Latest NewsKerala

വിമാനത്താവളത്തിൽ മൊബൈൽ ഫോൺ മോഷണം ; സിസിടിവി ദൃശ്യങ്ങളിൽ പ്രതി കുടുങ്ങി

കൊച്ചി : യാത്രക്കാരന്റെ കയ്യിൽനിന്നും വീണുപോയ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി സിസിടിവി ദൃശ്യങ്ങളിൽ കുടുങ്ങി. സിഐഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടിയ ഇയാളെ പിന്നീടു ഉടമയെ വിമാനത്താവളത്തിൽ വിളിച്ചുവരുത്തി ഫോൺ കൈമാറി.

കൊച്ചി വിമാനത്താവളത്തിൽ ഇന്നലെ രാവിലെ ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ കൊളംബോയിൽ നിന്നെത്തിയ മൂവാറ്റുപുഴ സ്വദേശി ഷാജി പോളിന്റേതാണ് ഫോൺ. ടെർമിനലിൽനിന്നു പുറത്തിറങ്ങി വാഹനം വരുന്നതും കാത്ത് സീറ്റിലിരുന്ന ഷാജിയുടെ കയ്യിൽനിന്നു ഫോൺ അറിയാതെ താഴെ വീഴുകയായിരുന്നു.

പിന്നീട് ഇവിടെനിന്നു മാറിയശേഷം ഫോൺ അന്വേഷിച്ചപ്പോൾ കാണാതിരുന്നതിനാൽ ടെർമിനൽ മാനേജർക്കും നെടുമ്പാശേരി പോലീസിലും പരാതി നൽകി. സിഐഎസ്എഫിന്റെ സിസിടിവി നിരീക്ഷണവിഭാഗത്തിലും വിവരമറിയിച്ചു. നിരീക്ഷണ വിഭാഗം ഷാജിയുടെ നീക്കങ്ങൾ നിരീക്ഷിച്ചപ്പോൾ സീറ്റിനടിയിലേക്കു ഫോൺ വീഴുന്നതും പിന്നീടുവന്ന ഒരു സംഘമാളുകളിൽ ഒരാൾ ഫോൺ എടുക്കുന്നതും കണ്ടെത്തി. ഈ സംഘം വാഹനത്തിൽ കയറി പോകുന്നതും കണ്ടെത്തി.

വണ്ടിയുടെ നമ്പർ കണ്ടുപിടിച്ച് ഉടമയെ വിളിക്കാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിൽതന്നെ ഫോൺ നമ്പറുള്ളതു സിസിടിവി ദൃശ്യത്തിൽനിന്നു ലഭിച്ചു. ഈ നമ്പറിൽ വിളിച്ച് ഉടമയിൽനിന്നു ഡ്രൈവറുടെ നമ്പറെടുത്തു വിളിച്ചപ്പോഴേക്കും വാഹനം കാലടിയിലെത്തിയിരുന്നു. ഒന്നു വിരട്ടിയപ്പോൾ ഫോണെടുത്ത പെരുമ്പാവൂർ സ്വദേശിയായ യാത്രക്കാരൻ കുറ്റം സമ്മതിച്ചു. സിഐഎസ്എഫിന്റെ നിർദേശാനുസരണം വിമാനത്താവളത്തിൽ മടങ്ങിയെത്തിയ ഇയാൾ ഫോൺ ഉടമയ്ക്കു കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button