Latest NewsDevotional

ശിവന്റെയും, ഉമാദേവിയുടെയും ശക്തി ഇവിടെ തുടര്‍ന്ന് വരുന്നതിന്റെ ഐതിഹ്യമിങ്ങനെ

കാടാമ്പുഴ ദേവിയെ കുറിച്ച് അറിയാത്തവര്‍ ചുരുക്കമായിരിക്കും. വളരെ പഴക്കമുള്ള അമ്പലങ്ങളില്‍ ഒന്നാണ് കാടാമ്പുഴ ദേവി ക്ഷേത്രം. ശ്രീകാടാമ്പുഴ ദേവീക്ഷേത്രം മലപ്പുറം ജില്ലയില്‍ തിരൂര്‍ താലൂക്കില്‍ മാറാക്കര പഞ്ചായത്തിലെ മേല്‍മുറി വില്ലേജിലാണ് സ്ഥിതി ചെയ്യുന്നത്. കാടന്‍ അമ്പ് എയ്ത ഉഴ – കാടാമ്പുഴ (ഉഴ-സ്ഥലം) എന്നതാണ് കാടാമ്പുഴ ആയിത്തീര്‍ന്നത്. കാട്ടിലെ അന്‍പിന്റെ (ദയ) ഉറവ എന്ന അര്‍ഥത്തിലാണ് കാടാമ്പുഴ എന്നു പറയുന്ന അര്‍ത്ഥം ഉണ്ട്.

അര്‍ജ്ജുനനും പരശുരാമനും തമ്മില്‍ യുദ്ധം നടന്ന സ്ഥലമാണ് ഇത്. അതിനു പിന്നില്‍ ഒരു കഥയുണ്ട്. പാണ്ഡവര്‍ ചൂതുകളിയില്‍ തോറ്റപ്പോള്‍ അവരെ പതിമൂന്നു കൊല്ലത്തെ വനവാസത്തിന് പറഞ്ഞയച്ചു. വനവാസത്തിനു ശേഷവും കൗരവര്‍ രാജ്യം തിരിച്ച് നല്‍കിയില്ലെങ്കില്‍ അവരുമായി യുദ്ധം അനിവാര്യമായാല്‍ പ്രബലരായ കൗരവരെ ജയിക്കാന്‍ ദിവ്യായുധങ്ങള്‍ വേണ്ടിവരുമെന്ന് പാണ്ഡവര്‍ കരുതി. അതിനുവേണ്ടി പരമശിവനെ പ്രസാദിപ്പിച്ച് പാശുപതാസ്ത്രം കരസ്ഥമാക്കാന്‍ അര്‍ജ്ജുനന്‍ ഇവിടെ തപസ്സ് ചെയ്തു. അദ്ദേഹത്തിന്റെ തപസ്സുകൊണ്ട് മനസ്സലിഞ്ഞ ഉമാ പാശുപതാസ്ത്രം കൊടുക്കണമെന്ന് പരമശിവനോട് അപേക്ഷിച്ചു. അദ്ദേഹത്തെ പരീക്ഷിച്ചതിനു ശേഷം മാത്രമേ അസ്ത്രം കൊടുക്കാന്‍ പറ്റു എന്ന് പരമശിവന്‍ പറഞ്ഞു. അതിനുവേണ്ടി അര്‍ജ്ജുനനുമായി ഒരുയുദ്ധം നടത്തണം. അതിനായി ഭഗവാന്‍ കാട്ടാള വേഷം കൈക്കൊണ്ട് പുറപ്പെട്ടു. ഉമാദേവി കാട്ടാളത്തിയുടെ രൂപമെടുത്ത് ഭഗവാനെ അനുഗമിച്ചു. അവര്‍ അര്‍ജ്ജുനന്‍ തപസ്സിനിരിക്കുന്ന സ്ഥലത്ത് വന്നു. അര്‍ജ്ജുനനെ വധിക്കാനായി ദുര്യോധനന്റെ കല്‍പന പ്രകാരം മുകാസുരന്‍ ഒരു പന്നിയുടെ വേഷത്തില്‍ അവിടെ എത്തിച്ചേര്‍ന്നു. പന്നി അര്‍ജ്ജുനനെ ആക്രമിക്കാന്‍ മുതിര്‍ന്നപ്പോള്‍ അര്‍ജ്ജുനനും അതേ സമയം തന്നെ കാട്ടാള വേഷധാരിയായ പരമശിവനും പന്നിയുടെ നേര്‍ക്ക് അമ്പെയ്തു.

അമ്പേറ്റ് പന്നിവേഷം ധരിച്ച മുകാസുരന്‍ മരിച്ചു. തന്റെ അസ്ത്രമേറ്റാണ് അസുരന്‍ മരിച്ചതെന്ന് അര്‍ജ്ജുനനും കാട്ടാളവേഷധാരിയായ പരമശിവനും അവകാശ വാദം ഉന്നയിച്ചു. തര്‍ക്കം മൂത്ത് യുദ്ധത്തിലെത്തി രണ്ടുപേരും അസ്ത്ര പ്രയോഗം തുടങ്ങി. വില്ലാളി വീരനായ അര്‍ജ്ജുനന്റെ അസ്ത്രപ്രയോഗത്തിന്റെ തീക്ഷണതയില്‍ ഭഗവാന്‍ ക്ഷീണിതനായി. ഇതുകണ്ട ഉമാദേവി അര്‍ജ്ജുനന്റെ അസ്ത്രങ്ങളെല്ലാം പുഷ്പങ്ങളായിത്തീരട്ടെ എന്ന് ശപിച്ചു. എങ്കിലും അര്‍ജ്ജുനന്‍ പുഷ്പവര്‍ഷം ചെയ്ത് ഭഗവാനെ പൂക്കളള്‍ കൊണ്ട് മൂടി ശ്വാസം മുട്ടിച്ചു. അപ്പോള്‍ ദേവി അര്‍ജ്ജുനന്റെ ആവനാഴിയിലെ പുഷ്പങ്ങളും ഇല്ലാതാക്കി. അര്‍ജ്ജുനന്‍ വില്ലുകൊണ്ടും മുഷ്ടികൊണ്ടും യുദ്ധം തുടര്‍ന്നു ഗത്യന്തരമില്ലാതായപ്പോള്‍ ഭഗവാന്‍ അര്‍ജ്ജുനനെ മുഷ്ടികൊണ്ട് ഉഗ്രമായൊന്ന് പ്രഹരിച്ചു. പ്രഹരമേറ്റ അര്‍ജ്ജുനന്‍ ബോധരഹിതനായി വീഴുകയും ദേവി മോഹലാസ്യത്തില്‍ നിന്ന് ഉണര്‍ത്തുകയും ചെയ്തു. താന്‍ ആരോടാണ് എതിരിട്ടതെന്ന് ബോധ്യമായി ഉടന്‍ തന്നെ ഭഗവാന്റെ കാല്‍ക്കല്‍ വീണ് താന്‍ ചെയ്ത തെറ്റു ക്ഷമിക്കണമെന്ന് അപേക്ഷിച്ചു. കാട്ടാളരൂപിയായ പരമേശ്വരനും കിരാതരൂപിണിയായ പാര്‍വ്വതിയും സന്തുഷ്ടരായി അര്‍ജ്ജുനന്‍ ആവശ്യപ്പെട്ട പ്രകാരം പാശുപതാസ്ത്രം നല്‍കി അനുഗ്രഹിച്ചയച്ചു.

അര്‍ജ്ജുനന്‍ അസ്ത്ര പുഷ്പങ്ങള്‍ കൊണ്ട് ഭഗവാനെ മൂടിയതിനെ അടിസ്ഥാനമാക്കിയാണ് പൂമൂടല്‍ എന്ന വഴിപാട് ഇവിടെ പ്രധാനമായിത്തീര്‍ന്നത് എന്നാണ് ഒരു ഐതിഹ്യം. ഈ ഐതിഹ്യം ശരിവയ്ക്കുന്നതിനായി കാടാമ്പുഴ ക്ഷേത്രത്തില്‍ രണ്ടു നാഴിക ദൂരത്ത് ക്ഷേത്രത്തിന് നേരെ പടിഞ്ഞാറായി അമ്പും വില്ലും ധരിച്ച് കിരാതരൂപിയായ ശിവനെ പ്രതിഷ്ഠിച്ചിട്ടുള്ള ഒരു ക്ഷേത്രം ഇപ്പോഴും നിലവിലുണ്ട്. കാട്ടാളരൂപികളായ ശിവന്റെയും, ഉമാദേവിയുടെയും ശക്തി ഇവിടെ തുടര്‍ന്നു വരുന്നു. ലക്ഷോപലക്ഷം ഭക്തര്‍ അനുഗ്രഹത്തിനായി ഇവിടെയെത്തുന്നു.

shortlink

Post Your Comments


Back to top button