മുസാഫര്‍നഗര്‍: ഉത്തര്‍ പ്രദേശില്‍ വിവാദമായി ഫത്‌വ. ഏത് ചടങ്ങിന്റെ ഭാഗമായിട്ടാണെങ്കിലും പുരുഷനും സ്ത്രീയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഇസ്ലാമിന് വിരുദ്ധമാണെന്ന് കാണിച്ച് ഇറക്കിയ ഫത്‌വയാണ് വിവാദത്തിലായത്. ഉത്തര്‍പ്രദേശിലെ ദേവ്ബന്ദ് ദാറുല്‍ ഉലൂമാണ് ഇത് പുറത്തിറക്കിയത്. സ്ത്രീയും പുരുഷനും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാമോയെന്ന് ചോദിച്ച് ഒരു വിശ്വാസിക്കുള്ള മറുപടിയായിട്ടാണ് അധികൃതര്‍ ഫത്‌വ ഇറക്കിയത്.
വിവാഹസല്‍ക്കാരങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികളില്‍ പുരുഷനും സ്ത്രീയും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാറുണ്ട്, ഇത് ഇസ്ലാം വിശ്വാസപ്രകാരം അംഗീകരിക്കപ്പെട്ടതാണോ എന്നായിരുന്നു വിശ്വാസിയുടെ ചോദ്യം. അതേസമയം ശരീഅത്ത് നിയമപ്രകാരം ഇസ്ലാം ഇക്കാര്യം അംഗീകരിക്കുന്നില്ലെന്നും, ഇത്തരം നടപടികള്‍ മുസ്ലീം സമുദായത്തെ തന്നെ നശിപ്പിക്കുന്നതിനാല്‍ മുസ്ലീം ആയ ഒരാളും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യരുതെന്നും ഫത്‌വയില്‍ ദാറുല്‍ ഉലൂം വ്യക്തമാക്കി.
ഫത്‌വയ്ക്ക് പിന്തുണയുമായി ദേവ്ബന്ദിലെ പ്രധാന പുരോഹിതനായ മുഫ്തി അത്തര്‍ ഖാസ്മിയും രംഗത്തെത്തി. അന്യപുരുഷന്മാരോടൊപ്പം വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതും പുരുഷന്മാര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നതും സ്ത്രീകള്‍ക്ക് അത്ര നല്ലതല്ലെന്നും ഇത് ഇസ്ലാമിന് വിരുദ്ധമാണെന്നു തന്നെയാണ് അദ്ദേഹത്തിന്റേയും അഭിപ്രായം.
ഇന്ത്യയിലെ തന്നെ ഏറ്റവും പരമ്ബരാഗതമായ മുസ്ലീം വിദ്യാഭ്യാസ സ്ഥാപനമാണ് ദേവ്ബന്ദ് ദാറുല്‍ ഉലൂം. രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍
ഇവിടെ പഠിക്കുന്നുണ്ട്്. നേരത്തേ അന്യപുരുഷന്മാര്‍ നില്‍ക്കുന്ന കടകളില്‍ പോയി സ്ത്രീകള്‍ വള വാങ്ങരുതെന്നും, അന്യപുരുഷന്മാരെ കൈകളില്‍ തൊടാന്‍ സ്ത്രീകള്‍ അനുവദിക്കരുതെന്നും കാണിച്ച് ദവ്ബന്ദ് ദാറുല്‍ ഉലും പുറത്തിറക്കിയ ഫത്‌വകള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
Post Your Comments