ന് സോവിയറ്റ് യൂണിയന്‍ അഫ്ഗാനിസ്ഥാന്‍ കീഴടക്കിയതോടെയാണ് സെനറ്റിന്റെ പരിഗണനയിലിരുന്ന സാള്‍ട്ട്2 കരാര്‍ പിന്‍വലിക്കാന്‍ കാര്‍ട്ടര്‍ നിര്‍ബന്ധിതനാവുകയായിരുന്നു. കാലിഫോര്‍ണിയയിലെ റാഞ്ചോ സാന്റഫെയിലെ വസതിയിലായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം.
Post Your Comments