Latest NewsIndia

പാലിന്റെ പരിശുദ്ധി അളക്കാന്‍ ഇനി പുതിയ മാര്‍ഗം

ഗുവാഹത്തി:പാല്‍ ഇന്ത്യയില്‍ ധാരാളമായി ഉപയോഗിക്കപ്പെടുന്ന ഒരു ഭക്ഷ്യവസ്തുവാണ്. അത് കേടുവന്നതാണോ എന്ന് പരിശോധിച്ചറിയാനുള്ള സംവിധാനങ്ങള്‍ വിരളമാണ്. എന്നാല്‍ പാലിന്റെ ശുദ്ധതയും പാസ്ചുറൈസേഷന്റെ നിലവാരവും കൃത്യമായി കണ്ടെത്താന്‍ കഴിയുന്ന പേപ്പര്‍ കിറ്റ് ഗുവാഹത്തി ഐഐടിയെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. സ്മര്‍ട്ട് ഫോണ്‍ ആപ്പിന്റെ സഹായത്തോടെയാണ് കിറ്റ് പ്രവര്‍ത്തിക്കുന്നത്. പാല് കേടാവുന്നതിന് മുമ്പ് ഉപയോഗിക്കാന്‍ കിറ്റ് സഹായിക്കും.സാധാരണഗതിയില്‍ സ്പെക്ട്രോഫോട്ടോമീറ്റര്‍ പോലുള്ള ഉപകരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ പാല്‍ കേടായോ എന്നും മറ്റും അറിയാന്‍ സാധിക്കുകയുള്ളൂ.

എന്നാല്‍ ഐഐടിയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്ന കിറ്റ് ഉപയോഗിച്ച് ഈ പ്രതിസന്ധി അനായാസം മറികടക്കാന്‍ സാധിക്കും. ആല്‍ക്കലൈന്‍ ഫോസ്ഫേറ്റ് പാലിന്റെ ഗുണമേന്മ നിര്‍ണ്ണയിക്കുന്ന ഘടകമാണ്. പാസ്ചുറൈസേഷന് ശേഷവും പാലില്‍ അടങ്ങിയിരിക്കുന്ന സൂക്ഷ്മാണുക്കളെ ആല്‍ക്കലൈന്‍ ഫോസ്ഫേറ്റിന്റെ അളവില്‍ നിന്ന് മനസ്സിലാക്കാനാകും. സാധാരണ ഫില്‍റ്റര്‍ പേപ്പറില്‍ ചില രാസവസ്തുക്കള്‍ ചേര്‍ത്താണ് കിറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഇത് പാലിലെ ആല്‍ക്കലൈന്‍ ഫോസ്ഫേറ്റുമായി പ്രവര്‍ത്തിക്കും. ഇതോടെ പേപ്പര്‍ സെന്‍സറിന്റെ നിറം മാറും.ആപ്പ് ഉപയോഗിച്ച് ഇതിന്റെ ഫോട്ടോ എടുക്കുക. ആപ്പ് നിറം വിലയിരുത്തി പാലിന്റെ ഗുണമേന്മ അടക്കമുള്ള വിവരങ്ങള്‍ ലഭ്യമാക്കും. പാസ്ചുറൈസ് ചെയ്ത പാലും അല്ലാത്തതും തമ്മില്‍ തിരിച്ചറിയാന്‍ ഇതിന് കേവലം 15 മിനിറ്റ് സമയം മതി. വീടുകളിലും മറ്റിടങ്ങളിലും ഒരുപോലെ ഉപയോഗിക്കാമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഒരു സെന്‍സറിന് 80 രൂപ മുതല്‍ 125 രൂപ വരെയാണ് വില വരുന്നത്.

shortlink

Post Your Comments


Back to top button