Latest NewsKerala

പ്രണയവും സിനിമാകഥയെ വെല്ലുന്ന സൂപ്പര്‍ ക്ലൈമാക്‌സും : തൊടുപുഴയില്‍ നടന്ന സംഭവ കഥ ഇങ്ങനെ

ഇടുക്കി: ഈ പ്രണയത്തിന് സിനിമാകഥയെ വെല്ലുന്ന സൂപ്പര്‍ ക്ലൈമാക്സ്. തൊടുപുഴയില്‍ നടന്ന സംഭവ കഥ ഇങ്ങനെ. തന്റെ താമസസ്ഥലത്തു നിന്നും പെണ്‍കുട്ടിയെ അച്ഛന്‍ ഇറക്കിക്കൊണ്ടു പോയതറിഞ്ഞ് കാമുകന്‍ ആംബുലന്‍സില്‍ പിന്നാലെയെത്തിയാണ് റാഞ്ചിയത്. സംഭവം കണ്ടുനിന്ന നാട്ടുകാരും പോലീസും എല്ലാം വിഷയത്തില്‍ ഇടപെട്ടതോടെ മണിക്കൂറുകള്‍ നീണ്ട സംഭവങ്ങളാണ് ഇരുവരെയും ചുറ്റിപ്പറ്റി അരങ്ങേറിയത്.

തൊടുപുഴ മൂവാറ്റുപുഴ റൂട്ടില്‍ ആനിക്കാട് പള്ളിക്കവലയിലാണ് നായകനും നായികയും നായികയുടെ പിതാവും പോലീസും നാട്ടുകാരും ആംബുലന്‍സും ട്രാഫിക് ബ്ളോക്കുമെല്ലാം ചേര്‍ന്ന് സിനിമാ ക്ലൈമാക്സുപോലെ ആള്‍ക്കൂട്ടം നിറഞ്ഞ മാസ് രംഗങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം.

മൂന്ന് മാസം മുമ്പ് മുതല്‍ ഒരുമിച്ചു ജീവിക്കുകയായിരുന്ന തൊടുപുഴ സ്വദേശിനിയും മണക്കാടുള്ള യുവാവുമാണ് കഥയിലെ നായികാനായക•ാര്‍. മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായി സേവനം അനുഷ്ടിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലായത്. ഇരുകുടുംബങ്ങളും ബന്ധത്തില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയതോടെ മൂന്നുമാസം മുന്‍പ് യുവതിയും യുവാവും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മകളെ പിന്തിരിപ്പിക്കാന്‍ മാതാപിതാക്കള്‍ പലവട്ടം ശ്രമിച്ചിട്ടും ഫലമുണ്ടായില്ല.

ഇന്നലെ രാവിലെ തൊടുപുഴയില്‍ ഇവര്‍ താമസിക്കുന്ന വീട്ടിലെത്തിയ പിതാവ് മകളെ അനുനയിപ്പിച്ച് ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. വിവരം അറിഞ്ഞ കാമുകന്‍ ആംബുലന്‍സില്‍ സുഹൃത്തുക്കളുമായി പിന്തുടര്‍ന്നു. ആനിക്കാട് ബൈക്കിനു കുറുകെ ആംബുലന്‍സ് നിര്‍ത്തി യുവതിയെ മടക്കി കൊണ്ടുപോകാന്‍ യുവാവ് ശ്രമിച്ചതോടെ ബഹളമായി. ബഹളം മൂത്തതോടെ കൂടുതല്‍ ആളുകള്‍ തടിച്ചുകൂടിയത് ഈ റൂട്ടില്‍ ഗതാഗതസ്തംഭനത്തിനും ഇടയാക്കി. നാട്ടുകാരും ജനപ്രതിനിധികളും സംഭവസ്ഥലത്ത് എത്തിയതോടെ വിവരം പോലീസില്‍ അറിയിച്ചു.

ഒടുവില്‍ പോലീസ് സ്ഥലത്തെത്തി യുവതിയേയും പിതാവിനേയും കാമുകനേയും സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കാമുകനൊപ്പം പോകാനാണ് താല്‍പര്യമെന്ന് യുവതി പോലീസിനെ അറിയിക്കുകയായിരുന്നു. തങ്ങള്‍ വിവാഹിതരാണെന്ന് യുവാവും പറഞ്ഞു. എന്നാല്‍ വിവാഹരേഖകള്‍ കാണണമെന്ന ആവശ്യമാണ് പിതാവ് ഉയര്‍ത്തിയത്. യുവതിയുടെ ഇഷ്ടപ്രകാരം മാത്രമേ തീരുമാനമെടുക്കാനാവൂ എന്ന് പോലീസും നിലപാട് സ്വീകരിച്ചു. ഏറെ നേരത്തെ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ യുവതിയെ കാമുകനൊപ്പം വിടാന്‍ പോലീസ് അനുവദിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയും കാമുകനും ആംബുലന്‍സില്‍ തന്നെ തൊടുപുഴയ്ക്ക് മടങ്ങിയതോടെ താല്‍ക്കാലികമായി നാടകീയ സംഭവങ്ങള്‍ക്ക് തിരശ്ശീല വീഴുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button