അടിയന്തരാവസ്ഥയുടെ തടവറയില്‍ എത്തുമ്പോള്‍ നിവേദിതയ്ക്ക് പ്രായം മൂന്നു വയസ്! 1975, അടിയന്തരാവസ്ഥയുടെ കരാളഹസ്തങ്ങള്‍ രാജ്യമെങ്ങും പിടിമുറുക്കിയ കാലം. ഇങ്ങ് ഗുരുവായൂരിലും ഇന്ദിര ഗാന്ധിയുടെ കാവല്‍ഭടന്മാര്‍ കറുത്ത പകലുകള്‍ ഒരുക്കിയിരുന്നു. പക്ഷേ എവിടെ നിന്നുമെന്നപോലെ ക്ഷേത്രനഗരിയിലും സമീപപ്രദേശങ്ങളിലും വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ജനസംഘത്തിന്റെ നേതൃത്വത്തില്‍ ആയിരുന്നു ഈ പ്രദേശങ്ങളില്‍ പ്രതിരോധമുയര്‍ത്തിയത്.
അതിന്റെ മുന്നണി പോരാളികളായിരുന്നു രാധ ബാലകൃഷ്ണനും ഭര്‍ത്താവ് ആണിടത്ത് ബാലകൃഷ്ണന്‍ നായരും. സ്വഭാവികമായും ഇരുവരും പൊലീസിന്റെ നോട്ടപ്പുള്ളികളായി.രാധയ്ക്കും ബാലകൃഷ്ണനും പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇവരെ പൂട്ടിയാല്‍ അണികളുടെ ആവേശം കുറയ്ക്കാമെന്ന് പൊലീസ് കണക്കുക്കൂട്ടി. പക്ഷേ അതേ രീതിയില്‍ തന്നെ ചിന്തിച്ചിരുന്ന രാധയും ബാലകൃഷ്ണനും പൊലീസിന്റെ വലയില്‍ വീഴാതെ കളം മാറ്റിക്കൊണ്ടിരുന്നു.
പാലക്കാട് നടന്ന സമരത്തില്‍ രാധയെ പോലീസ് അറസ്റ്റ് ചെയ്തു. പൊലീസിന്റെ പിടിയില്‍ ആകുമ്പോള്‍ രാധ ഒറ്റയ്ക്കായിരുന്നില്ല. കൂടെ ഒരു മൂന്നു വയസുകാരി മോളും ഉണ്ടായിരുന്നു, നിവേദിത. കുഞ്ഞിനെയും അമ്മയേയും വേര്‍പെടുത്താനായി പിന്നീട് പൊലീസിന്റെ ശ്രമം. പക്ഷേ ആ മാതൃത്വശക്തിക്കു മുന്നില്‍ പൊലീസിന് അടിയറവ് പറയേണ്ടി വന്നു. ഒടുവില്‍ കേരളത്തിലാകമാനം ജയിലിലായ 7314 പേരോടൊപ്പം രാധ ബാലകൃഷ്ണനും മകള്‍ മൂന്നുവയസുകാരി നിവേദിതയും പാലക്കാട് കോട്ടയില്‍ പ്രവര്‍ത്തിച്ചിരുന്ന ജയിലില്‍ അടയ്ക്കപ്പെട്ടു. ഒരു മാസത്തോളം തടവറയില്‍ കഴിയേണ്ടി വന്നു രാധയ്ക്ക്.
അത്രയും നാള്‍ അമ്മയോടും മറ്റു വനിതാ തടവുകാരോടും ഒപ്പം നിവേദിതയും അടിയന്തരാവസ്ഥയിലെ രാഷ്ട്രീയ തടവുകാരിയായി കോട്ടയിലെ ജയിലറയില്‍.1983ല്‍ നടന്ന നിലയ്ക്കല്‍ സമരത്തില്‍ മുന്നണി പോരാളികളായിരുന്നു രാധയും ബാലകൃഷ്ണനും. അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനു ശബരിമലയില്‍ പ്രവേശിപ്പിക്കാതെ തടഞ്ഞത് രാധയുടെ നേതൃത്വത്തിലായിരുന്നു. ആ അമ്മയുടെ വീര്യമൊട്ടും ചോരാത്ത മകളാണ് അഡ്വക്കേറ്റ് നിവേദിത. ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയത്തടവുകാരിയായെങ്കിലും അതേ വഴിയിലേക്ക് നിവേദിത വീണ്ടുമെത്തുന്നത് വര്‍ഷങ്ങള്‍ക്കിപ്പുറമായിരുന്നു.
മാംഗ്ലൂര്‍ സര്‍വ്വകലശാലയില്‍ നിന്നും നിയമ വിദ്യാഭ്യാസം പൂര്ത്തിയാക്കി. 1993ല്‍ വിവാഹം കഴിഞ്ഞു. അടുത്ത വര്‍ഷം ഭര്‍ത്താവിനോടൊപ്പം നിവേദിത വിദേശത്തേക്ക് പറന്നു. 15 വര്‍ഷത്തിനു ശേഷമാണ് പിന്നീട് നാട്ടില്‍ എത്തുന്നത്. നാട്ടിലുള്ളപ്പോഴാണ് അച്ഛന്റെ മരണം. പിന്നെ തിരികെപ്പോയില്ല. നാട്ടില്‍തന്നെ അഭിഭാഷകവൃത്തിയില്‍ തുടര്‍ന്നു. ഈ കാലയളവിലാണ് അമ്മ കിടപ്പിലാവുന്നത്. രോഗാവസ്ഥയില്‍ നാലര വര്‍ഷം ഒരേ കിടപ്പ്. 2012ല്‍ അമ്മ മരിച്ചു. അച്ഛന്റെയും അമ്മയുടെയും മരണം സൃഷ്ടിച്ച ആഘാതം കൂടാതെ വിധി വീണ്ടും നിവേദിതയ്ക്കായി ദുരന്തം കാത്തുവച്ചിരുന്നു.
ഒരു ആക്‌സിഡന്റില്‍ നിവേദിതയ്ക്ക് നഷ്ടമായത് ഭര്‍ത്താവിനെയും അദ്ദേഹത്തിന്റെ മാതാപിതാക്കളെയും. ഈ പ്രതിസന്ധികളിൽ നിന്നെല്ലാം കരുത്താർജ്ജിച്ചതാണ് അഡ്വക്കേറ്റ് നിവേദിത ഇപ്പോൾ ശബരിമല ആചാരാനുഷ്ടാനങ്ങൾക്ക് വിഘാതം വരാതെയിരിക്കാൻ പോരാടുന്നത്. കടകം പള്ളി സുരേന്ദ്രന്റെ ഗുരുവായൂരിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിലേക്ക് നാമജപ യാത്ര നടത്തിയതിനാണ് അഡ്വ. നിവേദിതയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. ഇന്നലെ പുലർച്ചെ പൊലീസ് ഭീകരരെ കസ്റ്റഡിയിലെടുക്കുന്നതു പോലെ വീടുവളഞ്ഞാണ് അഭിഭാഷക കൂടിയായ നിവേദിതയെ അറസ്റ്റ് ചെയ്തത്.
ഗുരുവായൂരിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കേസുകൾ ഇവരുടെ പേരിൽ ചുമത്തിയാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ നിവേദിതക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. തുടർന്നാണ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. എന്നാൽ ഇന്ന് ചാവക്കാട് മുൻസിഫ് കോടതിയാണ് നിവേദിതയ്ക്ക് ഉപാധികളില്ലാതെ ജാമ്യം അനുവദിച്ചത്.പോലീസ് തനിക്കെതിരെ കള്ളക്കേസാണ് എടുത്തിരിക്കുന്നതെന്നും ജനാധിപത്യത്തെ തകർക്കാനാണ് സർക്കാരും പോലീസും ശ്രമിക്കുന്നതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. നിവേദിതയെ അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധമായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്നത്.
Post Your Comments